വിജയദശമി ആശംസകൾ

|By രവി വാരിയത്ത്|
ഞങ്ങളുടെ വീടിന്റെ മുൻ ഭാഗത്തുള്ള വിശാലമായ നെൽപ്പാടത്തിന്റെ തെക്കെ അറ്റത്തുള്ള ദൊരൈ സ്വാമിയാരുടെ മഠത്തിലാണ് ഞങ്ങൾ പുസ്തകം പുജക്ക് വെക്കാറുള്ളത്. തെക്കോട്ട് വിരൽ ചൂണ്ടി അതാ ആ കാണുന്നതാണ് നമ്മുടെ ഹിമാലയം എന്ന് മുത്തശ്ശി പറഞ്ഞു തരാറുള്ള ഞെട്ടാണി കുന്നിന്റെ താഴ് വാരത്തിലായിരുന്നു ആ മഠം. പ്രകൃതി മയൂര നർത്തനമാടുന്ന സ്ഥലം... കാണാൻ എന്താ ചന്തം. മഹാനവമിയുടെ തലേദിവസം സന്ധ്യക്ക് വൃത്തിയായി പൊതിഞ്ഞ പുസ്തക കെട്ടുകളുമായി ഞങ്ങൾ കുട്ടികൾ അവിടെയെത്തും.. ദേശത്തെ പത്തിരുപത്തിയഞ്ച് വീട്ടുകാർ അവിടെയാണ് പുസ്തകം പൂജക്ക് വെക്കുന്നത്. പുസ്തക കെട്ടുകൾ മാറി പോവാതിരിക്കാനായ അതിന്റെ മുകളിൽ വലിയ അക്ഷരത്തിൽ വീട്ട് പേര് എഴുതി ഒട്ടിച്ചിട്ടുണ്ടാവും. ചില കുട്ടികളുടെ പുസ്തക കെട്ടുകൾ ചുവന്നതോ, മഞ്ഞയോ നിറമുള്ള പട്ടുതുണി കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ടുണ്ടാവും. ചുറ്റുവട്ടത്തുള്ള കുട്ടികളുമായി ഒത്തുചേരലും മഠത്തിന്റെ കരിങ്കല്ല് പാകിയ മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിൻ ചോട്ടിൽ കളിക്കലുമായിരുന്നു പുസ്തകം പൂജിക്കുന്നതി നേക്കാൾ ഞങ്ങൾക്ക് താൽപ്പര്യം.
പിറ്റേദിവസം നവരാത്രിയാണ്.
എഴുതാനും വായിക്കാനും പാടില്ല. വർഷത്തിൽ ഒരേ ഒരു ദിവസമാണ് അച്ഛനും അമ്മയും ഇന്ന് എഴുതരുത് വായിക്കരുത് എന്ന് പറയാറുള്ളത്. എന്നും നവരാത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ മോഹിച്ചിരുന്ന കാലമായിരുന്നു അത്. സന്ധ്യക്ക് പുസ്തകങ്ങൾ സ്വാമിയാരെ ഏൽപ്പിച്ചാൽ പിറ്റേദിവസം രാവിലെ എല്ലാവരും അവിടെയെത്തും. ആൺകുട്ടികൾ നെറ്റിയിൽ ഗോപി ക്കുറിതൊട്ടിരിക്കും. പെൺ കുട്ടികൾ ഈറൻ മുടിയോടെ പൊട്ട് തൊട്ട് കണ്ണഴുതിയിട്ടുണ്ടാവും. അപ്പോൾ മഠത്തിന്റെ മുറ്റത്താകെ കൈതപ്പുവിന്റെ വാസന നിറഞ്ഞിരിക്കും. അകത്ത് കത്തിക്കുന്ന ചന്ദനത്തിരിയുടെ വാസനയാണത്.
കുട്ടികൾ എല്ലാം മുറ്റത്ത് ബഹളം കൂട്ടുകയും ഓടിക്കളിക്കുകയും ചെയ്യുന്നതിനിടക്ക് അകത്ത് നിന്ന് ദീപാരാധനയുടെ മണിയടി കേൾക്കാം. അതോടെ എല്ലാവരും ഓടി പുസ്തകം വെച്ചിരിക്കുന്ന നടുത്തളത്തിലെത്തും. എല്ലാവരും നന്നായി തൊഴണം എന്ന് മൂത്തവർ പറയും. അത് കേട്ടാലും പരസ്പ്പരം അടക്കം പറച്ചിലും കുസൃതി ചിരികളും കേൾക്കാം. അൽപ്പ സമയം കഴിഞ്ഞാൽ എല്ലാവർക്കും ചീന്തിലകളിൽ ചൂടുള്ള നെയ്പായസവും അവിലും മലരും കിട്ടും. ആൺ കുട്ടികൾ അവിലും മലരും പോക്കറ്റിലിടും. പെൺകുട്ടികൾ അവ കടലാസിൽ പൊതിഞ്ഞു പിടിക്കും.ഉറുളിയിൽ നിന്നെടുത്തു തന്ന പായസത്തിന്റെ ചൂട് ഇല ചീന്തിലൂടെ ഉള്ളം കയ്യിലേക്ക് ആഴ്ന്നിറങ്ങും. വലതു കൈവിരലുകളിൽ നെയ്യ് പായസം ഒട്ടിപിടിക്കും. നാവ് പൊള്ളും. എങ്കിലും ആ പായസം കഴിക്കുമ്പോഴുള്ള സ്വാദ്...സുഖം... സന്തോഷം അതൊന്നും പിന്നീട് ഇന്നുവരെ അനുഭവിച്ചിട്ടില്ല..
പിറ്റേദിവസം വിദ്യാരംഭമാണ്. ഞങ്ങൾ എല്ലാവരും അതി രാവിലെ അവിടെയെത്തും. അപ്പോഴേക്കും അകത്ത് പൂജ തുടങ്ങും. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരിക്കും അവിടെ. ചില കുട്ടികളെ എഴുത്തിനിരുത്താനുണ്ടാവും. അവരെ അച്ഛനമ്മമാർ തങ്ങളോട് ചേർത്തും, ഒക്കത്ത് വെച്ചും നിൽപ്പുണ്ടാവും. നടുത്തളത്തിൽ നിന്നും നേരീയ മന്ത്രധ്വനികൾ മുഴങ്ങും. മണിയടി കേൾക്കും, കർപ്പുര ഗന്ധം നിറയും, കൂട്ടത്തോടെ വിരിഞ്ഞ കൈത പൂക്കളുടെ വാസന പടരും.
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ....
എന്ന ശ്ലോകം ചൊല്ലി സ്വാമിയാർ കർപ്പൂര ദീപമുഴിഞ്ഞ് പുസ്കങ്ങളിലേക്ക് സരസ്വതി ദേവിയെ ആവാഹിച്ചിരുത്തുമ്പോൾ
സരസ്വതി നിൻ ചരണാരവിന്ദം
ശിരസ്സിൻ വെച്ചിട്ടി ഹ കുമ്പിടുന്നേൻ
പഠിച്ചതൊന്നും പിഴവാതിരിപ്പാൻ വരപ്രസാദം തരികന്റെ ദേവി
എന്ന് കുട്ടികൾ ഒരു മിച്ച് ചെല്ലും.
പൂജ കഴിഞ്ഞാൽ കുട്ടികൾക്ക് പായസം കിട്ടും അവിലും മലരും ഒരു കഷ്ണം കരിമ്പും കിട്ടും. ദൊരൈസ്വാമിയാരുടെ അമ്മിയാരാണ് പ്രസാദം തരിക. അവരെ കാണാൻ തന്നെ എന്തൊരു ശ്രീത്വമായിരുന്നു. പട്ടുസാരിയും, വെള്ളികെട്ടിയ മുടിയിഴകളും നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടും അതിലുപരി പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയും. എന്തോ ഒരു തേജസ് ആ മുഖത്തുള്ള പോലെ തോന്നുമായിരുന്നു. അവർ തരുന്ന പ്രസാദം കഴിച്ച് കൈ കഴുകി ശുദ്ധമാക്കി വീട്ടുപേര് വായിക്കുന്നതനുസരിച്ച് കുട്ടികൾ ദക്ഷിണ കൊടുത്ത് അവരവരുടെ പുസ്തക കെട്ടുകൾ വാങ്ങും. പുസ്തകം കിട്ടിയവർ കൂട്ടുകാർക്ക് വേണ്ടി മഠത്തിന്റെ പടിപ്പുരയിൽ കാത്ത് നിൽക്കും.
എല്ലാവരും എത്തി കഴിഞ്ഞാൽ നീണ്ട പരന്ന പാടത്തിന്റെ നടുവരമ്പിലൂടെ പത്തിരുപത് കുട്ടികൾ പുസ്തക കെട്ടുകൾ മാറോട് ചേർത്തും നെറുകയിൽ വെച്ചും ഓരോ തമാശകൾ പറഞ്ഞ് ചിരിച്ചും പോകുന്ന കാഴ്ച്ച അറുപത് വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ചിതലരിക്കാത്ത ഓർമ്മകളിൽ കാണുമ്പോൾ എന്തു കൊണ്ടോ ശൗരി കണ്ണു നീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ
കരഞ്ഞിട്ടുള്ളു എന്ന പോലെ ഞാനും.........
എല്ലാവർക്കും എന്റെ വിജയദശമി ആശംസകൾ

Comments