വിജയത്തിലേക്കുള്ള വഴികൾ

വൈഭവ് സൂര്യവംശി ക്രിക്കറ്റിലെ അത്ഭുതബാലൻ. 2024 ജനുവരിയിൽ, 13 വയസ്സു തികയുംമുൻപ് ബിഹാറിനുവേണ്ടി മുംബൈയ്ക്കെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബാറ്റ്സ്മാനായിഅരങ്ങേറ്റം കുറിച്ചു. 2026 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ 15 വയസ്സും 99 ദിവസവും പ്രായത്തിൽ രാഷ്ട്രാന്തരക്രിക്കറ്റിലെത്തി. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രാന്തര ക്രിക്കറ്ററെന്ന റെക്കോർഡിട്ടു. സച്ചിൻ ടെൻഡുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോർഡാണു വൈഭവ് മറികടന്നത്. ഏതു കൊലകൊമ്പൻ ബൗളർ വന്നാലും കൂസലില്ലാതെ അടിച്ചുതകർക്കുന്ന പയ്യൻ. പക്ഷേ വർഷങ്ങളോളം ആഗ്രഹത്തോടെ ശ്രമിച്ചിട്ടും സാധാരണ ബൗളർക്കെതിരെ പോലും വേണ്ടവിധം ബാറ്റു വീശാൻ ചിലർക്കു കഴിയുന്നില്ല.
അധ്യാപകന്റെ ക്ലാസിൽ രണ്ടു പേർ ശ്രദ്ധിച്ചുകേട്ടു പഠിക്കുന്നു. ഹോസ്റ്റലിലെത്തി തുല്യനേരം പഠിക്കുന്നു. പരീക്ഷ വന്നപ്പോൾ ഒരാൾക്കു 95 മാർക്ക്. മറ്റേയാൾക്ക് 9 മാർക്ക്. മുന്നറിവിലെ വ്യത്യാസമടക്കം പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം. വർഷങ്ങളോളം സംഗീതം പഠിച്ചിട്ടും മിക്കവർക്കും എംഎസ് സുബ്ബുലക്ഷ്മിയോ, ലതാ മങ്കേഷ്കറോ, കെഎസ് ചിത്രയോ ആകാൻ കഴിയുന്നില്ല.
ആശയഗ്രഹണശേഷി, ജന്മവാസന, ബുദ്ധിശക്തി, ലക്ഷ്യബോധം, കുടുംബപശ്ചാത്തലം, സ്ഥിരപരിശ്രമം, സഹായികൾ, വിജയിക്കണമെന്ന ദൃഢനിശ്ചയം, ആത്മവിശ്വാസം ഇവയിൽ പലതും അനുകൂലമായി ഒത്തുചേരുമ്പോഴാണ് പലപ്പോഴും വിജയം രൂപംകൊള്ളുന്നത്.
പക്ഷേ ഒന്നാന്തരം സാഹചര്യം ലഭിച്ചാലും, അതു പ്രയോജനപ്പെടുത്താതെ മടിപിടിച്ച്, താത്കാലികസുഖം തേടി അവസരങ്ങൾ നഷ്ടപ്പെടുത്തുന്നവരുണ്ട്. പിൽക്കാലത്തു വിജയിയെ നോക്കി, 'അന്നു ക്ലാസിൽ അവനെക്കാൾ കൂടുതൽ മാർക്കു കിട്ടാറുള്ളത് എനിക്കാണ്. അവൻ്റെ ഭാഗ്യം, അല്ലാതെന്താ?' എന്ന മട്ടിൽ നിരന്തരം സംസാരിച്ച് ആശ്വാസം കാണുന്നതു പരാജിതൻ്റെ രീതിയാണ്. നമുക്കതു വേണോ?
'ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
ന ഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ' (ഹിതോപദേശം - 1 : 36)
വിവേകത്തിന്റെ ഈ വരികൾ പഞ്ചതന്ത്രത്തിലുമുണ്ട്. 'പ്രയത്നം കൊണ്ടാണ് കാര്യങ്ങൾ സാധിക്കുന്നത്; വെറും ആഗ്രഹങ്ങൾകൊണ്ടല്ല. ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ വായിലേക്ക് മാനുകൾ സ്വയം പ്രവേശിക്കുകയില്ല'. അനുകൂലസാഹചര്യങ്ങളുണ്ടെങ്കിലും പ്രയത്നിച്ചാൽ മാത്രമേ നമുക്കു വിജയിക്കാൻ കഴിയൂ എന്ന സൂചന.
ലൂയിസ് കാരളിൻ്റെ 'ആലിസ് അത്ഭുതലോകത്തിൽ എന്ന പ്രശസ്ത ബാലസാഹിത്യകൃതിയിലെ ഒരു സംവാദത്തിൻ്റെ ചുരുക്കം കേൾക്കുക.
ആലിസ് ചെഷയർ പൂച്ചയോട് : 'ഇവിടെനിന്ന് ഞാൻ ഏതു വഴിക്കു പോകണം?'
പൂച്ച : 'നീ എവിടെയെത്താനാണ് ആഗ്രഹിക്കുന്നത്?'
ആലിസ് : 'അതെനിക്കറിയില്ല'
പൂച്ച : 'എങ്കിൽ ഏതു വഴി പോയാലെന്താ?'
ആലിസ് : 'എവിടെങ്കിലും ഞാനെത്തും'
നമ്മിൽ പലരുടെയും രീതി ഇതുതന്നെ. കൂട്ടുകാർ എൻജിനീയറിങ്ങിനു പോകുന്നു, ഞാനും പോകുന്നു. അവർ ഗൾഫിലേക്കു പോകുന്നു, ഞാനും പോകുന്നു. ലക്ഷ്യമില്ലാത്ത പോക്ക്. ലക്ഷ്യമില്ലാത്തവൻ്റെ അമ്പെയ്ത്തിന് ഒരു സൗകര്യമുണ്ട്. എവിടെക്കൊണ്ടാലും അതാണു ലക്ഷ്യമെന്നു പറയാം. ചുമരിലേക്ക് അമ്പെയ്തിട്ട് കൊണ്ടിടത്തു ചുറ്റും വൃത്തം വരച്ച് 'പത്തിൽ പത്ത്!' എന്നു പ്രഖ്യാപിക്കുന്ന വിരുതന്റെ കഥ കേട്ടിട്ടില്ലേ? അയാൾ ഒരിക്കലും തോൽക്കുന്നില്ല, പക്ഷേ ഒരിക്കലും ജയിക്കുന്നുമില്ല.
വിജയികൾ ആദ്യം ചെയ്യുന്നത് ലക്ഷ്യം വ്യക്തമായി നിർണയിക്കുകയാണ്. 'നന്നായി ജീവിക്കണം' എന്നത് ആഗ്രഹം മാത്രമാണ്. 'അഞ്ചു വർഷത്തിനുള്ളിൽ ഇലക്ട്രോണിക്സ് ബിടെക് ജയിച്ച്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപകല്പന ചെയ്യുന്ന ജോലിയിൽ പ്രവേശിക്കും' എന്നതു ലക്ഷ്യമാണ്. അതിനുവേണ്ടിയാവും തുടർന്നുള്ള ഓരോ ചുവടും. ചിലപ്പോൾ ലക്ഷ്യം തിരുത്തേണ്ടിവരും. പക്ഷേ ലക്ഷ്യമില്ലാത്ത യാത്ര ടൈംടേബിളില്ലാത്ത റെയിൽവ്യവസ്ഥ പോലെയാകും. അതു നമുക്കു വേണ്ടാ.
ഏതു കാര്യവും ചെയ്യണമെന്നു തോന്നുമ്പോൾ, നാളെയാകട്ടെ, ഒന്നാം തീയതിയാകട്ടെ, ഓണം കഴിയട്ടെ എന്ന മട്ടു വിജയിയുടേതല്ല. തുടങ്ങാൻ ഏറ്റവും നല്ല ദിവസം ഇന്ന്. ഏറ്റവും നല്ല മുഹൂർത്തം ഇപ്പോഴെന്നു കരുതി പ്രവർത്തിക്കുന്നതു വിജയിയുടെ വഴി. പിന്നെ, ലക്ഷ്യത്തിലേക്കുള്ള പാതയിൽ കൃത്യങ്ങളും വിരസമായിരിക്കാം. അവ ചെയ്തേ പറ്റൂ. സൈക്കിയാട്രിസ്റ്റാകാൻ ആദ്യം എംബിബിഎസ് നേടണം. ആദ്യവർഷത്തെ പഠനത്തിൽ മനുഷ്യശരീരത്തിലെ 206 എല്ലുകളെക്കുറിച്ചു മനസ്സിലാക്കണം എന്നത് ഉദാഹരണം.
ലക്ഷ്യം നേടാനുള്ള അഭിനിവേശവും സ്ഥിരോത്സാഹവും ചേരുന്നതാണ് പ്രതിഭയെക്കാൾ പ്രധാനം എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. ആലസ്യത്തിലാണ്ട് പല പ്രതിഭാശാലികളും അർഹിക്കുന്ന വിജയം നേടാനാകാതെ പോയിട്ടുണ്ട്.
ഇടയ്ക്കുണ്ടായേക്കാവുന്ന തിരിച്ചടികളിൽ തളരരുത്. തെറ്റുതിരുത്തി, കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുകയാണു വേണ്ടത്. ബാസ്കറ്റ്ബോൾ ചരിത്രത്തിലെ മഹാപ്രതിഭകളിൽ മുൻനിരക്കാരനായ മൈക്കൽ ജോർഡൻ ഹൈസ്കൂൾ ബാസ്ക്കറ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞു, 'ജീവിതത്തിൽ ഞാൻ ഒൻപതിനായിരത്തിലധികം ഷോട്ടുകൾ പാഴാക്കി, മുന്നൂറോളം കളികൾ തോറ്റു. അതുകൊണ്ടുകൂടിയാണു ഞാൻ ജയിച്ചത്'
എത്ര ഉയരത്തിലെത്തിയാലും നാം പഠനം തുടരണം. 'അങ്കോറാ ഇംപാറോ' (Ancora imparo) എന്ന ഇറ്റാലിയൻ പ്രയോഗം നിങ്ങൾ കേട്ടിരിക്കും. ആയുർദൈർഘ്യം പൊതുവേ തീരെക്കുറവായിരുന്ന കാലം. അതിപ്രശസ്ത ഇറ്റാലിയൻ ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ജലോ (1475-1564) എൺപത്തിയഞ്ചു വയസ്സിനുശേഷവും പറയാറുണ്ടായിരുന്ന വാക്കുകൾ : 'ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു' എന്നു സാരം. ഇതിൽ വിജ്ഞാനതൃഷ്ണയോടൊപ്പം വിനയവുമുണ്ടെന്ന് ഓർക്കാം.
ചിലർ വിജയിക്കുമ്പോൾ, എന്തുകൊണ്ടു മറ്റുചിലർ പരാജയപ്പെടുന്നു എന്ന് നാം ചിന്തിക്കാറുണ്ട്. ചില വ്യത്യാസങ്ങളിങ്ങനെ:
പ്രശ്നങ്ങൾ: ജയിക്കുന്നയാൾ പ്രശ്നങ്ങളിൽ അവസരം കണ്ടെത്തുന്നു; തോൽക്കുന്നയാൾ അവസരങ്ങളിൽ പ്രശ്നം കണ്ടെത്തുന്നു.
പ്രവർത്തനം: ജയിക്കുന്നയാൾ പ്രവർത്തിച്ചു കാര്യങ്ങൾ നടത്തുന്നു; തോൽക്കുന്നയാൾ സംഭവിക്കുമെന്നു കരുതി, കാത്തിരിക്കുന്നു.
തെറ്റുകൾ: ജയിക്കുന്നയാൾ തെറ്റു പറ്റിയാൽ സ്വയം പഴിയേല്ക്കുന്നു; തോൽക്കുന്നയാൾ പഴി അന്യരിൽ ചാരുന്നു.
പരിഹാരം: ജയിക്കുന്നയാൾ പരിഹാരം കണ്ടെത്തുന്നു; തോൽക്കുന്നയാൾ ഒഴികഴിവു കണ്ടെത്തുന്നു.
പ്രതിബദ്ധത: ജയിക്കുന്നയാൾ പ്രതിബദ്ധത കാട്ടുന്നു; തോൽക്കുന്നയാൾ ഒഴിഞ്ഞുമാറുന്നു.
ജോലി: ജയിക്കുന്നയാൾ ജോലി ഞാൻ ചെയ്യാമെന്നു പറയുന്നു; തോൽക്കുന്നയാൾ ജോലി എന്റെയല്ലെന്നു പറയുന്നു.
സഹകരണം: ജയിക്കുന്നയാൾ കൂട്ടുചേർന്നു പ്രവർത്തിക്കുന്നു; തോൽക്കുന്നയാൾ സഹകരിക്കാതെ മാറി നിൽക്കുന്നു.
തിരിച്ചടി: ജയിക്കുന്നയാൾ തിരിച്ചടി വന്നാൽ, തെറ്റുതിരുത്തി വീണ്ടും ശ്രമിക്കുന്നു; തോൽക്കുന്നയാൾ രംഗത്തുനിന്ന് ഓടി രക്ഷപെടുന്നു.
വിമർശനം: ജയിക്കുന്നയാൾ വിമർശനത്തിൽ കഴമ്പുണ്ടോയെന്നു നോക്കുന്നു; തോൽക്കുന്നയാൾ വിമർശകനെ ശത്രുവായി കരുതുന്നു.
വിജയത്തിൽ കഴിവിനും സാഹചര്യത്തിനും പങ്കുണ്ട്; പക്ഷേ അവയെക്കുറിച്ചു പരാതി പറഞ്ഞിട്ടു കാര്യമില്ല. ലക്ഷ്യം നിശ്ചയിക്കുക, ഇന്ന് തന്നെ തുടങ്ങുക, വീണാൽ എഴുന്നേൽക്കുക, തെറ്റിയാൽ തിരുത്തുക, പഠിച്ചുകൊണ്ടിരിക്കുക ഇവയെല്ലാം നമ്മുടെ നിയന്ത്രണത്തിലുണ്ട്. ഇവ ഞാൻ പ്രയോജനപ്പെടുത്തുമെന്ന മനോഭാവമാണ് വിജയത്തിലേക്കുള്ള വഴി കാട്ടിത്തരുന്നത്.
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments