top of page

റാവുത്തർ എന്ന കച്ചോടക്കാരൻ By Ravi Variyath

റാവുത്തർ എന്ന കച്ചോടക്കാരൻ

......................................

👍👌:warriers.org

തൊടിയിൽ ധാരാളം ചക്കയും മാങ്ങയുമുണ്ട്.

തിന്നാലും കൂട്ടാൻ വെച്ചാലും തീരാത്തത്ര.

എന്നാൽ അയൽക്കാർക്ക്‌ കൊടുക്കാമെന്ന് കരുതിയാലൊ.

ആർക്കും വേണ്ട.

ഒരു ചക്ക അവർക്ക് കൊടുത്താൽ ഒരു കൊട്ട മാങ്ങ അവർ ഇങ്ങോട്ടു തരും.

എന്നാൽ മാങ്ങ കൊടുത്താലൊ ഒരു വലിയ ചക്ക പകരം വീട്ടിലെത്തും.

കുട്ടികൾ വീട്ടിലൊ തൊട്ട വീടുകളിലൊ ഇല്ലാഞ്ഞിട്ടല്ല.അവർക്കൊന്നും ഇത് വേണ്ട.

ഒന്നാമതായി പഠിപ്പും പരീക്ഷയുമൊക്കെ ഫോണിലാണ്. അതിൻ്റെ സമയം കഴിഞ്ഞാൻ പിന്നെ ചാറ്റിങ്ങും, ചീറ്റിങ്ങുമാണ്.

തൊടിയിലേക്കൊ

മാംച്ചോട്ടിലേക്കൊ ഒന്ന് നോക്കാൻ പോലും അവർക്ക് സമയമില്ല. താൽപര്യവുമില്ല.

ചക്ക ചുളപറിച്ച് കുരുകളഞ്ഞ് കിണ്ണത്തിലാക്കി കൊടുത്താലും മാങ്ങ കഴുകി തുടച്ച് തോല് ചെത്തി പൂണ്ടു കൊടുത്താലും അവർക്ക് വേണ്ട.

പിന്നെ നിർബന്ധിച്ചാൽ ഒന്നൊ രണ്ടോ കഷ്ണം തിന്നാലായി.

അതുതന്നെ തിന്നാൻ സ്പൂൺ വേണമെന്നായി.

അവർക്ക് ഇപ്പോൾ നാടൻ പഴങ്ങളേക്കാൾ ഇഷ്ടം പ്ലാസ്റ്റിക്ക് കവറിൽ വരുന്ന ഉരുളൻ കിഴങ്ങിൻ്റെ വിവിധ രൂപങ്ങളും രുചികളുമായിരിക്കുന്നു.

ഗ്രാമ ഭംഗിയും ബാല്യകാലവും

നഷ്ട്ടപ്പെട്ട കുട്ടികൾക്ക് ഗ്രമങ്ങളിൽ വിരിയുന്ന പൂക്കളുടെ മണവും മനോഹാരിതയും കായ്ക്കനികളുടെ

സ്വാദും സ്വഭാവവും അറിയാതിയി.

കാലം ഒരുപാട് മാറി.

പണ്ടൊക്കെ മാവു പൂത്തു തുടങ്ങിയാൽ ഒരേ കാത്തിരിപ്പായിരുന്നു. മാംച്ചോട്ടിൽ ഊഞ്ഞാലിട്ടും കളിവീടുണ്ടാക്കിയും അമ്പലമുണ്ടാക്കിയും ആർപ്പുവിളികളോടെ ഉത്സവങ്ങളൊരിക്കിയുള്ള കാത്തിരിപ്പ്.

പൂക്കൾ വിരിഞ്ഞുണ്ടാവുന്ന ഉണ്ണിമാങ്ങകളെ നോക്കി വായ്ക്കകത്ത് കപ്പലോട്ടിയിരുന്ന കാലം. അണ്ണാനും കാക്കയും പാതി തിന്ന് നാഴെ വീഴുന്ന ചിനച്ച മാങ്ങകൾ ഓടിച്ചെന്നെടുത്ത് ഒന്ന് കഴുകുക കൂടി ചെയ്യാത്തെ കടിച്ചു തിന്നിരുന്ന കാലം

അന്ന്

സ്കൂളിൽ നിന്നും രണ്ടും മൂന്നും കിലൊ മീറ്റർ നടന്ന് വീട്ടു പടിക്കൽ എത്തിയാൽ ഒരു സുഗന്ധം വരും.

അമ്മ അടുക്കളയിലെ മേശപ്പുറത്ത് തുണ്ടം തുണ്ടമായി വെട്ടി വെച്ചിട്ടുള്ള പഴുത്ത ചക്കയുടെ സുഗന്ധം.

പിന്നെ അത് ചകിണിയോടെ തിന്നു തീർത്ത ശേഷമെ കുപ്പായം കൂടി അഴിച്ചു വെച്ചിരുന്നുള്ളൂ.

ആ കാലമൊക്കെ പോയി.

ഈ സമൃദ്ധിയുടെ ആർഭാടത്തിൻ്റെ

നാട്ട്യഘോഷങ്ങളുടെ കാലത്തേക്കാൾ

നാട്ട്യങ്ങളില്ലാത്ത

ഒരൽപ്പം ദാരിദ്ര്യവും ഒരുപാട് സ്നേഹവുമുള്ള

ആ പഴയ കാലം എത്ര നന്നായിരുന്ന് എന്ന് ചിലപ്പോൾ തോന്നിപോകും .

പനയിൽ കയറി കള്ള് ചെത്താൻ ആളുണ്ട്.

തെങ്ങിൽ കയറി ഒരു നാളികേരം ഇട്ടു തരാൻ ആളില്ല.

വീട്ടിൽ വിരുന്നുകാർ വന്നാൽ അടുക്കള പൂട്ടി . ഭക്ഷണം വണ്ടിയിൽ മേശപ്പുറത്തെത്തി.

സന്ധ്യക്ക് നാമം ചൊല്ലലില്ല അതിൻ്റെ വിശുദ്ധിയേക്കാൾ സീരിയലുകളിലെ അഴിഞ്ഞാട്ടങ്ങൾക്കായി പ്രാധാന്യം.

ഈശ്വരാ ....

എന്തൊരു മാറ്റം.

കൊറോണ കൂടി വന്നതോടെ കുട്ടികൾ മാത്രമല്ല വലിയവരും

ഒറ്റപ്പെട്ടു. എന്തായാലും മാങ്ങയും ചക്കയുമൊക്കെ ആർക്കെങ്കിലും വിൽക്കാം എന്ന് ഞാൻ തീരുമാനിച്ചു. ചിലരോടൊക്കെ പറഞ്ഞു വെക്കുകയും ചെയ്തു.

വെറുതെ ആർക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞ് പോകേണ്ടല്ലൊ.

പശൂം കുട്ടികളും ഉണ്ടായിരുന്നപ്പോൾ അവർ കുറേയൊക്കെ തിന്നു തീർക്കുമായിരുന്നു. നോക്കാനുള്ള ബുദ്ധിമുട്ടുകാരണം അവരെയൊക്കെ വിറ്റു.

കാശും കണക്കും നോക്കിയിട്ടില്ല.

അവർക്ക് കൂടുതൽ സുഖവും സംരക്ഷണവും കിട്ടിക്കോട്ടെ എന്ന് കരുതി.

അങ്ങിനെ

ചക്കേം മാങ്ങേം വിൽക്കാനുണ്ടന്നറിഞ്ഞ് വന്ന

ബാപ്പു റാവുത്തർ നൂറ്റൊന്നുറുപ്പിക മുൻകൂറായി തന്ന് കച്ചോടമുറപ്പിച്ചു.

പിറ്റേ ദിവസം രാവിലത്തന്നെ അദ്ദേഹവും വേറെ രണ്ടു പേരും കൂടി വല കെട്ടിയ തോട്ടികളും കൊട്ടകളുമായി ഒരു പെട്ടി ഓട്ടോയിൽ എത്തുകയും ചെയ്തു.

ഉച്ചയോടെത്തന്നെ ചക്കയും മാങ്ങയും നിറച്ച കൊട്ടകൾ വണ്ടിയിൽ കയറ്റി റാവുത്തര് പറഞ്ഞുറപ്പിച്ച കാശിൽ നിന്നും നൂറ്റൊന്ന് രൂപ കിഴിച്ച് ബാക്കി റൊക്കം തന്നു.

അപ്പോൾ തൊടിയിലേക്കൊന്ന് നോക്കി ഞാൻ ചോദിച്ചു.

ചക്കേം മാങ്ങേക്കെ ഇനിയും നിൽക്കണുണ്ടല്ലൊ അവിടേം ഇവിടേക്കേയി.

അതൊന്നും നിങ്ങൾക്ക് വേണ്ടേ റാവുത്തരെ എന്ന്.

വേണ്ട .....

അതൊക്കെ

അതിമ്മില് നിന്നോട്ടെ. അതിലെ സ്ഥിരം താമസക്കാരില്ലെ കാക്കകളും കിളികളും അണ്ണാരക്കണന്മാരുമൊക്കെ .ബാക്കി നിർത്തിയതൊക്കെ അവർക്കും അവരുടെ കുട്ടികൾക്കും ഉള്ളതാ.

അതൊക്കെ അവർക്കവകാശപ്പെട്ടതാ. അവരല്ലെ അത് മൂക്കാനും, പഴുക്കാനുമായി കാത്ത് നിന്നവർ, മോഹിച്ചു നിന്നവർ.

അവരല്ലെ അതിൻ്റെ യഥാർത്ഥ അവകാശികൾ .

അത് മാത്രല്ല അതിൻ്റെ അണ്ടീം കുരും തൊടില് വീഴട്ടെ

അതിൻ്റെ തയ്യുകളുണ്ടാവാട്ടെ. ഇപ്പൊഴത്തെ മാവും പ്ലാവുമൊക്കെ കുറച്ചു കാലം കഴിഞ്ഞാ ഉണങ്ങി പോവില്ലെ.

അപ്പോൾ ഈ പഴങ്ങൾക്കായി നമുക്ക് തെണ്ടാൻ പറ്റ്വോ. ഞാനൊരു കച്ചോടക്കാരനാണെങ്കിലും എൻ്റെ കച്ചോടം ദാ ഇങ്ങിനെയാണ്. റാവുത്തർ മടിയിൽ നിന്നും വെറ്റിലയും പുകലയുമെടുത്ത് മുഖത്തു നിന്നും മാസ്ക്ക് താഴ്ത്തിവെച്ച് നന്നായൊന്നു മുറിക്കി .

ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ അന്തം വിട്ടുനിന്നു. ഇങ്ങിനേയും ഒരു മനുഷ്യനൊ .

മനുഷ്യരെ ക്കുറിച്ചുള്ള എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിയൊ.

അൽപ്പനേരം എനിക്കൊന്നും സംസാരിക്കാൻ തന്നെ ആയില്ല.

ഞാൻ പോക്കറ്റിൽ നിന്നും അദ്ദേഹം തന്ന നോട്ടുകൾ അങ്ങിനെത്തന്നെ എടുത്ത് അദ്ദേഹത്തിൻ്റെ നേരെത്തന്നെ നീട്ടികൊണ്ട് പറഞ്ഞു.

റാവുത്തരെ എനിക്കീ കാശു വേണ്ട. എൻ്റെ ഒരു സമ്മാനായിട്ട് കരുതിയാൽ മതി.

എന്തിനാറിയൊ നിങ്ങളെപ്പോലുള്ളവർ ഇപ്പോഴും ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ഈ ഭൂമി നിലനിൽക്കുന്നത്.

ഇവിടെ വൃക്ഷങ്ങളും മൃഗങ്ങളും , കിളികളും പൂക്കളും നശിച്ചുപോകാത്തത്.

ദാ .....ഇത് തിരിച്ചു മേടിച്ചോളൂ.

പുകയില കൂട്ടിയ മുറുക്കിൻ്റെ സുഖം ശരിക്കും ആസ്വദിച്ചു കൊണ്ട് അയാൾ പെട്ടി ഓട്ടോയിലേക്കു കയറാൻ തുടങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു.

വേണ്ട....

നിങ്ങൾക്ക് കിട്ടാനുള്ളത് നിങ്ങൾക്ക് കിട്ടി

എനിക്ക് കിട്ടാനുള്ളത് എനിക്ക് കിട്ടി

അവർക്കുള്ളത് അവർക്കും.

അതു മതി.

അർഹതയില്ലാത്തത് ആഗ്രഹിക്കരുത് മോഹിക്കുകയും ചെയ്യരുത്.

അതാ എൻ്റെ കച്ചോടത്തിൻ്റെ ഒരു രീതി.

പെട്ടി ഓട്ടൊ കടപടാശമ്പ്ദമുണ്ടാക്കി മുന്നോട്ടു പോകുമ്പോൾ

ഞാനാകാശും പിടിച്ച് അവിടേത്തന്നെ നോക്കി നിന്നു.

അദ്ദേഹത്തിന് മുന്നിൽ ഞാനെത്ര നിസ്സാരൻ എന്ന തോന്നലും,

ജീവിതത്തിലാദ്യം ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയതിൻ്റെ ചാരിതാർത്ഥ്യവുമായി


രവി വാരിയത്ത്.





156 views1 comment
bottom of page