top of page

പ്രസിദ്ധിക്കായി പരക്കം പായുകയോ?

6 hours ago
3 min read





By ബി എസ് വാരിയർ



മനുഷ്യപ്രകൃതി വിസ്മയകരം. രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും കഥകൾ ചരിത്രത്തിൽ എത്ര വേണെങ്കിലുമുണ്ട്. പല അധികാരികളും മനുഷ്യർക്കു നന്മ ചെയ്യുന്നതിനെക്കാൾ പ്രാധാന്യം നല്കിയത്, പ്രതിമകൾ പണിയുകയും, സ്വന്തം പേർ സ്ഥാപനങ്ങൾക്കു നല്കുകയും ചെയ്യുന്നതിനാണ്. എൻ്റെ കാലശേഷം എന്നെ ആരും ഓർക്കാതെ പോകുമോയെന്ന ആശങ്ക ഇക്കൂട്ടർക്കുണ്ട്. ഇതു വലിയവരുടെ കാര്യം. നമുക്കു ചുറ്റും നിത്യവും നടക്കുന്ന ചിലതു ശ്രദ്ധിച്ചാൽ ഈ സമീപനത്തിന്റെ ചെറിയ പതിപ്പുകൾ കാണാം. ശ്രദ്ധ നേടാനും ആദരം പിടിച്ചുപറ്റാനുമായി പലരും കിണഞ്ഞു പരിശ്രമിക്കുന്നത്. നല്ലതു ചെയ്യുക എന്നതിനല്ലേ നാം പ്രാധാന്യം നല്കേണ്ടത്? ചെറിയ കൂട്ടത്തിലും, വലിയ സമൂഹത്തിലും പേരും പെരുമയും അർഹിക്കുന്നവർക്കു തനിയേ വന്നുകൊള്ളും. പക്ഷേ ഒന്നോർക്കണം. ജീവിച്ചിരുന്നപ്പോൾ അതിപ്രശസ്തരായിരുന്ന ഏറെപ്പേരെ ചരിത്രം ചവറ്റുകുട്ടയിലേക്കു തള്ളിയിട്ടുണ്ട്. പ്രശസ്തി ശാശ്വതമല്ല.അഥവാ, പ്രശസ്തി നിലനിൽക്കുന്നെങ്കിൽ, അതു കല്ലിൽക്കൊത്തിയ പ്രതിമവഴിയല്ല, മറിച്ച് പ്രവൃത്തിയുടെ മഹത്ത്വംവഴിയാകണം. എങ്ങനെയും പേരെടുക്കുക എന്ന സമീപനം ഗുണകരമല്ല. ‘കുടം ഉടച്ചോ, വസ്ത്രം കീറിയോ, അമ്മയെ തല്ലിയോ. എങ്ങനെയും പ്രശസ്തി നേടുകയെന്നതാണു ചിലരുടെ ലക്ഷ്യം’ എന്നർത്ഥം വരുന്ന ശ്ലോകമുണ്ട്. പരിഹാസ്യമല്ലേ ആ സമീപനം? "Herostratic fame" എന്ന പ്രയോഗം കേട്ടിട്ടുണ്ടോ? ബി.സി. 356-ൽ ഗ്രീസിലെ എഫെസസ് നഗരത്തിൽ ഹെരോസ്ട്രാറ്റസ് എന്നൊരാൾ അക്കാലത്തെ മഹാത്ഭുതങ്ങളിലൊന്നായ ആർട്ടെമിസ് ക്ഷേത്രം തീവച്ചുനശിപ്പിച്ചു. എക്കാലത്തും തന്റെ പേർ നിലനിൽക്കണമെന്ന ആഗ്രഹംകൊണ്ടുമാത്രമാണ് അയാൾ അങ്ങനെ ചെയ്തതെന്ന് കുറ്റസമ്മതം നടത്തി. വധശിക്ഷയ്ക്കു വിധേയനായി. അയാളുടെ പേരു പറയുന്നതും എഴുതുന്നതും നിയമം മൂലം നിരോധിക്കുകയും ചെയ്തു. തിന്മയിലൂടെയോ, കുറ്റകൃത്യങ്ങളിലൂടെയോ, വിനാശകരമായ പ്രവൃത്തികളിലൂടെയോ നേടുന്ന കുപ്രസിദ്ധിയാണ് ഹെരോസ്ട്രാറ്റിക് ഫെയിം. ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രം ക്ഷോഭജനകമായ ഇല്ലാക്കഥകൾ ചമച്ചിറക്കുന്നവരുടെ കീർത്തിയും ഈ വിഭാഗത്തിൽപ്പെടും. സ്വന്തം പേർ എന്നെന്നേക്കും നിലനിർത്താൻ നടത്തിയ ശ്രമങ്ങളുടെ രസകരമായ ചില ഉദാഹരണങ്ങൾ നോക്കാം. പുരാതന ഈജിപ്തിലെ ഫറോവമാർ തങ്ങളുടെ മഹത്ത്വം നിലനിർത്താൻ പടുകൂറ്റൻ പിരമിഡുകൾ പണിഞ്ഞു. പക്ഷേ പണിയിച്ച രാജാക്കന്മാരെക്കാൾ നമ്മെ വിസ്മയിപ്പിക്കുന്നത് അവ പണിഞ്ഞ മനുഷ്യരുടെ അസാധാരണ കഴിവാണ്. ‘മഹാനായ’ അലക്സാണ്ടർ കീഴടക്കിയ പ്രദേശങ്ങളിൽ അലക്സാൺഡ്രിയ എന്ന പേരിൽ പല നഗരങ്ങളും സ്ഥാപിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ പേർ ഇന്ന് ഓർമ്മിക്കുന്നത് സൈനികപ്രതിഭയുടെ പേരിലാണ്. പല ചക്രവർത്തിമാരും സ്വന്തം മുഖം നാണയങ്ങളിൽ കൊത്തിവച്ചു പ്രചരിപ്പിച്ചു. ലോഹത്തിലുള്ള നാണയത്തിലൂടെ കിട്ടുന്ന പ്രശസ്തിക്കു നാശമില്ലെന്ന് അവരിൽ പലരും സ്വപ്നം കണ്ടിരുന്നു. തെരുവുകൾക്കും നഗരങ്ങൾക്കും മാത്രമല്ല, രാജ്യത്തിനുപോലും ഭരണാധികാരിയുടെ പേർ നല്കിയ സംഭവങ്ങളുണ്ട്. സൗദി അറേബ്യ, റൊഡേഷ്യ, ബൊളീവിയ എന്നിവ ഇങ്ങനെയുണ്ടായതാണ്. കോൺസ്റ്റാന്റിനോപ്പിൾ, ലെനിൻഗ്രാഡ്, സ്റ്റാലിൻഗ്രാഡ് എന്നീ നഗരങ്ങളുടെ കഥയും സമാനമാണ്.


ഫ്രാൻസിലെ ലൂയി പതിനാലാമൻ ‘ഞാനാണ് രാജ്യം’ എന്നു വിളംബരം ചെയ്തു. സ്വന്തം പേർ നിലനിർത്താൻ വെഴ്സൈൽസ് കൊട്ടാരമടക്കം പല സ്മാരകങ്ങളും പണിഞ്ഞു. ഒരിക്കൽ സ്ഥാപിച്ച പ്രതിമ തുടർന്നുവന്ന ഭരണാധികാരി വലിച്ചു താഴെയിറക്കിയ കഥകളുമുണ്ട്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി നികുതിപ്പണം ഉപയോഗിച്ചു സ്വന്തം പ്രതിമകളും പാർട്ടിചിഹ്നത്തിന്റെ പ്രതിമകളും നാടൊട്ടുക്കും സ്ഥാപിച്ചു വിവാദത്തിൽപ്പെട്ടിട്ടുണ്ട്. അധികാരത്തിലിരിക്കെ, സ്വന്തം പേരിൽ രാജ്യത്തെ ഉന്നത സിവിലിയൻ പുരസ്കാരങ്ങൾ നല്കിയതിന്റെ പേരിലും ഇന്ത്യയിൽ വിവാദങ്ങളുണ്ട്. സർവകലാശാലകൾ, വികസനപദ്ധതികൾ, വിമാനത്താവളങ്ങൾ, ഗവേഷണാലയങ്ങൾ, ആശുപത്രികൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവയിലും ഭരണാധികാരികളുടെ പേരുകൾ ചേർക്കുന്നതു വ്യക്തിപൂജയാണെന്ന ആക്ഷേപം നിലവിലുണ്ടെങ്കിലും, ആ രീതി ഇപ്പോഴും തുടരുന്നു. ഒരാളുടെയോ കുടുംബത്തിന്റെയോ പേർ നൂറുകണക്കിനു സ്ഥാപനങ്ങൾക്കുണ്ടാകുമ്പോൾ, എതിരാളികൾ പ്രതിഷേധമുയർത്തും. ഭരണകാലത്തു രാജ്യമെങ്ങും സ്വന്തം ചിത്രങ്ങളും പ്രതിമകളും പ്രദർശിപ്പിക്കുന്നതിൽ ജോസഫ് സ്റ്റാലിൻ വ്യഗ്രത കാട്ടിയിരുന്നു. വ്യക്തിപൂജ അതിശക്തമായ കാലം. ബീജിംഗിലുള്ള ടിയാനൻമെൻ ചതുരത്തിൽ ചെയർമാൻ മാവോ സേതുങ്ങിൻ്റെ എണ്ണച്ചായചിത്രം അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ സ്ഥാപിച്ചു. 6 × 4.5 മീറ്റർ അളവ്, ഒന്നര ടൺ ഭാരം. ഇറാഖിലെ സദ്ദാം ഹുസൈന്റെ കാലത്തും വൻപ്രതിമകളും സ്മാരകങ്ങളും അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രതീകങ്ങളായി മാറി. നെപ്പോളിയൻ, ഷാജഹാൻ, സിംബാബ്‌വെയിലെ റോബർട്ട് മുഗാബെ, വടക്കൻ കൊറിയയിലെ കിം ഇൽ-സങ്, കിം ജോങ്-ഇൽ എന്നിവരും ഇതേ രീതിയിൽ പ്രവർത്തിച്ചവരാണ്.


ഇന്നലെ ഭയത്തോടെ നോക്കിനിന്ന പ്രതിമയെ ഇന്നു കയറുകൊണ്ട് ജനങ്ങൾ വലിച്ചിട്ടേക്കാമെന്നതും ഓർക്കാം. അനശ്വരത ആഗ്രഹിച്ചു പ്രതിമ സ്ഥാപിച്ചവരുടെ ഗതി അത്തരത്തിലായ കഥകൾ പലതുമുണ്ട്. പ്രശസ്ത ജർമ്മൻ തത്ത്വചിന്തകൻ ആർതർ ഷോപ്പൻഹോവർ : ‘പ്രശസ്തിയും സമ്പത്തും സമുദ്രജലം പോലെയാണ്; എത്ര കുടിക്കുന്നുവോ അത്രത്തോളം ദാഹം വർദ്ധിക്കും’. ‘വിജയത്തിനും പ്രശസ്തിക്കും വേണ്ടി ശ്രമിക്കുന്നതിനേക്കാൾ, മൂല്യമുള്ള വ്യക്തിയാകാൻ ശ്രമിക്കുക’ എന്ന് ഐൻസ്റ്റൈൻ. പണിഞ്ഞ ശിലകൊണ്ടല്ല, സ്പർശിച്ച ജീവിതങ്ങളിലൂടെയാണ് സൽപ്പേര് നിലനിൽക്കുന്നത്. ജീവിതത്തിന്റെ ദൈർഘ്യമല്ല, ആഴമാണ് പ്രധാനമെന്ന് എമേഴ്സൻ. കാലം കരുണയില്ലാത്ത എഡിറ്ററാണെന്നതു മറക്കരുത്. ശവസംസ്കാരച്ചടങ്ങിൽ തൻ്റെ കൈകൾ ശവപ്പെട്ടിക്കു പുറത്തേക്ക് തൂക്കിയിടണമെന്ന് അലക്സാണ്ടർ ചക്രവർത്തി ആവശ്യപ്പെട്ടു. ലോകം കീഴടക്കിയവനും ഒടുവിൽ ഒഴിഞ്ഞ കൈകളോടെയാണ് പോകുന്നതെന്ന് ഓർമ്മിപ്പിക്കാൻ. ഒരു മരവും ഫലമുണ്ടാക്കുമ്പോൾ അതിൽ സ്വന്തം പേരെഴുതിവെക്കാറില്ല. ദാഹിച്ചവന് വെള്ളം നൽകുമ്പോൾ നദി സ്വന്തം മഹത്ത്വം പ്രഖ്യാപിക്കാറില്ല. പ്രകാശം നൽകുമ്പോൾ ആരും നന്ദി പറയാത്തതിൽ സൂര്യൻ വിഷമിക്കാറില്ല. പ്രകൃതിമാതാവ് എത്രയോ നല്ല പാഠങ്ങൾ നമുക്കു നല്കുന്നു! ഇന്നു സോഷ്യൽ മീഡിയവഴി പ്രസിദ്ധി നേടാൻ വെമ്പുന്ന നാം ഒന്നോർക്കണം. ആളുകൾ ശ്രദ്ധിക്കുന്നത് ആദരിക്കുന്നതിൻ്റെ തെളിവല്ല. മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താൻ കഴിയുന്നതാണു യഥാർത്ഥ വിജയം. നൂറുകണക്കിന് വിദ്യാർത്ഥികളുടെ ജീവിതം പൊന്നാക്കി മാറ്റിയ ഗുരുനാഥനെന്നോ, ആയിരക്കണക്കിനു രോഗികളെ ചികിത്സിച്ചു രക്ഷിച്ച ഡോക്ടർക്കോ വിശേഷിച്ചു സ്മാരകം ആവശ്യമില്ല.


പ്രതിമ പണിയുന്നതിനെക്കാൾ പ്രധാനം മനുഷ്യർക്കു ഗുണം ചെയ്ത്, വരുടെ ഹൃദയത്തിൽ സ്ഥാനം നേടുന്നതല്ലേ? സോക്രട്ടീസോ ശങ്കരാചാര്യരോ ഓർമ്മിക്കപ്പെടുന്നതു പ്രതിമയുടെ ബലത്തിലല്ലല്ലോ. പണംകൊണ്ട് സ്മാരകം പണിയാം; മഹത്ത്വം വാങ്ങാൻ കഴിയില്ലെന്ന മൊഴിയുമോർക്കാം. നമ്മുടെ പ്രവൃത്തികളുടെ ലക്ഷ്യം പ്രയോജനമാകണം, പ്രശസ്തിയാകരുത്.




👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow



Comments


bottom of page