top of page

പുനരപി ജനനം...പുനരപി മരണം

Aug 24
3 min read

Krishna and Shiva in a split sunrise-night temple scene, with praying devotees and Malayalam text below.




രാവിലെ ആറു മണി.


വടക്കെ അറയിൽ കട്ടിലിനരികിലുളള ജനാലപ്പടിയിൽ വെച്ചിരുന്ന ഫേവർ ലൂബ ടൈം പീസ് അലാറം മുഴക്കി. വടക്കിനിയിൽ ഇറക്കി കിടത്തിയിരുന്ന അയാൾ അത് കേട്ടില്ല. കാരണം ആയാൾ മരിച്ചിരുന്നു. വെളള പുതപ്പിച്ച അയാളുടെ തലയ്ക്കൽ ഒരു ചെറിയ പീഠത്തിൽ നിലവിളക്ക് കൊളുത്തി വെച്ചിട്ടുണ്ട്. ചുറ്റും ഭസ്മം കൊണ്ട് കളം വരച്ചിരിക്കുന്നു. നടുക്കിരുന്ന് ഒരു പെൺ കുട്ടി രാമായണം വായിക്കുന്നുണ്ട്.


കളമൊഴിയുമഴകിനൊടു

തൊഴുതു ചൊല്ലീടി നാൾ

കാരുണ്യ മൂർത്തിയെ ചിന്തിച്ചു മാനസേ

ഹിമഗിരി സുതയൊടു ചിരിച്ചു ഗംഗാധര -

നെങ്കിലൊ...........


ഇന്നലെ വരെ അയാൾ വായിച്ച് കേൾപ്പിച്ചത് തെറ്റു കൂടാതെ ആ കൂട്ടി ചൊല്ലുന്നു. ഒരു തലമുറയിൽ നിന്നും മറ്റൊര തലമുറയിലേക്കുള്ള പൈതൃക കൈമാറ്റം പോലെ.


നാട്ടുകാർ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. സംസ്കാരം ഇവിടെ തൊടീലാണോ... അതോ തിരുവില്വാമലയിലൊ? ഇടക്ക് ആരോ ചോദിച്ചു.

ഇവിടേയാവില്ല അവിടേത്തന്നേയാവും. ഐവർ മഠത്തില്. ആരോ ഉത്തരം പറഞ്ഞു.


അതാ നല്ലത് അവിടേയ്ക്കാണച്ചാൽ ബോഡി മാത്രം കൊണ്ട് പോയാൽ മതി. ബാക്കിയൊക്കെ അവിടെയുണ്ടാവും.എല്ലാം ചിട്ട പോലെ നടക്വേം ചെയ്യും.

മൂന്നാം ദിവസം സഞ്ചയനം കഴിഞ്ഞാൽ പിന്നെ പതിമൂന്നാം ദിവസം പിണ്ഡത്തിന് പോയാ മതി. ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല.


അറ്റാക്കാ അല്ലേ.....മരണ വിവരമറിഞ്ഞ് ഓടി വന്നതാ റേഷൻ കടക്കാരൻ നാരായണേട്ടൻ. ഇന്നലെ വൈകുന്നേരം കൂടി ഞാൻ മൂത്താരെ കണ്ടതാ, മേലേക്കാവിൽ വെച്ച്. ആൽത്തറയിലിരുന്ന് കുറേ സംസാരിക്വേം ചെയ്തു.


കഴിഞ്ഞ വൃശ്ചികത്തില് തനിക്ക് എഴുപത്തൊന്ന് തികഞ്ഞൂന്നും .ഭാഗോതിയുടെ അനുഗ്രഹം കൊണ്ട് ഒരു സൂക്കേടും ഇല്ലാന്നും പറഞ്ഞു. എന്നിട്ടിപ്പൊ കണ്ടില്ലേ കെടക്കണ കെടപ്പ്. കണ്ടാ പറയില്ല മരിച്ച് കിടക്കാന്ന്. എന്തൊരു തേജസ്സാ മുഖത്തിപ്പോഴും !


അതെ നാരായണേട്ടാ. അറ്റാക്കന്നെ. വറീത് മാപ്ലേടെ മകൻ വന്ന് നോക്കി പോയി. ആ കുട്ടിയാ പറഞ്ഞത് അറ്റാക്കാന്ന്. അയാൾ സർക്കാർ ആശുപത്രീല് ഡോക്ടറല്ലെ. അപ്പോൾ പിന്നെ സംശയിക്കാനില്ല. കരിമഷി എഴുതിയ കണ്ണുകളും, ക്ലീൻ ഷേവും കഷണ്ടിയും പിന്നിൽ നീട്ടി വളർത്തിയ ചുരുളൻ മുടിയുമുള്ള മേലേക്കാവിലെ വെളിച്ചപ്പാട് പറഞ്ഞു. ഇന്ന് രാവിലെ കല്യാണത്തിന് പോകാൻ വേണ്ടി അലാറം വെച്ച് കിടന്നതാത്രെ. കഷ്ടം!


നീർക്കുമിളകൾ പോലെ പൊട്ടി പോകുന്നതാണ് ജീവൻ എന്നറിഞ്ഞിട്ടും ഉണരാൻ വേണ്ടി അലാറം വെക്കുന്ന നമ്മളൊക്കെ എത്ര നിഷ്ക്കളങ്കർ!

അമ്മേ... മഹാമായേ കാത്തോളണേ ദേവീ.....


വെളിച്ചപ്പാട് മുടി വേർപ്പെടുത്തി മേലോട്ട് നോക്കി തൊഴുതിരുന്നു.


എപ്പഴാ എടുക്കാ? തിരുവില്വാമലക്കല്ലെ കൊണ്ടോണത്? ആരെങ്കിലും വരാൻണ്ടോ.


മൂക്കുപൊടി ആഞ്ഞു വലിച്ച് നമ്പീശൻ മാഷ് വന്നു.


കാൽക്കുട ഇറയത്ത് ഒരരികിൽ തുക്കിയിട്ടു. മാഷെ കണ്ടപ്പോൾ അകത്തു നിന്ന് ഒന്നു രണ്ടു പേർ ഇറങ്ങി വന്ന് ഗൗരവത്തോടെ പറഞ്ഞു.


മാഷെ കാണാതായപ്പോൾ ആളെ വിടണോന്ന് നിരീച്ചതാ, വീട്ടിലേക്ക്. വന്നല്ലൊ സമാധാനായി.


ഇവിടെ തെക്കെ തൊടീത്തന്നെ ദഹിപ്പിക്കാന്നാ തീരുമാനിച്ചത് . മകൻ വരില്ല. അവന് വരാൻ പറ്റില്ല. യുദ്ധം ഒരു വിധം നിന്നൂന്നുച്ചാലും വിമാനങ്ങളൊന്നും പഴയ പോലെ പറക്കാൻ തുടങ്ങിയിട്ടില്ലത്രെ. പിന്നെ മകൾ പ്രസവത്തിന് വന്നിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിലാ ചെറുതുരുത്തിയിൽ. ഇത് പത്താം മാസാ അവൾക്ക്. എന്നാലും അവളും ഭർത്താവും കൂടി പുറപ്പെട്ടിട്ടുണ്ട് . ഇപ്പൊ വരും. പിന്നെ വലിയ താമസണ്ടാവില്ല. മാഷ് മുന്നിലുണ്ടാവണം. എല്ലാം വേണ്ട പോലെ ചെയ്തു തരണം.


മാഷ് തല കുലുക്കി സമ്മതിച്ച് തെക്കെ തൊടിയിലേക്ക് നടന്നു.


അപ്പൊ മാഷേ... പിന്നിൽ നിന്നൊരു വിളി.


അദ്ദേഹം തിരിഞ്ഞു നിന്നു.


തലയിൽ വട്ടക്കെട്ടും നെറ്റിയിൽ നിസ്ക്കാര തഴമ്പുമുള്ള ഒരാൾ പറഞ്ഞു.


മാഷക്കറിയാലൊ, ആ കാണുന്നതാ എന്റെ വീട്.


മൂത്താരെ ഇവിടേയാണ് ദഹിപ്പിക്കുന്നതെങ്കിൽ എന്റെ വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന ആ ഗോമാവ് വെട്ടരുത് എന്നൊന്ന് പറയണം. അയാൾ വടക്കെ വേലിയരികിലേക്ക് വിരൽ ചുണ്ടി പറഞ്ഞു.


ഇവിട്ത്തെ കുട്ട്യോളും എന്റെ കുട്ട്യോളും അതിന്റെ കൊമ്പിലാ ഊഞ്ഞാല് കെട്ടീരുന്നത്. അതിന്റെ തണലിലാ അവർ കളിവീട് ഉണ്ടാക്കാറുള്ളത്. പഠിക്കാറുള്ളതും.  പകരം എന്റെ തൊടീല് നിൽക്കണ ഏത് മാവ് വേണങ്കിലും, എത്രണ്ണം വേണങ്കിലും വെട്ടിയെടുക്കാം. ഞങ്ങൾക്ക് സമ്മതാ.


അത് കേട്ട് മാഷ് അത്ഭുതത്തോടെ ഏതാനും നിമിഷങ്ങൾ ആയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ കൈകളിൽ പിടിച്ച് ഒന്നും പറയാനാവാതെ നിന്നു.


അപ്പോൾ പുരപ്പുറത്തിരുന്ന കിളി ചൊല്ലി....നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.


മാഷ്ടെ കണ്ണുകൾ നിറഞ്ഞു.


തെക്കെ തൊടിയിലെ പൂക്കാത്ത, കായ്ക്കാത്ത നീളൻ തോട്ടി മാവ് വെട്ടിയാൽ മതിയെന്ന് മാഷ് വെട്ടുകാരോട് പറഞ്ഞു. നാട്ടുകാർ ചിതയൊരുക്കാൻ തുടങ്ങി. മാഷ് എല്ലാറ്റിനും നേതൃത്വം കൊടുത്ത് മുന്നിൽ നിന്നു.


വീട്ടുപടിക്കൽ ഒരു കാർ വന്നു നിന്നു.എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി. അച്ഛന്റെ മരണമറിഞ്ഞെത്തിയ മകളാണ്. പൂർണ്ണ ഗർഭിണി. ഭർത്താവും വീട്ടുകാരും ചേർന്ന് ചേർത്തു പിടിച്ചാണ് അവരെ കൊണ്ടുവരുന്നത്. അകത്ത് ഒരോ ബഹളം. ചെറിയ ചെറിയ കരച്ചിലുകളും, തേങ്ങലുകളും.


വെട്ടി കൊണ്ടുവന്ന പച്ചമുള പാകത്തിന് മുറിച്ച്-പൊളിച്ച് കോണി കെട്ടാൻ തുടങ്ങി ചിലർ. കത്തിയും കയറും വെള്ള മുണ്ടും. പിന്നെ കഴുത്തിൽ കയറിട്ട മൺകലം, ചകിരി ചന്ദനത്തിരി നെയ്യ് ഭസ്മം.... എല്ലാം റെഡി. മാഷ് പറഞ്ഞു ഒന്ന് വേഗം ട്ടൊ. മഴക്കാറ് കാണാണ്ട്. കർക്കിടകല്ലേ... എപ്പവേണങ്കിലും പെയ്യാം.


വാഴ തോട്ടത്തിൽ നിന്ന് ഒരു വലിയ വഴയില മുറിച്ച് പണിക്കാരാരോ വടക്കുഭാഗത്തു കൂടി അകത്തേക്ക് കൊണ്ടുപോയി. കാർന്നോന്മാർ അവിടെ ചടങ്ങുകൾ തുടങ്ങിയിരിക്കുന്നു.


ലജ്ജാവതിയ നിന്റെ കള്ളക്കടക്കണ്ണിൽ ..താഴമ്പൂവൊ താമരക്കാടൊ

തേനൊ......


ആരുടേയൊ ഫോണിന്റെ റിങ്ങ്ട്ടോണാണ്. പെട്ടന്ന് അത് നിർത്തുകയും ചെയ്തു.


അകത്ത് നാമോച്ചാരണങ്ങളുടെ ശബ്ദം താണു. കരച്ചിലിന്റ ശബ്ദം കൂടി.

വടക്കിനിയിലും ഇടനാഴിയിലും തിങ്ങിക്കൂടി നിന്ന സ്ത്രീകൾക്കിടയിലൂടെ നാലഞ്ചു പേർ ചേർന്ന് ഭൗതീക ശരിരം പുറത്തേക്ക് കൊണ്ടു വന്ന് കോണിയിൽ കിടത്തി. പൊതു ജനം അതിന്ന് ചുറ്റും നിന്ന് യാത്രാമൊഴി നൽകി. അപ്പോൾ അകത്ത് കരച്ചിലുകൾക്കിടയിൽ മകളുടെ ശബ്ദം വേറിട്ടു കേട്ടു. മുളം കോണിക്ക് ചുറ്റും ആരൊക്കേയൊ പൂക്കൾ വിതറി, റീത്ത് വെച്ചു.


എല്ലാ കർമ്മങ്ങളും കഴിഞ്ഞ് കോണിയിലേറ്റി കൊണ്ടു വന്ന ശരീരം ചിതയിൽ കിടത്തി. ചിത കത്തി തുടങ്ങി. ആകാശത്തേക്ക് ഉയരുന്ന പുകച്ചുരുകളിൽ അവ്യക്തമായ രൂപങ്ങൾ തെളിഞ്ഞു.


പെട്ടന്ന് വീടിനകത്തു നിന്ന് വലിയൊ ബഹളം. ചിതക്ക് ചുറ്റും കൂടിയവർ അന്ധാളിച്ചു .


ആരോ ഒരാൾ ഓടി വന്ന് പറഞ്ഞു.


മൂത്താരുടെ മകള് പ്രസവിച്ചു...ആൺകുട്ടി..


കാലത്തിന്റെ ചുമലിലേറി വന്നു പോകുന്ന ജനിമൃതികൾ !


ജീവിതം എന്ന നാടകം തുടരുക തന്നെ!



രചന: രവി വാരിയത്ത്


👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

 
 
 

Comments


bottom of page