നല്ല പെരുമാറ്റം : അതല്ലേ എല്ലാം?

എക്കാലത്തെയും ഏറ്റവും വലിയ ധനികരിലൊരാളാണ് ജോൺ ഡി റോക്ഫെല്ലർ (1839 - 1937). സ്റ്റാൻഡേഡ് ഓയിൽ കമ്പനിയുടെ പ്രവർത്തനംവഴി അമേരിക്കയിലെ ആദ്യ ശതകോടീശ്വരനായിത്തീർന്നു. എങ്ങനെയും കൂടുതൽ പണമുണ്ടാക്കുകയെന്ന ഏകചിന്ത മാത്രമാണുണ്ടായിരുന്നത്. അതികർക്കശമായി, കരുണ ലേശവുമില്ലാതെ ഏവരോടും പെരുമാറി. സ്നേഹമെന്ന പദം നിഘണ്ടുവിലില്ലാത്തയാളെന്ന് പലരും പരിഹസിച്ചു.
53-ാം വയസ്സിൽ അദ്ദേഹത്തെ അതികഠിനമായ രോഗം പിടികൂടി. ദേഹത്തെ രോമം കൊഴിഞ്ഞു. കൊടിയ ദഹനക്കേടുമൂലം പാലും ബിസ്കറ്റുമല്ലാതെ മറ്റൊന്നും കഴിക്കാൻ വയയ്യാതെയായി. ഒരു കൊല്ലംപോലും തികച്ചു ജീവിക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതി. അതോടെ ജീവിതവീക്ഷണം തീർത്തും മാറി. പണത്തിൻ്റെ പരിമിതി തിരിച്ചറിഞ്ഞു. മരണത്തെ മുഖാമുഖം കണ്ടപ്പോൾ, നിർദ്ദയമായ ധനസമ്പാദനത്തിൽ നിന്ന് ആസൂത്രിതമായ ആഗോള ജീവകാരുണ്യപ്രവർത്തനത്തിലേക്കു ശ്രദ്ധ തിരിഞ്ഞു. പെരുമാറ്റരീതി ആകെ മാറി. ചിരിച്ചു സംസാരിക്കാനും കരുണയോടെ പെരുമാറാനും പഠിച്ചു. മാനസികസമ്മർദ്ദം കുറഞ്ഞു. ആരോഗ്യം ഗണ്യമായി മെച്ചപ്പെട്ടു. 98 വയസ്സുവരെ പ്രവർത്തനനിരതനായി ജീവിച്ചു. ജീവിതത്തിന്റെ രണ്ടാംപകുതി ജനസേവനത്തിനായി നീക്കിവയ്ക്കുകയായിരുന്നു അദ്ദേഹം. ജനോപകാരപ്രദമായ വിവിധപദ്ധതികൾ ആവിഷ്കരിച്ചു. ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം നല്കിയ എക്കാലത്തെയും വലിയ സ്ഥാപനങ്ങളിലൊന്നാണ് റോക്ഫെല്ലർ ഫൗണ്ടേഷൻ.
'റോക്ഫെല്ലർ ഫൗണ്ടേഷൻ്റെ ലക്ഷ്യം തന്നെ 'ലോകമെമ്പാടുമുള്ള മനുഷ്യരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക' എന്നതാണ്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന ഭാരതീയചിന്തയുമായി ഇതു പൊരുത്തപ്പെടുന്നതു യാദൃച്ഛികമാവാം. വിജയം എന്നതു കേവലം ധനസമ്പാദനമല്ല, നല്ല പെരുമാറ്റവും സഹജീവിസ്നേഹവുമാണെന്ന വലിയ പാഠം വിളിച്ചോതുന്നതാണ് റോക്ഫെല്ലറുടെ മനംമാറ്റത്തിന്റെ കഥ.
സമൂഹജീവിതം വിജയകരമാകണമെങ്കിൽ നമ്മുടെ മനോഭാവത്തിലും ചിന്തകളിലും മറ്റുള്ളവർക്കും സ്ഥാനമുണ്ടാവണം. നമ്മുടെ പരിമിതികളെക്കുറിച്ചു നല്ല ബോധമുണ്ടായിരിക്കുയും വേണം.
'ചത്തുപോം നേരം വസ്ത്രമതുപോലും
ഒത്തിടാ കൊണ്ടുപോവാനൊരുത്തർക്കും' എന്നു പൂന്താനം.
ബാഹ്യസൗന്ദര്യത്തിനും സാമ്പത്തികനേട്ടങ്ങൾക്കും സമൂഹത്തിൽ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ നിങ്ങളെ കൂടുതൽ സ്വീകാര്യനാക്കുന്നതു മുഖ്യമായും നല്ല പെരുമാറ്റരീതിയായിരിക്കും.
ഐക്യുവിനെപ്പറ്റി ഏവർക്കുമറിയാം. ബുദ്ധിശക്തിയുടെ തോതു സൂചിപ്പിക്കുന്ന ഇൻറലിജൻസ് ക്വോഷ്യന്റ്. പക്ഷേ മാനേജ്മെന്റുവിദഗ്ധരും മനഃശാസ്ത്രജ്ഞരും ഊന്നിപ്പറയുന്ന മറ്റൊരു ക്വോഷ്യന്റും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്യൂ അഥവാ ഇമോഷനൽ ക്വോഷ്യന്റ്. ജീവിതവിജയം കൈവരിക്കുന്നതിൽ ഇതിനു വലിയ പങ്കുണ്ട്. പല ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. സ്വന്തം വികാരങ്ങളും അന്യരുടെ വികാരങ്ങളും തിരിച്ചറിയുക, സ്വയം നിയന്ത്രിക്കുക, സഹാനുഭൂതി കാട്ടുക, വിനയത്തോടെ പെരുമാറുക, ഭംഗിയായി ആശയവിനിമയം നടത്തുക, കൃതജ്ഞത പ്രകടിപ്പിക്കുക, നല്ല വ്യക്തിബന്ധങ്ങൾ പുലർത്തുക എന്നിവയെല്ലാം.
സംഗതി ശരിയല്ലേ? ആരെയാണു നിങ്ങൾ ഇഷ്ടപ്പെടാറുള്ളത്? തലക്കനമുള്ള വലിയ ബുദ്ധിമാനെയോ, നിങ്ങൾക്കു പ്രാധാന്യം നല്കി വിനയത്തോടെ സ്നേഹപൂർവം പെരുമാറുന്നയാളെയോ? നിങ്ങൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ, തോരാതെ പൊങ്ങച്ചം പറയുന്നയാളെയോ, നിങ്ങളുടെ വാക്കുകൾക്കു പ്രാധാന്യം നല്കി പ്രതികരിക്കുന്നയാളെയോ? ചെയ്തുപോയ തെറ്റു മറച്ചുവച്ച് അന്യരെ പഴിക്കുന്നയാളെയോ, തെറ്റു സമ്മതിച്ച് അത് ആവർത്തിക്കില്ലെന്ന് ഉറപ്പു നല്കുന്നയാളെയോ? പക മനസ്സിൽ വളർത്തുന്നയാളെയോ, വേണ്ടപ്പോൾ ക്ഷമിക്കാനും പൊറുക്കാനും സന്മനസ്സുള്ളയാളെയോ?
പെരുമാറ്റം പ്രധാനമായും മൂന്ന് ഉറവിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്നു: ആഗ്രഹം, വികാരം, അറിവ് എന്നു പ്ലേറ്റോ. ഗോയ്ഥേ പറഞ്ഞതു മറ്റൊന്ന്: 'ഓരോരുത്തരുടെയും യഥാർത്ഥചിത്രം കാണാവുന്ന കണ്ണാടിയാണു പെരുമാറ്റം'.
ഇമ്പമുള്ള വാക്കുകൾ പറയുന്നതും, വിനയമുള്ളവർക്കു ദാനം ചെയ്യുന്നതും ഉത്തമമെന്നു തിരുക്കുറൾ. പ്രവൃത്തിയിലെ സൗന്ദര്യത്തോടൊപ്പം വാക്കുകളിലെ മാധുര്യവും വേണം. 'നിങ്ങൾ പറഞ്ഞതും ചെയ്തതും ജനങ്ങൾ മറന്നേക്കാം. പക്ഷേ നിങ്ങൾ അവരിൽ ഉണ്ടാക്കിയ വികാരം ഒരിക്കലും മറക്കില്ല' എന്നു പ്രശസ്ത അമേരിക്കൻ എഴുത്തുകാരി മായാ ആഞ്ചലോ.
പെരുമാറ്റം ആർക്കും പരിശീലിച്ചു മെച്ചപ്പെടുത്താൻ കഴിയും. 'അയാൾ ജന്മനാ ദേഷ്യക്കാരനാണ്' എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ ശരിയല്ല. ദേഷ്യം മറ്റുള്ളവരിൽ വെറുപ്പുളവാക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയാൽ, അയാളെ ശാന്തശീലനാക്കാൻ കഴിഞ്ഞേക്കാം. തെറ്റു ചെയ്യുന്ന പലരും അതു തെറ്റാണെന്നു തിരിച്ചറിയാറില്ല എന്നതാണു വാസ്തവം. മോശമായ ഏതു സാഹചര്യവും മെച്ചപ്പെടുത്താൻ സാധ്യതകളുണ്ട്. 'അതൊന്നും ഒരിക്കലും ശരിയാകില്ല' എന്ന് ഒരു കാര്യത്തെയും എഴുതിത്തള്ളേണ്ട. വാക്കുകളുടെ ശക്തി നിസ്സാരമല്ല. നിരാശനായിരിക്കുന്നയാളിൽ ഉത്സാഹം ജനിപ്പിക്കാൻ നല്ല വാക്കിനു കഴിഞ്ഞെന്നുവരാം. ഒരൊറ്റ പരിഹാസവാക്ക് അടുത്ത സുഹൃത്തിനെ ജീവിതാവസാനം വരെ ശത്രുവാക്കാനും മതി.
പരസ്പരവിശ്വാസമാണു വ്യക്തിബന്ധങ്ങളെ നിലനിർത്തുന്നത്. വിശ്വാസം വരണമെങ്കിൽ, നല്ല പെരുമാറ്റം കൂടിയേ തീരൂ. പേടിപ്പിച്ചും പണംകൊടുത്തും സ്നേഹമോ വിശ്വാസമോ നേടാൻ കഴിഞ്ഞെന്നുവരില്ല. നമ്മെ ഉള്ളറിഞ്ഞു സ്നേഹിക്കുന്നവരെ നാം വിശ്വസിക്കും. അധികാരം അനുസരിപ്പിച്ചേക്കാം; പക്ഷേ സ്നേഹിക്കാൻ മറ്റുള്ളവർക്കു തോന്നണമെങ്കിൽ നാം നന്നായി പെരുമാറണം. 'ഞാൻ എത്ര നേടി?' എന്നതിനോടൊപ്പം 'ഞാൻ എത്ര നല്കി?' എന്നും ചിന്തിക്കണം.
എന്തു പറയുന്നുവെന്നതല്ല, എന്തു ചെയ്യുന്നുവെന്നതാണു പെരുമാറ്റത്തിന്റെ പ്രധാനസൂചകം. പെരുമാറ്റം വ്യക്തിത്വത്തിന്റെയും, സംസാരം വിവേകത്തിന്റെയും സൂചകമാണെന്നും പറയാറുണ്ട്. "ആളുകൾ എന്തു ചിന്തിക്കുന്നുവെന്നറിയാൻ, അവർ പറയുന്നതിനേക്കാൾ ചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക' എന്നു ദാർശനികൻ ജോർജ്ജ് സന്തയാന. മനോഭാവവും പെരുമാറ്റവും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും ഓർക്കാം.
അന്യരുടെ പെരുമാറ്റം മനഃസമാധാനം തകർക്കാൻ അനുവദിച്ചുകൂടെന്നു ദലൈലാമ ഉപദേശിക്കുന്നു. ലാവോത്സു നിർദ്ദേശിച്ചു, 'ബുദ്ധിശൂന്യമായ പെരുമാറ്റങ്ങളോടുപോലും ബുദ്ധിപൂർവ്വം പ്രതികരിക്കുക.'
തന്റെ ജീവിതത്തിൻ്റെ അവസാന പകുതിയിൽ റോക്ഫെല്ലർ തിരിച്ചറിഞ്ഞ സത്യം നാം ചെറുപ്പത്തിലേ തിരിച്ചറിയേണ്ടതുണ്ട്. നാം മറ്റുള്ളവർക്ക് നൽകുന്ന ആശ്വാസവത്തിനും നമ്മുടെ സൗമ്യമായ പെരുമാറ്റത്തിനും മൂല്യമേറെയാണ്.
നല്ല പെരുമാറ്റം : അതല്ലേ എല്ലാം?

Comments