നമുക്കൊരു ഹോബി വേണ്ടേ?

എന്നോടൊപ്പം കോളജിൽ പഠിച്ചിരുന്ന സുഹൃത്ത് പേരക്കുട്ടിയുമായി വന്നു. പതിനൊന്നാം ക്ലാസുകാരനു സ്കൂളിൽ പോകേണ്ട. മൃദംഗം പഠിച്ചാൽ മതി എന്ന വാശിയിലാണ്. ഇങ്ങനെയുള്ള കുട്ടികളെ കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾ വിഷമിക്കും. ജീവിക്കാനാവശ്യമായ ശേഷി കുട്ടികൾക്കുണ്ടാകണം. കുട്ടി മൃദംഗവായനയുമായിക്കഴിഞ്ഞ്, ആ പ്രഫഷനിൽ പരാജയപ്പെട്ടാൽ എന്തു ചെയ്യും എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടും. ഇത്തരം സാഹചര്യങ്ങൾ പലതും നേരിട്ടു കണ്ടിട്ടുണ്ട്.
എന്താണു പരിഹാരം? മൃദംഗവായന ഹോബിയാക്കുക. അതോടൊപ്പം നല്ല ഏതെങ്കിലും കോഴ്സിൽച്ചേർന്നു നന്നായി പഠിക്കുക. ഹോബി തുടർന്ന് അതിൽ അസാമാന്യപാടവം കൈവരിക്കുന്നെങ്കിൽ അതു കരിയറാക്കാം. ഇല്ലെങ്കിൽ, പരീക്ഷായോഗ്യത നേടിയ മുറയ്ക്ക് ജോലി കണ്ടെത്തി പ്രവർത്തിക്കുക. സമാന്തരമായി ഹോബിയെന്ന നിലയിൽ മൃദംഗവായന തുടരുക. ഇത്തരത്തിൽ സൂചന നല്കിയതനുസരിച്ചു പ്രവർത്തിച്ച ബാലൻ വളർന്ന്, കോളജിൽ പഠിച്ച പ്രഫഷനിൽ വിജയിച്ചു.
ആൽബർട്ട് ഐൻസ്റ്റൈൻ്റെ പേർ കേൾക്കാത്തവരില്ല. ഭൗതികശാസ്ത്രത്തിലെ തുല്യതയില്ലാത്ത കണ്ടുപിടിത്തങ്ങളുടെ പിന്നിൽ അതിസങ്കീർണമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു. അവയിൽ ലയിച്ചു ദീർഘനേരം ഇരിക്കുമെങ്കിലും, മനസ്സിന് ആശ്വാസം ലഭിക്കാൻ ഇടവേളകളിൽ വയലിൻ വായിക്കുമായിരുന്നു. ഈ ആസ്വാദനം പുതുചിന്തയിലേക്കു നയിക്കാനും അദ്ദേഹത്തെ സഹായിച്ചിരുന്നു. ഹോബിയുടെ അനുഗ്രഹം.
അദ്ധ്വാനത്തിനും മാനസികസമ്മർദ്ദങ്ങൾക്കും ഇടയിൽ സന്തോഷത്തിനുകൂടി ഇടംനല്കുമ്പോഴല്ലേ ജീവിതം പൂർണ്ണമാകുന്നത്? സാമ്പത്തികലാഭം പ്രതീക്ഷിക്കാതെ, കേവലം ആനന്ദത്തിനും ആത്മസംതൃപ്തിക്കുമായി ഒഴിവുവേളകളിൽ ചെയ്യുന്ന കാര്യമാണു 'ഹോബി'.
വിനോദത്തിന് ഊന്നൽ നല്കുന്ന ഹോബികൾ തിരക്കുപിടിച്ച ജീവിതത്തിലെ പിരിമുറുക്കങ്ങൾക്ക് അയവു പകർന്നുതരും. ഇതു മനസ്സിന് ഉന്മേഷവും ശാന്തതയും നൽകും. ചിത്രരചന, എഴുത്ത്, സംഗീതം തുടങ്ങിയ വിനോദങ്ങൾ സർഗ്ഗാത്മകതയെ ഉണർത്തും. ചിന്തയ്ക്കു മൂർച്ചകൂട്ടും. കൃത്യതയിൽ താല്പര്യമേറും. ചെസ്സുകളി ഏകാഗ്രത മെച്ചപ്പെടുത്തും. വായന അറിവു വർദ്ധിപ്പിക്കും. തോട്ടക്കൃഷിവഴി ക്ഷമയും പ്രകൃതിസ്നേഹവും വളരും നീന്തൽ, നൃത്തം, കായിക വിനോദങ്ങൾ മുതലായവ ഹോബിയാക്കുന്നതിലൂടെ ശരീരക്ഷമത മെച്ചപ്പെടും. വിനോദത്തിനുള്ള പാട്ടും കളികളും സമൂഹബന്ധങ്ങൾ ദൃഢമാക്കും; സൗഹൃദങ്ങൾ വളരും. സ്വന്തം ജോലിക്കു പുറമേയുള്ള മറ്റൊന്നിൽ ഹോബിയിലൂടെ ശേഷികൾ വളർത്തുന്നത് ആത്മവിശ്വാസത്തിന് ആക്കം കൂട്ടും. ആത്മസംതൃപ്തിക്കായി കവിതയെഴുതുന്ന മെഡിക്കൽ ഡോക്ടറെ സങ്കല്പിച്ചുനോക്കുക.
നൊബേൽ സമ്മാനം നേടിയ സാഹിത്യകാരനെന്ന നിലയിലാണു രവീന്ദ്രനാഥ ടാഗുറിന്റെ പ്രശസ്തി. നോവലും ചെറുകഥയും നാടകവും കവിതയുമെല്ലാം പൊന്നാക്കിയ മഹാമനീഷി. പക്ഷേ ഈ ബഹുമുഖപ്രതിഭാശാലിക്കു പല ഹോബികളുമുണ്ടായിരുന്നു. പല സംഗീതശൈലികളും ഏകോപിപ്പിച്ച് ശ്രദ്ധേയമായ രവീന്ദ്രസംഗീതം ആവിഷ്കരിച്ചു. അതിൽ ഏകദേശം 2200 ഗാനങ്ങൾ രചിച്ചു. അറുപതു വയസ്സു കഴിഞ്ഞപ്പോഴാണ് ചിത്രരചനയിലേക്കു തിരിഞ്ഞത്. ഉദ്ദേശം 2500 ചിത്രങ്ങൾ. പ്രകൃതിസ്നേഹിയായ ടാഗൂർ ദീർഘനേരം പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി ചെലവിട്ടിരുന്നു.
"മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്ന പേർകൂടിയുള്ള ശാസ്ത്രജ്ഞൻ ഡോ. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയുമായി. വലിയ തിരക്കുകൾക്കിടയിലും വീണ വായിക്കാനും തമിഴകവിതയെഴുതാനും അദ്ദേഹം നേരംകണ്ടെത്തിയിരുന്നു. വീണ വായിക്കുമ്പോൾ സമാധാനവും സന്തോഷവും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിപദം വഹിച്ച്, രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളെ നയിച്ചു വിജയിച്ച വിൻസ്റ്റൺ ചർച്ചിൽ എഴുത്തും ചിത്രരചനയും ഹോബികളാക്കിയിരുന്നു. 41-ാം വയസ്സിൽ 1915ലെ ഡാർഡനെല്ലസ് യുദ്ധത്തിൽ പരാജയപ്പെട്ട്, മനഃസംഘർഷം മുറ്റിനിന്ന സമയത്ത് ആശ്വാസം കണ്ടെത്താനാണ് അദ്ദേഹം ചിത്രരചന തുടങ്ങിയത്. പക്ഷേ അവസാനംവരെ അതു തുടർന്നു.
ഹോബിയുടെ കാര്യത്തിൽ രസകരമായ മറ്റൊന്നുകൂടി. പ്രതിഭാശാലികളായ ഗ്രന്ഥകാരന്മാർ സൃഷ്ടിച്ച വിജയികളായ ചില കഥാപാത്രങ്ങളുടെ ജീവിതം നോക്കാം. ആർതർ കോനൻ ഡയൽ സൃഷ്ടിച്ച അനശ്വര കുറ്റാന്വേഷകകഥാപാത്രം ഷെർലക് ഹോംസ് വലിയ കുരുക്കു വരുമ്പോൾ ചിന്തകളെ ഏകോപിപ്പിക്കാൻ വയലിൻ വായിക്കുമായിരുന്നു. അഗതാ ക്രിസ്റ്റിയുടെ സമാനകഥാപാത്രമായ ഹെർക്യൂൾ പോയ്റോ (Hercule Poirot) ഉദ്യാനപാലനത്തിൽ ആനന്ദം കണ്ടിരുന്നു.
വിനോദമായി തുടങ്ങുന്ന പലതും പിന്നീടു മികച്ച തൊഴിലായി മാറാറുള്ളത് ചില ടീനേജുകാർക്കു പ്രയോജനപ്പെടുത്താം. ഫൊട്ടോഗ്രഫി, സംഗീതം, എഴുത്ത്, കംപ്യൂട്ടർ പ്രോഗ്രാമിങ്, ഗെയിം ഡിസൈനിങ് തുടങ്ങി മേഖലകളും ഇത്തരത്തിൽ പ്രയോജനപ്പെടുത്താം. لعلم
ഇന്നു നമ്മുടെ ചുറ്റുംതന്നെ ഇതു കാണാം. കുട്ടിക്കാലത്തു വെറും രസത്തിനുവേണ്ടി വീഡിയോ എഡിറ്റ് ചെയ്യാൻ തുടങ്ങിയവർ ലക്ഷക്കണക്കിനു വരുമാനമുള്ള കണ്ടന്റ് ക്രിയേറ്റർമാരായി മാറിയിട്ടുണ്ട്. സ്കൂൾകാലത്ത് സ്വന്തം കളിക്കുവേണ്ടി ചെറിയ ഗെയിമുകൾ ഉണ്ടാക്കിത്തുടങ്ങിയ പലരും ഇന്നു ഗെയിം ഡെവലപ്പർമാരാണ്. ഹോബി എപ്പോൾ വേണമെങ്കിലും തൊഴിലായി മാറാം.പക്ഷേ അതിനു സമയമെടുക്കും, ക്ഷമയും വേണം.
കോളജ്പഠനം ഉപേക്ഷിച്ച് സ്റ്റീവ് ജോബ്സ് ഹോബിയായി കാലിഗ്രഫി (സുന്ദരമായ കൈയെഴുത്തുരൂപങ്ങൾ) പഠിച്ചു. ഈ കൗതുകം പിൽക്കാലത്ത് കംപ്യൂട്ടർ രൂപകല്പനയിൽ പ്രയോജനപ്പെട്ടു. പത്തു വർഷത്തിനുശേഷം മനോഹരമായ അക്ഷരരൂപങ്ങൾ നല്കുന്ന മാക്കിന്റോഷ് കമ്പ്യൂട്ടർ പിറന്നത് അങ്ങനെയാണ്.
കൗതുകത്തിനുവേണ്ടി പടം വരച്ചു തുടങ്ങിയ വാൾട് ഡിസ്നി (1901-1966) പിൽക്കാലത്ത് ആനിമേഷൻ രംഗത്ത് തുല്യതയില്ലാത്ത ചരിത്രം രചിച്ച് കാർട്ടൂണുകളുടെ കുലപതിയായി. മിക്കി മൗസിനെയും ഡോണൽഡ് ഡക്കിനെയും കാണാത്ത കുട്ടികൾ ലോകത്ത് എവിടെയെങ്കിലും കാണുമോ?
വെറുതെ സമയം കൊല്ലാനുള്ളവഴിയല്ല ഹോബി. മനസ്സിന് ആനന്ദം നൽകുകയും കഴിവുകൾ വളർത്തുകയും വ്യക്തിത്വത്തെ സമ്പന്നമാക്കുകയും ചെയ്യുന്ന പ്രവർത്തനമാണത്. മിക്കപ്പോഴും അതു വിനോദം മാത്രമായിരിക്കും. എന്നാൽ അതു ജീവിതത്തിലേക്കുള്ള വഴിയായി മാറാനും മതി.
ജോലിയിൽനിന്നു വിരമിച്ച ശേഷവും പലരും ഹോബികൾ തുടങ്ങി വിജയിക്കാറുണ്ട്. ഇക്കാര്യത്തിൽ പ്രായം തടസ്സമല്ല. ആലസ്യത്തിലാണ്ട് ജീവിതം പാഴാക്കുന്നതിനെക്കാൾ എത്രയോ ശ്രേഷ്ഠമാണ് ഏതെങ്കിലും രീതിയിലുള്ള ജോലിയിലോ ഹോബിയിലോ ഏർപ്പെടുന്നത്!
അതെങ്ങനെയായാലും, ഒരു കാര്യം നാം മനസ്സിൽ വയ്ക്കണം. യന്ത്രങ്ങളെപ്പോലെ ഓടിത്തീർക്കേണ്ട ഒന്നല്ല മനുഷ്യജീവിതം. തനിക്കായി കുറച്ചു സമയം കണ്ടെത്തണം. സന്തോഷം നൽകുന്ന ഏതെങ്കിലും ഹോബിയിൽ ഏർപ്പെട്ട് ജീവിതം അർത്ഥപൂർണമാക്കണം. സന്തുലിതജീവിതമാണ് ആനന്ദം പകർന്നുതരുന്നത്.
എന്താണ് എൻ്റെ ഹോബിയെന്ന് ഏതു പ്രായത്തിലും ചിന്തിക്കാം. നല്ല ഉത്തരം കിട്ടുംവരെ തുടർന്നും ചോദിക്കാം

Comments