top of page

ആത്മാഭിമാനം കളഞ്ഞുകുളിക്കുകയോ?

1d
3 min read

മനുഷ്യജീവിതം പാവനമായ വരദാനമാണ്. ജന്തുജാലങ്ങളിൽ കോടാനുകോടി ഇനങ്ങളുണ്ടെങ്കിലും നാളത്തെക്കുറിച്ചു ചിന്തിക്കുന്ന ഏകജീവി മനുഷ്യനാണ്. പുതിയ അറിവിനായി മനുഷ്യർ നിരന്തരം ശ്രമിക്കുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും അറിവിന്റെ മഹാസാഗരത്തിലെ ഏതാനും തുള്ളികൾ മാത്രമാണു നമ്മിലെത്തിയിട്ടുള്ളത്. 'തള്ള കുട്ടിയോടു' പറഞ്ഞതു പോലെ 'നാമിങ്ങറിയുവതല്പം - എല്ലാമോമനേ, ദേവസങ്കല്പം'


​ഓരോ ദിവസവുമെന്നവണ്ണം പുതുപുത്തൻ അറിവുകൾ വരുന്നു. നമ്മുടെയിടയിൽ അറിവു കൂടുതലുണ്ടെന്നു കരുതുന്നയാൾക്കും അത്രയേറെ അറിവൊന്നുമില്ല. അവരുമായി താരതമ്യം ചെയ്ത് എനിക്ക് അറിവു കുറവാണല്ലോയെന്നു ദുഃഖിക്കേണ്ടതുമില്ല.


​ബുദ്ധിയുടെ കാര്യത്തിൽ ആളുകൾതമ്മിൽ ജന്മനാ വ്യത്യാസങ്ങൾ കാണും. അത് അളക്കുന്ന ഐക്യൂവിൻ്റെ തോതിനെപ്പറ്റി നാം കേട്ടിട്ടുണ്ടല്ലോ. ഇതും താരതമ്യപ്പെടുത്തിയിട്ടു കാര്യമില്ല. ഐക്യൂ വർദ്ധിപ്പിക്കാനുള്ള മാന്ത്രികവടി ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. നമ്മുടെ ഐക്യൂ കുറയാതെ നമ്മോടൊപ്പം കാണും.


​അറിവോ ബുദ്ധിയോ കുറഞ്ഞുപോകുന്നത് ആരുടെയും അഭിമാനത്തെ ബാധിക്കുന്നില്ല. നമ്മുടെ ആത്മാഭിമാനത്തിനു ലേശംപോലും പോറൽ ഇക്കാരണത്താൽ വരുകയുമില്ല. നിറഞ്ഞ സ്വാഭിമാനം ആത്മനിയന്ത്രണത്തിലേക്കും, സ്വയം രൂപപ്പെടുത്തുന്ന അച്ചടക്കത്തിലേക്കും നയിക്കും..


​ആത്മാഭിമാനത്തിന് ഇടിവുണ്ടാകുമെന്നു ഭയന്ന് പല ടീനേജുകാരും യുവജനങ്ങളും നിരാശരാകുന്നു. വിട്ടുമാറാത്ത വിഷാദത്തിൽ ചിലർ മുങ്ങിത്താഴുന്നു. തീരെച്ചുരുക്കം ചിലർ സ്വന്തം ജീവനൊടുക്കുന്ന അവിവേകം കാട്ടുന്നു. അത്തരം അതിദാരുണസംഭവങ്ങൾ കുടുംബസമാധാനം എന്നെന്നേക്കും തകർക്കുന്നു. സമൂഹമനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അന്യരുമായി അനാവശ്യതാരതമ്യം നടത്തി, താൻ വെറും ചവറാണെന്നു തെറ്റായി വിലയിരുത്തിയാണു പലരും കടുംകൈ കാട്ടുന്നത്. അന്യരുടേതുമായി ഒത്തുനോക്കി 'ഞാൻ കുറഞ്ഞവനാണ്' എന്നു പല ടീനേജുകാരും വിധിയെഴുതുന്നു.


​നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ചു 20238 ഐഐടികളടക്കമുള്ള വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ 13,892 കുട്ടികൾ ജീവനൊടുക്കി. 2024ൽ ഇതു 14,488 ആയി ഉയർന്നു. നാട്ടിലെ ആകെ ആത്മഹത്യകളിൽ 8.5% ഈ കുട്ടികളുടേതാണ്. 2014ലെ 8,032 പത്തു വർഷംകൊണ്ട് 80% ഉയർന്ന് 14,488 ആയത് ആരെയും ആശങ്കപ്പെടുത്തും.


​20238 ഡൽഹി ഐഐടിയിലെ രണ്ടു വിദ്യാർത്ഥികൾ ജീവനൊടുക്കിയതിനെത്തുടർന്ന്, ഗൗരവമേറിയ ഈ പ്രശ്‌നം പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സുപ്രീംകോടതി ദേശീയ ടാസ്ക‌ ഫോഴ്സസിനെ നിയമിച്ചു. മുൻ സുപ്രീംകോടതി ജഡ്‌ജി എസ്. രവീന്ദ്ര ഭട്ട് അദ്ധ്യക്ഷനായ ഈ സമിതി വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്‌ധർ, പൊതുജനങ്ങൾ മുതലായവരിൽനിന്നു രാജ്യവ്യാപകമായി പ്രതികരണങ്ങൾ ശേഖരിച്ചു.


​2025 ഡിസംബറിൽ അവസാനിച്ച സർവേയിൽ 12.88 ലക്ഷത്തിലേറെ വിദ്യാർത്ഥികളും 1.60 ലക്ഷത്തോളം അധ്യാപകരും 2.26 ലക്ഷത്തോളം രക്ഷിതാക്കളും പ്രതികരിച്ചു. 16,750 വിദ്യാഭ്യാസസ്‌ഥാപനങ്ങളിൽനിന്നു വിവരങ്ങൾ ലഭിച്ചു. തുടർന്നു ടാസ്‌ക് ഫോഴ്‌സ് വിശകലനം നടത്തി.


​വിദ്യാർത്ഥികളുടെ അവിവേകത്തിനു പിന്നിൽ പഠനസമ്മർദ്ദം, അധമബോധം, വ്യക്തിപരമായ ദൗർബല്യം, സാമ്പത്തികപ്രയാസം, സ്‌ഥാപനങ്ങളുടെ വീഴ്ച്‌ച എന്നു തുടങ്ങി കാരണങ്ങളും കണ്ടെത്തി. എങ്കിലും, മുഖ്യകാരണം ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിൻ്റെയും കുറവാണെന്നു നമുക്കു കാണാം. ഇതു മനസ്സിൽവച്ച്, കുട്ടികളെ ബാല്യത്തിൽത്തന്നെ അഭിമാനികളാക്കി വളർത്താൻ ഗാർഹികാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ട്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ സവിശേഷശ്രദ്ധ ചെലുത്തിയേ മതിയാകൂ.


​Emotional resilience എന്നു നിങ്ങൾ കേട്ടിരിക്കും. വൈകാരിക ആഘാതം ഏറ്റാലും തിരിയെ പഴയ നിലയിലേക്കു വരാനുള്ള ശേഷിയാണിത്. നമുക്കിതിനെ വൈകാരിക പ്രതിരോധശേഷിയെന്നു വിളിക്കാം. ഇതിൻ്റെ കുറവ് നമ്മെ ദുർബലരാക്കും. ജീവിതം നേർരേഖയല്ല. ഓരോ വളവിലും കുഴിയിലും നാം ഇടറിവീഴാം. പരീക്ഷയിൽ പരാജയപ്പെടുക, പ്രിയപ്പെട്ട ഒരാൾ നിരസിക്കുക, സ്വ‌പ്നം കണ്ട ജോലി നഷ്‌ടപ്പെടുക - ഇവയെല്ലാം നമ്മെ വേദനിപ്പിക്കും. എന്നാൽ ചിലർ വേദനയിൽനിന്നു കൂടുതൽ ശക്ത‌രായി ഉയർന്നുവരുമ്പോൾ, മറ്റുചിലർ തകർന്നടിയുന്നു. ഇങ്ങനെ തകർന്നുപോകാതിരിക്കാനുള്ള ശേഷിയാണു കുട്ടികളിൽ വളർത്തേണ്ടത്.


​അതിൽ ജപ്പാനിലെ ചൊല്ല് - 'ഏഴു തവണ വീഴുക, എട്ടു തവണ എഴുന്നേൽക്കുക'. സച്ചിൻ ടെൻഡുൽക്കർ രാഷ്ട്രാന്തരക്രിക്കറ്റിൽ 34 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഓരോ തവണയും അടുത്ത മത്സരത്തിൽ വീണ്ടും ബാറ്റുമായി ഇറങ്ങിയത് ആത്മവിശ്വാസത്തോടെ. സ്കോർബോർഡിലെ ഒരു പൂജ്യം കഴിവിനെ അളക്കുന്നില്ല, അടുത്ത പന്തിനെ എങ്ങനെ നേരിടണം എന്നു ചിന്തിച്ചു കളിച്ച് സച്ചിൻ ഇതിഹാസതാരമായി. നിരാശനാകുമ്പോൾ നമുക്കോർക്കാം, ഇതു താത്കാലികമാണ്. നാം പറഞ്ഞ വൈകാരിക പ്രതിരോധശേഷി ശ്രമംകൊണ്ടു വളർത്തിയെടുക്കാം. അതിനു സ്വയംപ്രോത്സാഹനം വേണം. ഏതു തിരിച്ചടിയിൽനിന്നും പഠിക്കാൻ ചിലതുകിട്ടും. എല്ലാം ഒറ്റയടിക്കു കഴിയില്ല. വലിയ റൊട്ടി തിന്നുന്നതുപോലും നാം കഷണങ്ങളാക്കിയിട്ടല്ലേ?


​അന്യരോടു കരുണ കാട്ടണമെന്നു പറയാറുണ്ടല്ലോ. തന്നോടു തന്നെയും കരുണ കാട്ടേണ്ടതുണ്ട്. മനുഷ്യജീവിതത്തിൻ്റെ ചൈതന്യം മറ്റൊന്നിനുമില്ലെന്നതു മനസ്സിൽ വേണം. അതു നാം കളഞ്ഞുകുളിക്കരുത്.


​എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടാത്തതോ, ഐഐടിയിലോ ഐഐഎമ്മിലോ പ്രവേശനം കിട്ടാത്തതോ, ചില പരീക്ഷകളിൽ തോൽക്കുന്നതോ ജീവിതത്തിലെ ശാശ്വതപരാജയമാണോ? എത്രയോ പരാജയങ്ങളെ അതിജീവിച്ചിട്ടാണ് മഹാശാസ്ത്രജ്‌ഞർ വലിയ കണ്ടുപിടിത്തങ്ങളിലെത്തിയത്! പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നു പഴമക്കാർ പറയാറുള്ളതിന് എക്കാലവുമുണ്ടു പ്രസക്തി. അനുഭവങ്ങളാണ് ഇക്കാര്യം തെളിയിച്ചിട്ടുള്ളത്.


​കാർമേഘം എത്ര കനത്തതാണെങ്കിലും അതിനപ്പുറം സൂര്യൻ പ്രകാശിക്കുന്നുണ്ട്. മേഘം നീങ്ങും, സൂര്യൻ വീണ്ടും തെളിയും. ഏത് ഇരുളിൽപ്പെട്ടാലും പ്രതീക്ഷയുടെ പുലരികൾ അനുഗ്രഹിക്കുമെന്ന വിശ്വാസം വേണം. "ഇതും കടന്നുപോകും' എന്ന മൊഴിയോർക്കാം.


​പ്രതിസന്ധികളിൽ തളർന്നുപോകാൻ എളുപ്പമാണ്. പൊരുതിക്കയറുന്നതിലാണ് യഥാർത്ഥവീര്യം. ഒരു പരീക്ഷയിൽ പരാജയപ്പെട്ടയാൾ പരാജയപ്പെട്ട മനുഷ്യനാകുന്നില്ല. ഒരു നിമിഷത്തിന്റെ ഇരുട്ടിൽ ജീവിതത്തെ വിധിച്ചുതള്ളരുത്. 'സ്‌ഫുടതാരകൾ കൂരിരുട്ടിലു ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ' - (കുമാരനാശാൻ ചിന്താവിഷ്‌ടയായ സീത : 26; സിന്ധു - സമുദ്രം)


​'എനിക്കു ഞാനായിക്കഴിഞ്ഞാൽ മതി; മറ്റൊരാൾ ആകേണ്ട. സ്വന്തംവില ഞാൻ മറക്കില്ല' എന്നു ചിന്തിച്ചാൽ മനസ്സമാധാനം നിലനിൽക്കും. 'ഞാൻ എൻ്റെ വിധിയുടെ യജമാനൻ, (I am the master of my fate, I am the captain of my soul) എന്ന് ഇംഗ്ലിഷ് സാഹിത്യകാരൻ വില്യം എർണസ്‌റ്റ്‌ ഹെൻലി (1849-1903).


​തോൽവി വേദനിപ്പിക്കും; പക്ഷേ ആ വേദന അവസാനവിധിയല്ല. മനസ്സിനു ഭാരമേറിയാൽ അടുപ്പമുള്ളയാളോടു തുറന്നു പറയാം. സഹായം തേടുന്നതു ദൗർബല്യമല്ല. സൗജന്യസഹായത്തിനു ടെലി-മനസ്സുണ്ട് (ഫോൺ : 14416).


​ഇന്നത്തെ ഇരുളിനപ്പുറം നാളത്തെ പുലരിയുണ്ട്. അതു കാണാൻ നാം ഉണ്ടാകണം. ആത്മാഭിമാനം നാം കളഞ്ഞുകുളിക്കരുത്.



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page