top of page

ആ പുഞ്ചിരി സൂക്ഷിക്കണേ...

1 day ago
3 min read

പല വളവുകളും നിവർത്തുന്ന വളവാണു പുഞ്ചിരി. കോപം അകറ്റാനും, അപരിചിതരെ പരിചിതരാക്കാനും, സൗഹൃദത്തിൻ്റെ വാതിൽ തുറക്കാനും പുഞ്ചിരിക്കു കഴിയും. കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടാൽ ആരാണു പുഞ്ചിരിച്ചുപോകാത്തത്! സ്നേഹപൂർവമായ പുഞ്ചിരി അന്തരീക്ഷത്തിലെ പിരിമുറുക്കം കുറയ്ക്കും, ഹൃദയങ്ങൾ തമ്മിലുള്ള അകലം ചുരുക്കും. ഇതെല്ലാം കാരണം പുഞ്ചിരിക്ക് വലിയ വിലയുണ്ട്.


പുഞ്ചിരി പൂനിലാവുപോലെയെന്ന മനോഹരസങ്കല്പമുണ്ട്. 'എൻമന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനെ' എന്നു ശ്രീകുമാരൻ തമ്പി 'ഉദയം' എന്ന സിനിമയ്ക്കുവേണ്ടി എഴുതിയതോർക്കാം.


എന്നാൽ, എല്ലാ പുഞ്ചിരിയും വളവുനിവർത്തുന്നവയല്ല; സ്നേഹത്തിന്റെ അടയാളവുമല്ല. പുഞ്ചിരികൾ പുതിയ വളവുണ്ടാക്കുന്നവയാണ്, കള്ളത്താക്കോലുകളാണ്; വാതിൽ തുറന്നുകിട്ടിയാൽ അകത്തേക്കു കടക്കാനുള്ള തന്ത്രവും! ഏതു പുഞ്ചിരിയെയും സംശയിക്കണമെന്നല്ല. പക്ഷേ തെല്ലു ജാഗ്രത പുലർത്തുന്നതു നന്ന്.


പുഞ്ചിരിയും നല്ല പെരുമാറ്റവും കാണുമ്പോൾ നല്ല സ്വഭാവവും ഉണ്ടായിരിക്കുമെന്നു നാം പലപ്പോഴും തെറ്റിദ്ധരിച്ചുപോകും. ആദ്യം കാണുമ്പോഴുണ്ടാകുന്ന മതിപ്പുമൂലമുണ്ടാകുന്ന ഈ 'ഹാലോ ഇഫക്റ്റ്' നമ്മെ കീഴ്പ്പെടുത്താതെ ശ്രദ്ധിക്കേണ്ടതുണ്ട്.


കള്ളപ്പുഞ്ചിരിയെ നമുക്കു പ്രതീകമായി കരുതാം. മനുഷ്യരെ ആകർഷിച്ച്, ചതിക്കും തട്ടിപ്പിനും വിധേയരാക്കാനുള്ള മാർഗ്ഗം. ഇതിലെ ചരിത്രപുരുഷനാണ് ചാൾസ് പോൺസി (1882 -1949) എന്ന ഇറ്റലിക്കാരൻ. 21-ാം വയസ്സിൽ അമേരിക്കയിൽ കാലുകുത്തി. അവിടെയും കാനഡയിലും വൻതോതിൽ തട്ടിപ്പുകൾ നടത്തി.


"മണി സർക്കുലേഷൻ' എന്ന പേരിലറിയുന്ന കബളിപ്പിക്കൽ ഇന്ത്യയിലും ഇടയ്ക്കിടെ തലപൊക്കാറുണ്ടല്ലോ. പണംകൊണ്ടുള്ള ഒരു പിറമിഡുണ്ടാക്കുകയാണ് ഇതിന്റെ രീതി. വേഗം തകർന്നടിയുന്ന പിറമിഡ്. ഉദാഹരണത്തിന്, 100 രൂപയടച്ചാൽ ഒരു മാസത്തിനകം 500 രൂപ തിരിയെക്കിട്ടുമെന്നു വാഗ്ദാനം വരും. കൂട്ടത്തിൽ, നിങ്ങൾ ഈ പദ്ധതിയിലേക്കു 10 പേരെ ചേർക്കുകയും.. അവരിൽ നിന്നു കിട്ടുന്ന ആയിരത്തിൽ നിന്നു നിങ്ങൾക്ക് 500 തരും. നിങ്ങളക്കാര്യം പിറമിഡിൻ്റെ മുകളിലിരുന്നു പലരോടും പറയും. കുറെപ്പേർ ചേരും. കാരണം, നിങ്ങളുടെ പണം ഒരു മാസത്തിനിടെ 5 മടങ്ങായിക്കിട്ടി. നിങ്ങൾ ചേർത്ത 10 പേർ നിങ്ങളുടെ താഴെ. അവരിൽ പലർക്കും 500 കിട്ടും. പിറമിഡ് കീഴോട്ടു വളരും. അങ്ങനെ കുറെയാളുകൾ ചേരും. കുറെയാകുമ്പോൾ ചേരാനാളെക്കിട്ടാതെയാകും. 100 അടച്ച അസംഖ്യം പേർ തട്ടിപ്പിനു വിധേയരാകും. പോൺസിശിഷ്യൻ അവിഹിതമായി കിട്ടിയ പണവുമായി മറയും.


സമാനമായ തട്ടിപ്പുകൾക്കു പോൺസിപദ്ധതിയെന്ന പേർ വന്നു. ഇതിൽ മഹാവിസ്മയം വിരിയിച്ചയാളാണ് ബെർണാഡ് മഡോഫ് (1938-2021) അമേരിക്കക്കാരൻ. ഇദ്ദേഹം നിക്ഷേപവിദഗ്ധനായും സമൂഹസേവനം ചെയ്യുന്ന ദാനശീലനായും പ്രവർത്തിച്ചു. പക്ഷേ, ഉദ്ദേശം 6,500 കോടി ഡോളറിൻ്റെ തട്ടിപ്പു നടത്തി, പോൺസിരംഗത്തെ ഇതിഹാസതാരമായി. എത്രയോ ബുദ്ധിമാന്മാരും മഡോഫിന്റെ പാൽപ്പുഞ്ചിരിയിൽ മയങ്ങി, കൈയിലെ കാശു കളഞ്ഞുകുളിച്ചു. മഡോഫിനു 150 വർഷത്തെ തടവുശിക്ഷ കിട്ടി.


'വലിയ തുകയുടെ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, നാം നടപടിയെടുക്കാനുള്ള അവസാനദിനം ഇന്നാണ്' എന്ന മട്ടിൽ അറിയിപ്പുവരുന്നു. നാം പ്രലോഭനത്തിൽവീണ് നടപടി തുടങ്ങുന്നു. കൂട്ടത്തിൽ സമ്മാനം തരാനുള്ള പ്രോസസിങ് ചാർജ് അടയ്ക്കുകയും ചെയ്യുന്നു. അതോടെ നമ്മെ വലവീശിയയാൾ മുങ്ങുന്നു.


ഈ ലോകം മുഴുവൻ സ്നേഹം നിറഞ്ഞതാണെന്നു കണ്ണടച്ചു വിശ്വസിക്കേണ്ട. എല്ലാ പുഞ്ചിരിയും നന്മയുടെ അടയാളമല്ല. വക്രബുദ്ധികളും സ്വാർത്ഥത മൂത്തവരും ദുഷ്ടലാക്കു മറയ്ക്കാൻ ഉപയോഗിക്കുന്ന ആയുധവുമാണു പുഞ്ചിരി.


പുഞ്ചിരി വഞ്ചനയ്ക്കുള്ള ആയുധമാക്കുന്നയാൾ സൗഹൃദത്തോടെ വരും. പരിചയപ്പെടും. നമ്മുടെ താൽപര്യങ്ങൾ മനസ്സിലാക്കും. നമ്മെ പ്രശംസിക്കും. അങ്ങനെ നമ്മുടെ മനസ്സിലേക്കു ചെറിയ പാലം പണിയും. ആ പാലത്തിലൂടെയാകും പ്രലോഭനങ്ങൾ വരുന്നത്. 'നിങ്ങൾ വിശേഷവ്യക്തിയാണ്, ഇതു നിങ്ങൾക്കു മാത്രമുള്ളതാണ്, മറ്റാരോടും പറയേണ്ട. നിങ്ങളെ വിശ്വസിക്കുന്നതുകൊണ്ടാണു പറയുന്നത്. ഉടൻ തീരുമാനിക്കു. അവസരം നഷ്ടപ്പെടുത്തരുത്' എന്ന രീതിയിൽ പലതും. ഇത്തരം വാക്കുകളിൽ അപകടത്തിന്റെ മണിയൊലി കേൾക്കാൻ നാം ശീലിക്കണം. രക്ഷാകവചങ്ങളായി മൂന്നു ചോദ്യങ്ങൾ ചോദിക്കാം:


  • ഇത് സത്യമാണെന്ന് എനിക്ക് എങ്ങനെ ഉറപ്പാക്കാം?


  • ഇതിൽ നിന്ന് മറ്റേയാൾക്ക് എന്താണ് ലഭിക്കുന്നത്?


  • ഇപ്പോൾ തന്നെ തീരുമാനിക്കണമെന്നു പറയുന്നതെന്തുകൊണ്ട്?


ഈ മൂന്നു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരമില്ലെങ്കിൽ, 'തത്കാലം ഞാനില്ല' എന്നു പറഞ്ഞൊഴിയാം. ഇല്ല എന്ന ചെറിയ വാക്ക് ധനനഷ്ടവും മനോവേദനയും ഒഴിവാക്കും.


പുഞ്ചിരിയും ചതിയും ഒരുമിച്ചു വരാമെന്ന ഷേക്സ്പിയറുടെ വാക്കുകൾ പ്രസിദ്ധം. അച്ഛനെ വധിച്ച ചിറ്റപ്പനെയോർത്ത് ഹാംലെറ്റ് രാജകുമാരൻ വിചാരിക്കുന്നു, "ചിരിച്ചുകൊണ്ടേയിരിക്കുന്നയാളും വില്ലനാണെന്നു വരാം' (One may smile, and smile, and be a villain - Hamlet - 1:5). മാക്ബെത്ത് നാടകത്തിൽ ഡങ്കൻ രാജാവിനെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ലേഡി മാക്ബെത്ത് ഭർത്താവിനു നൽകുന്ന ഉപദേശം ഇതിലും കടുപ്പമാണ് 'പുറമേ പൂപോലെ നിഷ്കളങ്കനായി ചിരിക്കൂ; അകമേ ആ പൂവിനടിയിലെ പാമ്പായി പതിയിരിക്കൂ' (Macbeth - 1:5).


തിരുക്കുറളിൽ തിരുവള്ളുവർ ഇതേ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 'കൂപ്പിയ കൈക്കുള്ളിൽപ്പോലും ആയുധം പതിയിരിക്കാം; വൈരിയുടെ കണ്ണീരിലും വഞ്ചനയാകാം (കുറൾ 828). വിനയം, കണ്ണീർ എന്നിവയിലും ചതിയുണ്ടാകാം; സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്.


സന്ന്യാസിരൂപത്തിലെത്തി ഭിക്ഷ യാചിച്ച രാവണന്റെ ലക്ഷ്യം സീതാപഹരണമായിരുന്നു. ആതിഥ്യത്തിൻ്റെ ചിരിയോടെയാണു ശകുനി യുധിഷ്ഠിരനെ ചൂതിനു ക്ഷണിച്ചത്.


ട്രോജൻ കുതിരയുടെ കഥ നമുക്കറിയാം. ഗ്രീക്കുകാർ വലിയ മരക്കുതിരയെ ട്രോയ് നഗരകവാടത്തിനു മുന്നിൽ വഴിപാടെന്ന മട്ടിൽ ഉപേക്ഷിച്ചു. അവരുടെ കപ്പൽപ്പട തിരിച്ചുപോയതായി നടിച്ചു. ചതി തിരിച്ചറിയാത്ത ട്രോജൻകാർ കുതിരയെ സന്തോഷത്തോടെ നഗരത്തിനുള്ളിലേക്കു വലിച്ചുകയറ്റി. യുദ്ധം അവസാനിച്ച ആഹ്ലാദത്തിൽ മതിമറന്ന അവർ ഉറക്കത്തിലായപ്പോൾ, കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന സൈനികർ പുറത്തിറങ്ങി നഗരകവാടം തുറന്നു. പിന്നാലെയെത്തിയ ഗ്രീക്ക് സൈന്യം നഗരത്തെ കീഴ്പ്പെടുത്തി. ഇന്നു നാം ട്രോജൻ കുതിരയെ വഞ്ചനയുടെ പ്രതീകമായി സൂചിപ്പിക്കുന്നു.


ഈഫൽ ഗോപുരം 1925ൽ വിറ്റു കാശാക്കിയ വീരനാണു വിക്റ്റർ ലിഗ്. ഫ്രഞ്ച് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി വ്യാജരേഖകൾ ചമച്ചു. പാരീസിലെ പ്രമുഖ ആക്രിവ്യവസായികളെ ആഡംബരഹോട്ടലിൽ അതീവ രഹസ്യമായി വിളിച്ചുകൂട്ടി. ഈഫൽ ടവർ പൊളിച്ചുമാറ്റി ആക്രിയായി വിൽക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവരെ വിശ്വസിപ്പിച്ചു. ആന്ദ്രെ പോയിസൺ (André Poisson) എന്നയാളിൽ നിന്ന് ടവർ സ്വന്തമാക്കാനുള്ള കരാർത്തുകയായും കൈക്കൂലിയായും വലിയൊരു സംഖ്യ ലിഗ് കൈക്കലാക്കി. പണവുമായി അദ്ദേഹം ഓസ്ട്രിയയിലേക്ക് കടന്നു. നാണക്കേട് ഭയന്ന് വ്യാപാരി പോലീസിൽ പരാതി നൽകിയില്ല.


ഇങ്ങനെ എത്രയോ ചതിക്കഥകളുണ്ട്. സൈബർലോകത്ത് തട്ടിപ്പുകളുടെ പുതിയ മാനങ്ങൾ നിത്യവും വിരിയുന്നു. ആ പുഞ്ചിരി സൂക്ഷിക്കണേ!




👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page