അല്പം വകതിരിവും വേണ്ടേ?

By ബി എസ് വാരിയർ
1956 നവംബർ 23നു തമിഴ്നാട്ടിലെ അരിയല്ലൂരിൽ പാലം തകർന്നുണ്ടായ തീവണ്ടിയപകടത്തിൽ ഉദ്ദേശം 150 യാത്രക്കാർ മരിച്ചു. അപകടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റുകൊണ്ട് സാത്ത്വികനായ ലാൽ ബഹാദൂർ ശാസ്ത്രി റെയിൽവേമന്ത്രിപദം രാജിവച്ചു. അദ്ദേഹത്തിന് ഈ അപകടത്തിൽ യാതൊരു പങ്കുമില്ലെന്ന് ഏവർക്കും നിശ്ചയമായിരുന്നു. പക്ഷേ ശാസ്ത്രിയുടെ രാജി ധാർമ്മികമൂല്യങ്ങൾ പാലിക്കുന്നതിലുള്ള അനന്യമാതൃകയായി ജനങ്ങൾ വാഴ്ത്തി. ഭരണപരമായ വലിയ പിഴവുകൾ വരുമ്പോഴെല്ലാം ബന്ധപ്പെട്ട മന്ത്രി രാജിവയ്ക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്നെന്ന് ശാസ്ത്രിയുടെ രാജി ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആക്ഷേപങ്ങൾ ഉയർത്താറുണ്ട്. ശാസ്ത്രിയുടെ രാജിയിലെ ഔചിത്യം അവിസ്മരണീയമായി തുടരുന്നു.
വകതിരിവെന്നത് നിയമം പറയുന്നതു മാത്രം ചെയ്യുന്നതല്ല. എന്താണു മാന്യമായത്, എന്താണ് ധാർമ്മികമായി ശരിയായത് എന്നിവകൂടി പരിഗണിച്ചു പ്രവർത്തിക്കുന്നതാണ്.
എപ്പോൾ എന്തു പറയണം, പറയാതിരിക്കണം, ചെയ്യണം, ചെയ്യാതിരിക്കണം എന്നിവയും വേണം മനസ്സിൽ. ഇതിൽ തുടരണോ പിന്മാറണോ എന്നു സംശയം തോന്നുമ്പോൾ, തീരുമാനം കൈക്കൊള്ളുന്നത് ഔചിത്യം കൂടി നോക്കിയാകണം.
ചിലപ്പോഴൊക്കെ ചിലതു പറഞ്ഞു മേനിനടിക്കാനുള്ള പ്രലോഭനം മനസ്സിൽ വരും. പക്ഷേ നമ്മുടെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിക്കുന്നവയാകാം. അത്തരം അവസരങ്ങളിലാണ് "മൗനം വിദ്വാനു ഭൂഷണം' എന്നത് ഓർക്കേണ്ടത്. സത്യം പറയണമെന്നതു ശരി. പക്ഷേ എല്ലാ സത്യങ്ങളും സന്ദർഭം നോക്കാതെ വിളിച്ചുപറയേണ്ടതില്ല.
'സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം'
എന്ന പ്രശസ്തവാക്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. സത്യം പറയണം, ഇഷ്ടമുണ്ടാക്കുന്നതു പറയണം, അപ്രിയസത്യം പറയരുത് എന്നു സാരം. രണ്ടാം പകുതിക്കു മറ്റൊരു അർത്ഥവും പറയാം, വെറുപ്പിക്കുന്ന രീതിയിൽ സത്യം പറയരുത് എന്ന്. ഏറെ പ്രചാരമില്ലെങ്കിലും ഇതിനെത്തുടർന്ന് ഒരു വരികൂടെയുണ്ട് :
'പ്രിയം ച നാനൃതം ബ്രൂയാത് '
ഇഷ്ടമുണ്ടാക്കുന്നതാണെങ്കിലും കള്ളം പറയരുത്. ഇതിനു സമാനമായ വാക്യം ഭഗവദ്ഗീതയിലുണ്ട് :
'അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത്' (17:15)
മറ്റുള്ളവരിൽ അസ്വസ്ഥതയോ വേദനയോ ഉളവാക്കാത്ത, സത്യവും ഹിതകരവുമായ വാക്കുകൾ ഉചിതമായിരിക്കും. ചുരുക്കത്തിൽ, പറയാൻ പോകുന്നതു സന്ദർഭത്തിനു ചേരുമോയെന്നു നോക്കുന്നത് ഔചിത്യം.
"ശരിയായ വാക്ക് ഫലപ്രദമായേക്കാം; പക്ഷേ, വേണ്ടനേരത്തു പാലിക്കുന്ന മൗനം ഏതു വാക്കിനെയുംകാൾ ശക്തം' എന്നു ഹാസസാഹിത്യകാരൻ മാർക് ദ്വൈൻ. കോപിച്ചു മറുപടി പറയാതിരിക്കുക. സന്ദേശത്തിന് മറുപടി അയയ്ക്കുന്നതിനു മുമ്പ് ഒരു നിമിഷം കാത്തിരിക്കുക. സോഷ്യൽ മീഡിയയിൽ ഒരു കമൻ്റ് ചേർക്കുന്നെങ്കിൽ, രണ്ടുതവണ വായിച്ചിട്ടാകട്ടെ. ചെറിയ ഇടവേള പലപ്പോഴും വലിയ തെറ്റുകളിൽനിന്ന് നമ്മെ രക്ഷിക്കും. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഇതിനു പ്രാധാന്യമേറെ.
സുഹൃത്ത് സ്വകാര്യമായി പറഞ്ഞ കാര്യം മറ്റൊരു സുഹൃത്തിനോട് പറയണമെന്ന് എത്ര ശക്തമായി തോന്നിയാലും, സ്വയം നിയന്ത്രിച്ചു മൗനം പാലിക്കാം.
വകതിരിവിന് discretion, propriety, judgement, tact എന്നീ വാക്കുകളുമായി അടുത്ത ബന്ധമുണ്ട്. പരീക്ഷയ്ക്കു പഠിച്ച് അറിവു വർദ്ധിപ്പിച്ച് ബിരുദം നേടിയതുകൊണ്ട് ഇവയൊന്നും കൈവരില്ല. ഉചിതമായ രീതികൾ മനസ്സിലാക്കി ബുദ്ധിപൂർവം പ്രവർത്തിക്കേണ്ടതുണ്ട്. ഇതിൽ ഭീരുത്വമില്ല. സാഹചര്യങ്ങൾ മനസ്സിലാക്കി, സ്വന്തം വികാരങ്ങളെ നിയന്ത്രിച്ച്, ശരിയായ തീരുമാനമെടുക്കാനുള്ള കഴിവാണു വകതിരിവ്. വ്യക്തിത്വം രൂപപ്പെടുന്ന കൗമാരത്തിൽ ഇതിനു പ്രാധാന്യമേറെ. കുട്ടികളിലെ അനൗചിത്യം അന്യർ ക്ഷമിച്ചേക്കാം. മുതിർന്നവരുടെ വകതിരിവുകേടു പല ദോഷങ്ങളും വരുത്തും. തെറ്റിലേക്കു പോകാൻ സുഹൃത്തുക്കളുടെ സമ്മർദ്ദമുണ്ടായാലും, സമചിത്തത പുലർത്താൻ കഴിയണം.
വളരെ ഉയർന്ന മാർക്കു നേടിയ കുട്ടിയുടെ സുഹൃത്തിനു മാർക്കു തീരെക്കുറഞ്ഞ സന്ദർഭം. തൻ്റെ നേട്ടം എല്ലാവരെയും അറിയിക്കാൻ സമർത്ഥനു താല്പര്യം. പക്ഷേ അയാൾക്കു വകതിരിവുണ്ടെങ്കിൽ മാർക്കു കുറഞ്ഞുപോയ സ്നേഹിതൻ്റെ അടിത്തിരുന്ന് ആശ്വസിപ്പിക്കുകയല്ലേ വേണ്ടത്? ഇതിൽ ത്യാഗമല്ല, വകതിരിവു മാത്രമാണുളളത്. ശൗര്യത്തിന്റെ ശ്രേഷ്ഠഭാഗം വകതിരിവെന്നു ഷേക്സ്പിയർ (ഹെൻറി IV ഭാഗം1, 5:4).
കൂട്ടുകാരെല്ലാം അപകടകരമായി സാഹസികതയ്ക്കു പോകുന്നെന്നു കരുതുക. കാര്യം നല്ലതല്ലെന്നു നിങ്ങൾക്കു ബോധ്യമുണ്ട്. ഈ അവസരത്തിൽ പരിഹാസം ഭയന്ന് അവരോടു ചേരാത്തതു ഭീരുത്വമല്ല. പിന്മാറാനുള്ള ഔചിത്യവും വിവേകവും കാട്ടേണ്ട സന്ദർഭമാണത്. ജുനിയർ വിദ്യാർത്ഥിയെ റാഗു ചെയ്തു പീഡിപ്പിക്കുന്നെങ്കിൽ, വിട്ടുനില്ക്കാനുള്ള വകതിരിവു കാണിക്കണം. ഇല്ല, അല്ല, വയ്യ എന്നെല്ലാം വേണ്ടപ്പോൾ പറയാൻ ധൈര്യം കാണിക്കണം. എല്ലാവരും ചെയ്യുന്നതുകൊണ്ട് ഞാനും ചെയ്യണം എന്ന ചിന്ത വേണ്ട.
സരസനായ അധ്യാപകൻ്റെ കഥ കേൾക്കുക. കോപം മനസ്സിൽവച്ചു പെരുമാറുന്ന വിദ്യാർത്ഥിയെ അദ്ദേഹം ശ്രദ്ധിച്ചു. അയാളോട് ഒരു ഗ്ലാസ് വെള്ളം പിടിച്ചുകൊണ്ടു നില്ക്കാൻ ആവശ്യപ്പെട്ടു. കുറെക്കഴിഞ്ഞപ്പോൾ അയാളുടെ കൈകഴച്ചു. 'സർ, ഗ്ലാസ് താഴെ വച്ചോട്ടേ?' എന്ന ചോദ്യത്തിനു ശരി എന്നു മറുപടി നല്കി.
തീരെ ഭാരംകുറഞ്ഞതായിട്ടും കുരെ നേരം പിടിച്ചുകൊണ്ടുനിന്നപ്പോൾ കൈകഴച്ചത് അയാൾ ശ്രദ്ധിച്ചു. 'എടോ, തൻ്റെ കോപവും ഇതുപോലെയാണ്. മനസ്സിൽ ഏറെ നേരം കൊണ്ടു നടന്നാൽ അതിൻ്റെ ഭാരം കൂടും. കോപം മനസ്സിൽ തോന്നിയാൽ ഉടൻ അത് ഉപേക്ഷിച്ചേക്കുക' എന്ന് അധ്യാപകൻ സൂചിപ്പിച്ചു. ഇതു വകതിരിവിൻ്റെ ഭാഷകൂടിയാണ്.
വകതിരിവു പൊതുസമൂഹത്തിൽ മാത്രം കാട്ടിയാൽപ്പോരാ. വീട്ടിലും ക്ലാസ്മുറിയിലുമെല്ലാം അടുത്ത ബന്ധുക്കളോടും സ്നേഹിതരോടുമെല്ലാം എല്ലാ സന്ദർഭങ്ങളിലും പാലിക്കേണ്ടതാണ്. 'പെരുമാറ്റമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്' എന്ന് ഇംഗ്ലിഷ് മൊഴി. നമ്മുടെ പ്രവൃത്തി മറ്റാളുകളിൽ ഉളവാക്കുന്ന വികാരം ഏതു നേരത്തും മനസ്സിൽ വേണം. മരണവീട്ടിൽപ്പോയി പൊങ്ങച്ചം പറഞ്ഞു പരിഹാസ്യരാകുന്നവരെ കണ്ടിട്ടില്ലേ?
നാം സ്വീകരിക്കേണ്ട മാർഗ്ഗത്തെപ്പറ്റി സംശയം വരുമ്പോൾ ചില ചോദ്യങ്ങൾ സ്വയം ചോദിക്കാം. ഞാനീ ചെയ്യുന്നതു ശരിയാണോ, ഇപ്പോൾ ചെയ്യുന്നത് ഉചിതമാണോ, ഇത് ആരെയെങ്കിലും വേദനിപ്പിക്കുമോ, നാളെ ഇതോർത്തു ലജ്ജിക്കേണ്ടിവരുമോ, എല്ലാവരും ചെയ്യുന്നതുകൊണ്ട് ഈ തെറ്റു ഞാനും ചെയ്യേണ്ടതുണ്ടോ എന്നീ ചോദ്യങ്ങൾ. കൂട്ടത്തെ പിന്തുടരാൻ ഏതു പശുവിനും കഴിയും. സ്വന്തം മനസ്സാക്ഷിയെ പിന്തുടരാനാണ് ധൈര്യം വേണ്ടത്.
ഔചിത്യം കർക്കശക്കാരനായ ഒരു യജമാനനാണ്; പക്ഷേ കളങ്കമറ്റ സൽപ്പേര് കാത്തുസൂക്ഷിക്കണമെങ്കിൽ ആ യജമാനനെ അനുസരിച്ചേ മതിയാകൂ. കൺഫ്യൂഷ്യസ് പറഞ്ഞു, 'വകതിരിവില്ലാത്ത നേരേപോക്ക് അപമര്യാദയാകാം'. വകതിരിവിൻ്റെ അടിത്തറ ധാർമ്മികബോധമാണ്. വിജയത്തിൽ നിലവിട്ട് ആഹ്ലാദിക്കുന്നതും, പരാജയത്തിൽ അതിരുകവിഞ്ഞു ദുഃഖിക്കുന്നതും ഉചിതമല്ല. ക്ഷമയും ഔചിത്യവും മാന്യതയുളവാക്കും.
എന്തു ചെയ്യുമ്പോഴും അല്പം വകതിരിവും വേണ്ടേ?

Comments