top of page

Venalil Veeshunna Kulithennal -Short Story

വേനലിൽ വീശുന്ന കുളിർതെന്നൽ

കഥ | ഗിരി ബി വാരിയർ

******

“അതേയ്, നിങ്ങളെന്തിനാ ഇറയത്ത് ഇരിക്കണത്, എന്തൊരു ചുടുകാറ്റാണ്.. അകത്ത് മുറിയിൽ ഫാൻ ഇട്ടിരുന്നൂടെ.. പിന്നിൽ നിന്നും ചോദ്യം കേട്ട് തിരിഞ്ഞുനോക്കി. അമ്മിണിയാണ്.


പണ്ടൊന്നും ഭർത്താവിനെ ഏട്ടാ എന്നൊന്നും വിളിക്കൽ പതിവില്ല. അതേയ്, പിന്നേയ്, ദേ കേൾക്കുണ്ടോ, പിന്നെ പുറത്താരോടെങ്കിലും പറയുമ്പോൾ കുട്ട്യോൾടെ അച്ഛൻ അങ്ങിനെയൊക്കെയാണ് അഭിസംബോധന ചെയ്യുക. തിരിച്ചും അങ്ങിനെതന്നെ, ഇതുവരെ മുഖത്ത് നോക്കി അമ്മിണി എന്ന് പേരെടുത്ത് വിളിച്ചിട്ടില്യ.


മെയ് മാസചൂടിൽ പുറത്ത് ഇറയത്ത് ഇരുന്നാൽ ചെറുതായി ഇലയനങ്ങിയാലും ഒരു ചെറിയ തണുത്ത കാറ്റ് കിട്ടും. ഫാനിന്റെ കാറ്റിന് വല്ലാത്ത പുഴുക്കമാണ്.


“നിങ്ങൾക്ക് ഓർമ്മെണ്ടോ അൻപത് കൊല്ലം മുൻപ് ഈ പാറപ്പുറത്ത് വീടുവെക്കുന്നതിനെ പറ്റി സംസാരിക്കാൻ ഇതുപോലെ വെയിലുള്ള ദിവസം വന്നത്. തണലിന് ഒരു കുറ്റിച്ചെടി പോലും ഈ പറമ്പിൽ ഉണ്ടായിരുന്നില്ല. ഒരു പഴയ കൈലിമുണ്ട് നാല് കമ്പിന്മേൽ കെട്ടി തണലുണ്ടാക്കി ഇരുന്നത് ഇന്നലത്തെപോലെ തോന്നുന്നു. എന്നിട്ട് ഈ സ്വപ്നവീടിന്റെ ഒരു സ്കെച്ച് മണ്ണിൽ വരച്ചതും ഒക്കെ”.


“അതൊക്കെ മറക്കാൻ കഴിയൊ, എത്ര കഷ്ടപ്പാടുകൾ അനുഭവിച്ചു ഇതൊന്ന് കെട്ടിപ്പൊക്കാൻ..” ഭർത്താവിന്റെ ഓർമ്മകളിൽ ഭാര്യയും പങ്കാളിയായി.


“നിങ്ങള് അകത്ത് പൊയ്ക്കോളൂ, ഞാൻ കുറച്ച് നേരം കൂടി ഇവിടെ ഇരുന്നിട്ട് വരാം.”


ഉമ്മറപ്പടിയുടെ തിണ്ണയിൽ ഇരുന്നപ്പോൾ മനസ്സ് വർഷങ്ങൾ പിന്നോട്ട് പോയി.


ഒരു മാർച്ച് മാസത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ നരച്ച സാരിയുടെ അറ്റംകൊണ്ട് തലമുടി വീടുപണി നടക്കുന്ന പറമ്പിലേക്ക് അമ്മിണി വരുമ്പോൾ ഞാൻ അയല്പക്കത്തെ മനപ്പറമ്പിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുടത്തിൽ കൊ ണ്ടുവന്ന് പടിഞ്ഞാറേ ഭാഗത്ത് ഡ്രമ്മിൽ നിറക്കുകയായിരുന്നു.


“അതേയ് താലൂക്കീന്ന് ലോൺ പാസായി, ഇരുപത്തിഅയ്യായിരം ണ്ട്. കടലാസൊക്കെ ഇന്ന് ശര്യാക്കി, തിങ്കളാഴ്ച പണം തരാമെന്ന് പറഞ്ഞിട്ടുണ്ട്."


അമ്മിണി സന്തോഷം അടക്കാനാവാതെ പറഞ്ഞത് ഇന്നലത്തെ പോലെ മനസിലുണ്ട്. നാലുമാസത്തോളം പിന്നാലെ നടന്നിട്ടാണ് അവസാനം ലോൺ തയ്യാറായത്. ഭൂമിയുടെ ആധാരം പണയത്തിൽ ആയി എന്നിരുന്നാലും.


കയ്യിലെ കുടം ചെരിച്ച് അമ്മിണിക്ക് മുഖം കഴുകാൻ വെള്ളം ഒഴിച്ചുകൊടുത്തു. മുഖം കഴുകി ചൂടുപോകാൻ സാരിയുടെ തല നനച്ച് തലയിലിട്ടു.


“വല്ല്യൊരു ആശ്വാസമായി, വരാന്തയിൽ ഗ്രില്ലും, പടിക്കൽ ഒരു ചെറിയ ഗേറ്റും, ടെറസിൻമേലേക്ക് ഒരു വാതിലും, ചെത്തിതേപ്പും, കുമ്മായം പൂശലും കൂടി കഴിഞ്ഞാൽ പാലുകാച്ചി വിഷുവിന് മുൻപ് കയറിത്താമസിക്കാം. ചെറ്യേ രീതിയിൽ ആണെങ്കിലും നാലാളെ വിളിക്കണ്ടേ. ഇതീന്നൊരു അയ്യായിരം മിച്ചം വെച്ച് കൈവായ്പ വാങ്ങിയത് തിരിച്ചുകൊടുക്കാം, അത്രേം കടം കുറയൂലോ.”


“കുട്ട്യോൾക്ക് വിഷുവായിട്ട് എന്തെങ്കിലും വാങ്ങേണ്ട. കഴിഞ്ഞ ഓണത്തിനും ഒന്നും വാങ്ങിയില്ല്യ.” അമ്മിണി ഒരു ചോദ്യം പോലെ ചോദിച്ചു.


“വിഷൂന് ബോണസ് കിട്ട്യാൽ തരാക്കാം.. അതുകഴിഞ്ഞാൽ സ്‌കൂൾ തുറക്കും, പിന്നെ യൂണിഫോം, പുസ്തകം കുട ഒക്കെ വാങ്ങേണ്ടേ.”


“യൂണിഫോം വേണ്ടിവരില്യ, ഗീതേടെ കഴിഞ്ഞ കൊല്ലത്തെ യൂണിഫോം വല്യ കേടുപാടൊന്നും പറ്റീട്ടില്യാ, ഇച്ചിരി നരച്ചിട്ടുണ്ട് ച്ചാലും .”


“കൊല്ലപ്പരീക്ഷ തുടങ്ങുന്നതിന് മുൻപ് ഒരാഴ്ച്ച ലീവ് വേണമെന്ന് ഹെഡ് മാഷിനോട് പറഞ്ഞിട്ടുണ്ട്. ഞാനും കൂടെ ഇവിടെ നിന്നാൽ അത്രേം ആവൂലോ. ഇനി തേപ്പിന് വെള്ളം കുറെ വേണ്ടിവരും. മനയ്ക്കൽ കുഞ്ഞാത്തോൽ പറഞ്ഞു വെള്ളം എത്ര വേണങ്കിലും എടുത്തോളാൻ, അതിലും ഒന്ന് ചേറ്‍ എടുക്കേണ്ടി വരും. നമ്മുടെ കിണറ്റിൽ നിന്നും കൂടിയാൽ എട്ടോ പത്തോ ബക്കറ്റ് വെള്ളം കിട്ടുമായിരിക്കും.”


അന്ന് സംസാരിച്ചുകൊണ്ട് മനയ്ക്കലെ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുവന്ന് പിന്നിലെ ഡ്രം നിറച്ചു. അതിനിടയിൽ വല്യകുഞ്ഞാത്തോൽ മോരുംവെള്ളം ഉണ്ടാക്കി തന്നു കുടിക്കാൻ. രണ്ടരക്ക് പണിക്കാർ ജോലിക്ക് കയറുമ്പോൾ അവർക്ക് സിമന്റ് കൂട്ടാനും മറ്റും വെള്ളം വേണം.


ഇല്ലപ്പറമ്പ് പൈപ്പ് കമ്പനിക്ക് കൊടുക്കുമ്പോൾ തിരുമേനിയുടെ നിർബന്ധം മൂലം മാത്രമാണ് ഈ മുപ്പത്തിരണ്ട് സെന്റ് വാങ്ങിയത്. പണം ണ്ടാവുമ്പോ കുറേശ്ശേ തന്നാമതി എന്ന വ്യവസ്ഥയിൽ തന്നതാണ്. ഹൈവേയുടെ ഭാഗത്ത് മുപ്പത്തിരണ്ട് സെന്റ് സ്ഥലം എടുത്തോളാൻ ആണ് തിരുമേനി പറഞ്ഞത്. പക്ഷെ അക്കാലത്ത് അവിടം വിജനമായിരുന്നു ഈ ഭാഗത്താണെങ്കിൽ തൊട്ട് മനയുണ്ട്, പിന്നെ മുൻപിലെ റോഡിന് എതിർവശത്ത് അന്തോണിയേട്ടനും കുടുംബവും, കൊച്ചപ്പനും ആനിയും എല്ലാവരും ഉണ്ട്. വിളിച്ചാൽ വിളികേൾക്കാൻ ആരെങ്കിലും ഉണ്ടാവണമെന്നേ കരുതിയുള്ളൂ.


കയ്യിൽ നയാ പൈസ ഇല്ലാത്ത സമയത്താണ് വീടിന് കുറ്റിയടിച്ചത്.


അന്ന് തിരുമേനി പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്, വീട് ഉണ്ടാക്കാൻ പണം നോക്കിയിരുന്നാൽ വീടുപണി നടക്കില്ല്യ. ആദ്യം തറ കെട്ടാൻ പൈസ താരാക്ക്വ, തറ പണി കഴിഞ്ഞാൽ കട്ടിള വെക്കാൻ, പിന്നെ ചുമര് കെട്ടാൻ, പിന്നെ ഒരു കൂര വാർക്കാൻ, കുറേശേ കുറേശേ ആശിച്ചാൽ ആശിച്ചതൊക്കെ കിട്ടും. താൻ ധൈര്യമായി തുടങ്ങടോ.


വീടുപണിയുടെ കാര്യം കേട്ടപ്പോൾ ഓഫീസിൽ ഡോക്ടർ വാര്യർ ഒരു അഞ്ഞൂറ് രൂപ തന്നു. തരംപോലെ തിരിച്ചു തന്നാമതി എന്നൊരു ആശ്വാസവാക്കും.


പണി തുടങ്ങി, തിരുമേനി പറഞ്ഞതുപോലെ എങ്ങിനെയൊക്കെയോ പണം വന്നു, ചോദിക്കാതെ തന്നെ ചെറിയമ്മയുടെ മക്കളും മറ്റു ചിലരും സഹായിച്ചു, പരിചയത്തിലുള്ള ചിലർ ഒന്നോ രണ്ടോ ആഴ്ച്ചക്കായി പണം തിരുമറി നടത്തി തന്നു.

കയ്യിലുണ്ടായിരുന്ന സ്വർണ്ണം ഒക്കെ പണയം വെച്ചു.


അമ്മിണിക്ക് ആകെ രണ്ട് സാരികളാണുണ്ടായിരുന്നത് , ദിവസവും മാറിമാറി ചുറ്റി അതിന്റെ നിറം മങ്ങാൻ തുടങ്ങിയിരുന്നു, അക്കാലത്ത് ഞാൻ വെള്ള മുണ്ടും വെള്ളഷർട്ടും ശീലമാക്കി, ഗീതയ്ക്ക് നീലപ്പാവാടയും, വെള്ള ഉടുപ്പും, ചുവന്ന റിബണും ആണ് യൂണിഫോം. മകനെ അമ്മിണിയുടെ സ്‌കൂളിൽ തന്നെ ചേർത്തിയതിനാൽ യൂണിഫോം വേണ്ട. അവിടെ അഞ്ചാം ക്ലാസ് മുതലേ യൂണിഫോം ഉള്ളു. മകളുടെ യൂണിഫോം വൈകീട്ട് വന്നാൽ നനച്ചിടും. മകന് പ്രത്യേകം നിർദ്ദേശം നൽകി അറിയാതെ പോലും നിലത്ത് വീഴുകയോ ഡ്രസ്സ് വൃത്തികേടാക്കുകയോ അരുത്, മറ്റൊരെണ്ണം വാങ്ങുക എളുപ്പമല്ല. പല്ലിശ്ശേരി മാഷിന്റെ കടയിൽ നിന്നും വാങ്ങിയ കാക്കിത്തുണിയിൽ രണ്ടുമൂന്ന് ട്രൗസർ തുന്നിയതാണ് അവന്റെ ഡ്രസ്സ്.


തറവാട്ടിൽ നിന്നും നാലര കിലോമീറ്റര് ദൂരെയാണ് അമ്മിണിയുടെ സ്‌കൂൾ, ഗീതയുടെ സ്‌കൂൾ രണ്ടരകിലോമീറ്റർ ദൂരെയും. രണ്ടുപേരും നടന്നാണ് പോകുക. മകനെ അമ്മിണി കൂടെ കൊണ്ടുപോകും, പകുതി ദൂരമാവുമ്പോഴേക്കും അവൻ തളരും, പിന്നെ അമ്മിണിയുടെ ഒക്കത്തിരുന്നാണ് യാത്ര.


കുറെ കഷ്ടപ്പാടുകൾ സഹിച്ച് വീട് കെട്ടിപ്പൊക്കി, ആ വർഷം വിഷുവിന് വീട്ടിൽ കയറിക്കൂടി, അപ്പോഴേക്കും കറണ്ട് കണക്ഷനും കിട്ടിയിരുന്നു.


പിന്നീടുള്ള മൂന്നുനാല് വർഷങ്ങൾ കഷ്ടതകൾ നിറഞ്ഞതുതന്നെയായിരുന്നു. ക്രമേണ താലൂക്കിലെ ലോൺ മുഴുവൻ അടച്ചുതീർത്തു, കൈവായ്‌പകൾ കൊടുത്തുതീർത്തു.


പടിപടിയായി ഓരോരോ സൗകര്യങ്ങൾ ഉണ്ടാക്കി, വീട്ടിൽ പൈപ്പ് കണക്ഷൻ ഉണ്ടാക്കി, ടെറസ്സിന്റെ മുകളിൽ ഒരു ടാങ്ക് നിർമ്മിച്ചു, ഒരു മോട്ടോർ വാങ്ങിവെച്ചു. കുടിക്കാൻ മാത്രം വെള്ളം കോരും. പറമ്പിൽ നിറയെ മരങ്ങൾ വെച്ചുപിടിപ്പിച്ചു. പാറയുള്ള പറമ്പായതിനാൽ വീട് പണിയാനുള്ള വെട്ടുകല്ല് പറമ്പിന്റെ പടിഞ്ഞാറേ അറ്റത്തുനിന്നും വെട്ടിയെടുത്തിരുന്നു. നാലഞ്ച് വർഷത്തെ അദ്ധ്വാനമാണ് ആ കല്ലുവെട്ടാംകുഴി

മുഴുവനായി നികത്തിയെടുത്തത്.


“നിങ്ങള് അകത്തേക്ക് വരൂ, ദേ ഗീതേടെ ഫോൺ വരും ഇപ്പോൾ“


സാധാരണ ഈ സമയത്താണ് മകൾ ഫോൺ ചെയ്യുക. അമ്മിണി സംസാരിക്കും, ഞാൻ കേട്ടിരിക്കും.


അപ്പോൾ തൊടിയിൽ നട്ടുവളർത്തിയ മാവുകളുടെയും പ്ലാവുകളുടെയും ഇലകൾ ഇളകാൻ തുടങ്ങിയിരുന്നു. ചുട്ടുപൊള്ളുന്ന മെയ്മാസവെയിലിലും ഒരു കുളിർതെന്നൽ ഞങ്ങളെ തഴുകി കടന്നുപോയി.


ഗിരി ബി വാരിയർ

ത്രൈലോക്യമംഗലം വാരിയം

ഗീതാഞ്ജലി തലോർ

👍👌: warriers.org97 views0 comments

Comments


bottom of page