top of page

Thechi poovum Njanum - Short story by Ravi Variyath

തെച്ചി പൂവും ഞാനും (ചെറുകഥ) -

കൃസ്തുമസ് വെക്കേഷൻ,

ഓണം വെക്കേഷൻ എന്നൊക്കെ പറയുന്ന പോലെ

കൊറോണ വെക്കേഷൻ കാലത്ത്

നാട്ടിൽ സ്ഥിരമിരിപ്പിനിടയിൽ

അയൽ വീട്ടിലെ പടിവാതിലിനടുത്ത് പൂത്തുലഞ്ഞു നിന്നിരുന്ന തെച്ചി പൂക്കൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചു.

അത് കാണുമ്പോഴൊക്കെ എൻ്റെ വീട്ടിലും അതു പോലെ പൂത്തുനിൽക്കുന്നൊരു തെച്ചിയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നാൻ തുടങ്ങി. അതിൽ നിന്നും ഒരു കൊമ്പ് വെട്ടി കൊണ്ടുവന്ന് നട്ടുപിടിപ്പിക്കണം എന്ന് മോഹവും തോന്നി.

ഒന്നൊന്നര കൊല്ലത്തോളം പുറത്തിറങ്ങാനാവാത്ത ആ കാലത്തിനിടയിൽ ഞാൻ മൂന്നുനാലു തവണ അതിന് ശ്രമിച്ചെങ്കിലും ഒരു കമ്പും പച്ച പിടിച്ചില്ല.

ഒരു മുകുളമെങ്കിലും വന്നില്ല.

ഉണങ്ങിയും,

അളിഞ്ഞും അതൊക്കെ പോയി.

ലോകം കൊറോണ മുക്തമായി എന്ന പൊതു വിശ്വാസം വന്നു തുടങ്ങിയതോടെ ഞാൻ മുംബൈ ക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു.

അപ്പോൾ ഒരു തവണ കൂടി തെച്ചികമ്പ് കൊണ്ടുവന്ന് നട്ട് നോക്കിയാലൊ എന്ന ഒരു ആലോചന എനിക്കുണ്ടായി. പിന്നെ ഒട്ടും

വൈകതെ

അയൽ വീട്ടിൽ നിന്നും വീണ്ടും തെച്ചിക്കൊമ്പ് വെട്ടി കൊണ്ടു വന്ന് പൂമുറ്റത്തെ അരിക് തിണ്ണക്ക് മുകളിലായി കുഴിയെടുത്ത് ചാണകവും വെള്ളവും തളിച്ച് നട്ട് കുഴി മൂടി.

ദിവസവും മൂന്നു നേരം ഞാനാ കമ്പ് കിളിർക്കുന്നുണ്ടൊ എന്ന് നോക്കും.

അങ്ങിനെ എനിക്ക് തിരിച്ചു പോരാൻ ഒരാഴ്ച്ച ബാക്കിയുള്ളപ്പോൾ തെച്ചിക്കമ്പിൽ ഒന്ന് രണ്ട് ചിനപ്പുകൾ ഞാൻ കണ്ടു. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. മൂന്നു വട്ടവും വിഫലമായ ശേഷം നാലമത്തെ പരിശ്രമം വിജയം വരിച്ച ആ നിമിഷം എൻ്റെ മനസ്സിൽ ഒരു പാട് തെച്ചി പൂക്കൾ ഒരുമിച്ച് വിരിഞ്ഞു.അമ്മയെ വിളിച്ചു കൊണ്ടുവന്ന് ഞാനത് കാണിച്ചു കൊടുത്തു. അതിൻ്റെ ചുറ്റും ഉണങ്ങിയ ചാണകം പൊടിച്ച് വിതറാനും, ചുറ്റും മൺതടം കെട്ടി

രണ്ടു തവണ വെള്ളമൊഴിക്കാനും അമ്മ പറഞ്ഞു. ഞാനങ്ങിനെ ചെയ്തു എന്ന്

മാത്രമല്ല ചിലപ്പോഴൊക്കെ ഞാനതിനോട് സംസാരിക്കാനും തുടങ്ങി.

അത് കണ്ടാൽ അമ്മ പറയും.

കുട്ടിക്കാലത്തെപ്പോലെ അത് പറിച്ചെടുത്ത് വേര് വന്നിട്ടുണ്ടൊന്ന് നോക്കണ്ടാ ട്ടൊ.

നിയ്യതും ചെയ്യും അതോണ്ട് പറയാ എന്നും.

ഇനി മടങ്ങാൻ മൂന്നു ദിവസം ബാക്കി.

തെച്ചിക്കമ്പിൽ രണ്ട് നാലു് സ്ഥലങ്ങളിൽ മുള പൊട്ടിയിരിക്കുന്നു. പച്ച നിറത്തിലുള്ള ചെറിയ ചെറിയ തുടിപ്പുകൾ തെച്ചികമ്പിന് ജീവൻ വെച്ച പോലെ കിളിർത്തിരിക്കുന്നു.

എനിക്കവയെ തൊട്ടു നോക്കാൻ ഒരു മോഹം . പക്ഷെ കമ്പ് ഇളകുമൊ എന്ന പേടിയും.

മറ്റന്നാൾ ഞാൻ പോകും നീ നല്ല കുട്ടിയായി വളർന്ന് വലുതാവണം. ഇനി ഞാൻ വരുമ്പോഴേക്കും നീ പൂവ്വിട്ട് നിൽക്കണം.

ഞാൻ ഇടക്കിടെ അതിൻ്റെ അടുത്ത് ചെന്ന് പറയും. അപ്പോഴൊക്കെ മൂകഭാഷയിൽ ശരി സമ്മതിച്ചു എന്ന് തെച്ചി പറയുന്ന പോലെ എനിക്ക് തോന്നും.

തിരിച്ചു പോരാനുള്ള മണിക്കൂറുകൾ അടുക്കുംന്തോറും എനിക്കതിനോടുള്ള സ്നേഹം കൂടി കൂടി വന്നു.ഞാൻ മനുഷ്യനും അതൊരു ചെടിക്കമ്പും എന്ന ധാരണ എനിക്കില്ലാതായി. അത് എനിക്ക് ഏറെ പ്രിയപ്പെട്ട ആരോ, എന്തോ ആണന്ന ഒരു

ബോധം എൻ്റെ മനസ്സിൽ വിടർന്നു.

അതു കൊണ്ടു തന്നെ അതിനെ വേർപിരിയാൻ എനിക്കെന്തോ വല്ലാത്തൊരു വിഷമം തോന്നി.

അപ്പോഴും അമ്മ പറഞ്ഞു. ഓ... നിൻ്റെ കാട്ടിക്കൂട്ടല് കണ്ടാ തോന്നും അത് നിൻ്റെ ഭാര്യയാണന്ന്. നിൻ്റെ അമ്മയായ എന്നെ വിട്ടു പിരിഞ്ഞു പോകാൻ നിനക്കൊരു സങ്കടോംല്യല്ലൊ എന്നൊക്കെ. അൽപ്പം തമാശയായാണ് അമ്മ അത് പറഞ്ഞതെങ്കിലും അതിലിത്തിരി കാര്യമില്ലേ...

എന്ന്

എനിക്ക് തോന്നി. ഞാൻ അമ്മയുടെ ചുമലിൽ കൈ വെച്ച വെള്ളി കെട്ടിയ മുടിയിഴകളിൽ തൊട്ട് മെല്ലെ പറഞ്ഞു.

അമ്മാരസ്യാര് എന്തിനാ ഇങ്ങിനെ ദേഷ്യപ്പെടണത്. എനിക്ക് അമ്മേ വിട്ടു പോകാൻ

സങ്കടല്യാതിരിക്ക്വാ

എൻ്റെ സുന്ദരിയമ്മയല്ലെ,

എത്ര നല്ല സ്വഭാവ എൻ്റെ അമ്മടെ ......

ഓ പിന്നെ.... നിയ്യങ്ങിനെ കളിയാ ക്കൊന്നും വേണ്ടാട്ടൊ. എൺമ്പത്താറ് കഴിഞ്ഞു, മുടിയിത്തിരി

നരച്ചൂന്നെള്ളു. കാണാനൊക്കെ ഞാനിപ്പൊഴും അത്ര മോശൊന്നും അല്ലാ എന്നും പറഞ്ഞ്

അമ്മ നന്നായി ചിരിച്ച് അകത്തേക്ക് പോയി.

അപ്പോൾ ഞാൻ മനസ്സിലോർത്തു

സുന്ദരി , സൽസ്വഭാവി എന്ന വാക്കുകളൊക്കെ തുരുപ്പ് ചീട്ടുകളാണ്.

അമ്മയായാലും ഭാര്യയായാലും, കാമുകിയായാലും അവർ അതിൽ വീഴും തീർച്ച.

ഞാനും ഒന്ന് ചിരിച്ചു.

അങ്ങിനെ തിരിച്ചു പോരേണ്ട സമയമായി.

കാറിൽ കയറുന്നതിൻ്റെ മുൻപ് ഞാനൊന്നു കൂടി തെച്ചിച്ചെടിയെ കാണാൻ പോയി.

അതിൻ്റെ കൊച്ചിലകളിൽ മൃദുലമായി തൊട്ട് തലോടി യാത്ര പറഞ്ഞ് തിരിച്ച് വന്ന് കാറിൽ കയറി. ചില്ലുകൾ താഴ്ത്തി ഞാനമ്മയെ നോക്കി.

അമ്മ അടുത്തേക്ക് വന്നു.

കൺതടങ്ങളിൽ നിറഞ്ഞു നിന്ന കണ്ണുനീർ തുള്ളികൾ ഞാൻ തുsച്ചു കൊടുക്കുമ്പോൾ അമ്മ മുഖം താഴ്ത്തി പറഞ്ഞു.

എത്തിയാൽ ഉടനെ അറിയിക്കണം.

എൻ്റെ മനസ്സിൻ്റെ വേദന നിനക്കറിയില്ല.

പിന്നെ നിൻ്റെ തെച്ചി അതിനൊരു കുഴപ്പവുമില്ലാതെ ഞാൻ നോക്കിക്കോളാം....

അന്ന് യാത്ര പറഞ്ഞിറങ്ങിയ ഞാനിതാ ഒരു വർഷത്തിന് ശേഷം തിരിച്ചു വന്നിരിക്കുന്നു.

മുറ്റത്ത് കാറിറങ്ങിയപ്പോൾത്തന്നെ അമ്മ എന്നെ ചേർത്ത് പിടിച്ച് പറഞ്ഞു.

വാ

നിനക്ക് നിൻ്റെ തെച്ചിയെ കണണ്ടെ

ദാ നോക്ക് .... കണ്ടില്ലെ പൂത്തു നിൽക്കുന്ന നിൻ്റെ തെച്ചി.

ഞാൻ ഏതോ ഒരു നിർവൃതി പോലെ ആ പൂക്കുലയിൽ ഒന്ന് തൊട്ടു.

മുഖം താഴ്ത്തി ഒരുമ്മ കൊടുത്തു.

അപ്പോൾ തെച്ചി പറയുന്ന പോലെ എനിക്കു തോന്നി

ഞാൻ പൂത്തു ട്ടൊ

ഞാനാ വാക്ക് പാലിച്ചു ട്ടൊ എന്ന്.

പട്ടാമ്പി കഴിഞ്ഞു

ഷൊർണ്ണൂരെത്താറായിട്ടൊ .

എന്തൊരു ഉറക്കാദ്

പെട്ടീം ബാഗൊക്കെ വാതിലിക്കല് കൊണ്ടെക്കണ്ടെ..

വേഗം എണീക്കു.

മുഖത്ത് പൗഡർ പൂശി കണ്ണെഴുതി പൊട്ടു തൊട്ട് ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന എൻ്റെ ഭാര്യ ചോദിക്കുന്നത് കേട്ട് ഞാനുണർന്നൂ.

നിളാ നദിയിലെ കുളിരുള്ള കാറ്റ് എന്നെ പൊതിഞ്ഞു. വണ്ടി നിന്നു.

സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള എൻ്റെ യാത്ര തുടങ്ങി. ഞങ്ങൾ ഷെർണ്ണൂർ

സ്റ്റേഷനിലിറങ്ങി.

ഏഴ് ബാഗല്ലെ നമ്മുടെ .....

ആരാ ചോദിച്ചത് ഭാര്യയൊ തെച്ചി പൂവ്വൊ,

അതോ രണ്ടും ഒന്നു തന്നെയൊ....

🙏

Best wishes: warriers.org



237 views0 comments
bottom of page