Short Story by Sujatha Warrier
- warriers.org

- 21 minutes ago
- 7 min read
ഋതുക്കളിൽ ഒരുത്രാളിച്ചന്തം....

ഉത്രാളിപ്പാടത്ത് വർണ്ണവസന്തം തീർക്കുന്ന പൂരത്രയം കണ്ടിട്ടുണ്ടോ...?
കുന്നിന്റെ മുകളിൽ കേറി ഉരുണ്ടുമറിഞ്ഞ് കമിഴ്ത്തിവച്ച ചെമ്പുകുടം
താഴേക്ക് ഉരുട്ടിത്തട്ടിയിടുന്ന കുംഭക്കാറ്റ് പോലും പൂരപ്പൊലിമയിലലിഞ്ഞങ്ങനെ
സ്തംഭിച്ച് നിൽക്കും. പ്രകൃതിസൗന്ദര്യത്തിൽ ലയിക്കുന്ന ഉത്രാളിപ്പൂരം
ദർശിക്കുമ്പോൾ,ഒരു ചേല് മറ്റൊരു ചേലിലേക്ക് ഇഴുകിച്ചേരുന്നത് കൺമുനയിൽ
കോർക്കാൻ ഉത്രാളിപ്പാടത്തെത്തണം. തലപ്പൊക്കം കാണിച്ച്
നിൽക്കുന്ന മലനിരകളും ആ മലകൾക്ക് അരഞ്ഞാണമിട്ടത് പോലെയുള്ള
തീവണ്ടികളുടെ സഞ്ചാരപാതയും പച്ചച്ചേല വാരിപ്പുതച്ച പുഞ്ചനെൽപ്പാടങ്ങളും
കാവൽനിൽക്കുന്നിടത്തേക്കാണ് പ്രകൃതി നമ്മളെ കൈകൊട്ടി വിളിക്കുന്നത്.
എങ്കക്കാട്, കുമരനെല്ലൂർ,വടക്കാഞ്ചേരി.
മൂന്നു ദേശങ്ങളും ഒരുമിക്കുന്ന ഉത്രാളിപ്പൂരം...
പറപ്പുറപ്പാടിന് ഇക്കുറി ഗംഭീര വെടിക്കെട്ട് ഉണ്ടത്രെ.
സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും പുലർച്ചെ വെടിക്കെട്ടും
എല്ലാം കൂടി തകർത്ത് വാരി പൊളിച്ചടുക്കും മൂന്നു ദേശങ്ങളും കൂടി.
പാടത്തൊക്കെ കതിനകൾ വരിനിരന്നുകഴിഞ്ഞു. വെടിക്കെട്ട് മാത്രല്ലാട്ടോ,
മൂന്നുദേശത്തിനും ലക്ഷണമൊത്ത ഗജവീരൻമാരുണ്ടാവും. വെടിപ്പായ
പഞ്ചവാദ്യോം ഉഗ്രൻ മേളോം കുടമാറ്റോം , കൂട്ടിയെഴുന്നള്ളിപ്പും
മൂന്നുദേശത്തിന്റെ കാഴ്ചപ്പന്തലുകളും പൊടി കസറും.
ഇക്കുറി ഉത്രാളിപ്പൂരത്തിന് തുടക്കം കുറിച്ച് എങ്കക്കാട് ദേശവും തുടർന്ന്
കുമാരനെല്ലൂർ ദേശവും കാഴ്ച്ചപ്പന്തലിന് കാൽനാട്ടി.
കൂട്ടുകാർ കാൽനാട്ടൽ ചടങ്ങിന്റെ ചിത്രം മുഖപുസ്തകത്തിൽ അയച്ചപ്പോൾ പ്രവാസലോകത്തിരുന്ന അനിയൻ കുട്ടന്റെ
ഉള്ളിലൊരു പൂരാവേശത്തിന്റെ സാമ്പിൾ വെടിക്കെട്ട് പൊട്ടി. കാവിലമ്മയുടെ
പറപുറപ്പാടിന്റെ മുന്നോടിയായി മൂന്നുവട്ടം അനുവാദം ചോദിച്ച് ശംഖ് മുഴങ്ങുന്ന
രംഗം കൂടിയായപ്പോൾ ഒരു ഇരിക്കപ്പൊറുതിയില്യായ്മ്മ.
"മ്മക്ക് പൂരം അടിച്ചു പൊളിക്കണട്ടോ ഗഡ്യേ" ന്ന് പറയാൻ അനിയൻ കുട്ടൻ
അങ്ങ് ദൂരെയല്ലേ, എത്താൻ പറ്റുന്ന ചുറ്റുവട്ടത്തൊന്നുമല്ലല്ലോ...
കടലിനക്കരെയിരുന്ന് പോയ കാലത്തെ നെഞ്ചോട് ചേർക്കുമ്പോൾ,
ദേശപ്പറ സ്വീകരിക്കാൻ അരമണീം വാളും ചിലമ്പുമണിഞ്ഞ കോമരത്തിന്റെ
പിന്നാലെ ഇടവഴികളും പാടവരമ്പുകളും പുത്തൻപാതേം മുറിച്ച് കടന്ന്
കൂട്ടുകാർക്കൊപ്പം നടന്ന് ചിരിച്ചറമാദിച്ച കൗമാരക്കാലം കണ്മുന്നിൽ പൂത്തുലഞ്ഞു.
പൊള്ളുന്ന കുംഭവെയിലേറ്റ് തട്ടകത്തിലെ പറയെടുപ്പിന് കൂട്ടുപോകുമ്പോൾ
വഴിയരികിൽ സംഭാരപ്പാർച്ചക്കാർ തരുന്ന നാരകത്തിലേം ചീനിമുളകും വേപ്പിലേം
ചതച്ചിട്ട എരിപുളി സംഭാരം സ്വാദോടെ മോന്തി കൂട്ടുകാരൊത്ത് തിമിർത്ത
നാട്ടുപാതകൾ അനവധിയാണ്. അപ്പോഴൊക്കെ വെയിലിടങ്ങളിലും
തണലിടങ്ങളിലും അലതല്ലിയത് പൂരാവേശം മാത്രമായിരുന്നു.
ഇഷ്‌ടന്മാർ പലരും പലവഴിക്ക് പിരിഞ്ഞു. പക്ഷേ ഇപ്പോഴും ഓർമ്മകളുടെ
വേരോട്ടം മനസ്സിൽ പലവഴിക്കും പായുന്നുണ്ട്.
ഞങ്ങള് ഉത്രാളിക്കാര് ഗഡികള് തമ്മില് മുറിച്ചാലും മുറിയാത്ത ചില ബന്ധങ്ങളുണ്ട്.
പരസ്പരം കൂട്ടുകൂടുമ്പോള്ള ഒരു ചേർത്തുപിടിക്കല്. ആ സൗഹൃദം നിനവിൽ
നിന്ന് ഒരിക്കലും മായില്ല.
ഉത്രാളീല് കൊയ്ത്തൊഴിഞ്ഞ പാടത്ത് അണിനിരക്കുന്ന ആനയഴകും
പൂരം കൊഴുപ്പിക്കുന്ന മേളതാളങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്
വിസ്മയവും നെഞ്ചിലേറ്റാൻ എത്രയെത്ര ആൾപ്പൂരങ്ങൾക്ക് പന്തലൊരുക്കിയ
പൂരസൗന്ദര്യത്തിന്റെ വർണ്ണവൈവിധ്യങ്ങളിൽ രമിച്ച് തലയുയർത്തിനിൽക്കുന്ന
മലവെട്ടത്ത് പൂരം വരവേൽക്കാൻ പലവട്ടം പേരറിയാമരങ്ങളിലെ ഇലകൾ
പൊഴിയുകയും വീണ്ടും തളിർക്കുകയും ചെയ്തു....
ഇക്കുറി ഉത്രാളിക്കാവ് പൂരം ഫെബ്രുവരി ഇരുപത്തിനാലിനാണ്.
പൂരം കാണാൻ പ്രവാസലോകത്തുനിന്നും എത്താൻ പറ്റാത്തത്
വേദനയായി അനിയന്.കഴിഞ്ഞ പൂരം ഓർമ്മകളിൽ തിരി
തെളിയുമ്പോൾ മനസ്സ് ഉത്രാളിയിലേക്ക് പറന്നു.
സ്കൂൾ അദ്ധ്യപകനായ തിരുവില്വാമലക്കാരൻ കേശവപ്പിഷാരടി
ഓരോ ഇടത്തേക്കും സ്ഥലമാറ്റം സംബന്ധിച്ചുള്ള സഞ്ചാരത്തിനിടയിൽ
ദേശമംഗലത്തെ വാടകവീടൊഴിഞ്ഞ് വരവൂരും കൊണ്ടാഴിയും കടന്ന്
തൃത്തംതളിയിലെ പൊറുതിയും കഴിഞ്ഞ് ഏറ്റവുമൊടുവിൽ വടക്കാഞ്ചേരിയിൽ
വേരാഴ്ത്തിയിട്ട് രണ്ട് വ്യാഴവട്ടക്കാലത്തിലേറെയായി. വടക്കാഞ്ചേരിയിൽ
താമസമാക്കുമ്പോൾ അനിയൻകുട്ടന് അഞ്ചുവയസ്സ്.
പുളിമാങ്ങകൾ ചെനച്ചുചുവക്കുന്ന നാട്ടിൻപുറത്തെ വഴിത്താരകളിൽ
പൂവാക മുറുക്കിച്ചുവപ്പിച്ച് തുപ്പുന്ന പൂക്കളെ ചവിട്ടിയരച്ച പകലുച്ചകളിലും
രാവിരുട്ടുകളിലും അച്ഛന്റെ നെഞ്ചിൽ ചേർന്ന് ഉത്രാളിപ്പൂരദിനങ്ങളിലെ
മേളതാളങ്ങളെ വാരിപ്പുണർന്ന അനിയൻകുട്ടന്റെ കുട്ടിക്കാലം...
പ്രവാസലോകത്തിരുന്നുകൊണ്ട് ഉത്രാളിക്കാവിലെ പൂരപ്പെരുമയിലേക്ക്
മനസ്സുകൊണ്ടൊരു തീർത്ഥയാത്ര നാട്ടുനന്മകളിലേക്കുള്ള പിൻനടത്തം
കൂടിയായിരുന്നു. കാവിന്റെ പിന്നിലെ കുന്നിന്റെ നെറുകയിൽ നിന്ന്
മണ്ണിലേക്കിറങ്ങുന്ന പുലർവെയിലിനൊപ്പം കാറ്റും കുളിരും കൊണ്ട്,താഴെ മലനിരകൾക്കരികുചേർന്ന് വളഞ്ഞുപുളഞ്ഞ് പാളമുരസിപ്പോകുന്ന
തീവണ്ടികളുടെ കടകട ശബ്ദത്തെ കാതിലേക്ക് ആവാഹിച്ച് പാടവരമ്പുകൾ
കവച്ചുചാടിച്ചാടി പട്ടം പറപ്പിക്കുന്ന ഒരു കുസൃതിക്കുട്ടിയായിരുന്നു
അന്നത്തെ അനിയൻകുട്ടൻ.
തിരുവനന്തപുരത്തുനിന്നും പുലർച്ചെ അതിവേഗത്തിൽ പാഞ്ഞുവന്ന വേണാട്
എക്സ്പ്രസ് അലസവേഗമണിഞ്ഞ് വടക്കാഞ്ചേരി തൊടുമ്പോൾ മുകളിൽ
ഉഷ്ണരാശി കനക്കും. പക്ഷേ ആ ചൂട് ശമിപ്പിക്കാൻ വട്ടംകറങ്ങി മലയിറങ്ങുന്ന
വടക്കൻകാറ്റ് വയലേലകളിൽ കേറിയങ്ങ് മെതിച്ച് കസർത്ത് വീശിവീശി
നമ്മുടെ വിശർപ്പാറ്റിത്തരും.
തൃശ്ശൂർ നിന്ന് പോരുമ്പോൾ ഒപ്പം കൈകോർത്ത് ചിരിച്ചു മറിഞ്ഞ പാത അകമലയും
കടന്ന് വാഴക്കോടെത്തുമ്പോൾ ഷൊർണൂർക്കും ചേലക്കരക്കും വഴി പിരിയുന്നിടത്ത്
നിന്ന് ഇടം തിരിഞ്ഞാൽ കലാമണ്ഡലം ചുട്ടി കുത്താൻ നിളയിൽ കണ്ണാടി നോക്കുന്ന
ഭംഗിയിൽ ഓളങ്ങൾ പരസ്പരം കെട്ടിമറിയുന്ന പരവേശത്തിൽ ചേങ്ങിലയുടെ സ്വരം
കേൾക്കാമെങ്കിൽ വലം തിരിഞ്ഞ് ചേലക്കര,തിരുവില്വാമല വഴി വച്ചു പിടിച്ചാൽ ഇരുപാർശ്വങ്ങളിലും കരിമ്പാറപ്പുറമേറിനിന്ന് കാവടിയാടുന്ന കാറ്റിന്റെ ഗരിമ കാണാം.
അതിര് കാക്കുന്ന മലകൾ ഹരിതമൃദുകഞ്ചുകമണിഞ്ഞ കാഴ്ച്ചയിൽ മോഹിപ്പിച്ച്
മോഹിപ്പിച്ച് സ്വപ്നസന്നിഭമായ കരിമ്പനക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള മനോഹാരിത
കണ്ണോളമെത്തിക്കുമ്പോൾ,ആ കുന്നോളം നമ്മുടെ സ്വപ്നങ്ങളെയും മാരുതൻ
ചുമലിലേറ്റീട്ട് പോയിട്ടുണ്ടാവും.
വഴിയോരത്തെ വീട്ടുമുറ്റങ്ങളിലെ പന്തലിൽ പൂവിട്ട അമരയ്ക്കമണങ്ങളിലൂടെ
ഒരു യാത്ര പോകുമ്പോൾ വാഹനത്തിന്റെ ജാലകചില്ലിനപ്പുറം മലകളുടെ ഭംഗി
കൊമ്പനാന നിവർന്നുനിൽക്കുന്നത് പോലെയും പള്ള ചെരിഞ്ഞു
കിടക്കുന്ന ഭാവത്തിലും മസ്തകം ഉയർത്തിപ്പിടിച്ച രൂപത്തിലും ഓരോ കണ്ണുകളിലും
കൗതുകം ജനിപ്പിക്കുന്നതിനപ്പുറത്ത് മഴമേഘത്തിന്റെ കാളിമയും കൂട്ടിനുണ്ടാകും.
മാഞ്ഞുപോകാത്ത സ്വപ്നങ്ങളും നിറയെ മോഹങ്ങളും കൂട്ട് വന്നനേരത്ത്
ഓരോർമ്മപ്പെടുത്തൽ പോലെ അനിയൻകുട്ടൻ ആളൊഴിഞ്ഞ ഉത്രാളിയിലെ
ആൽത്തറയിൽ ആലിലകളുടെ ഇലത്താളം കേട്ട് മലർന്നുകിടന്നു. പണ്ട്
ഉത്രാളിക്കാവിലേയ്ക്കുള്ള ഇറക്കത്തിലെ നടവഴിയിൽ തണൽ വിരിച്ചുനിൽക്കുന്ന
ആലിലപ്പച്ചകൾക്കൊപ്പം ചുറ്റിനുമുള്ള പച്ചക്കുപ്പായമണിഞ്ഞ ഞാറ്റുകണ്ടത്തിന്റെ
കൊത്തുവരമ്പിലൂടെ കാറ്റ് ഊതിപ്പറത്തിയ പട്ടുപാവാട ദേഹത്തോട് ചേർത്തുപിടിച്ച
ഓപ്പോൾടെ വിരലിൽ തൂങ്ങി കാവ് ചുറ്റുമ്പോൾ അനിയൻകുട്ടന്റെ ഹൃദയതാളവും ആയിരമിരട്ടിയായി പെരുക്കുന്നുണ്ടാവും. ആ അനിയൻ കുട്ടൻ
പ്രവാസലോകത്തിരുന്ന് കൂട്ടുകാരോട് സൊറ പറയുമ്പോൾ താനൊരു
ഉത്രാളിക്കാരനാണെന്ന ഗമയിൽ സ്വയം ഊറ്റം കൊള്ളുമായിരുന്നു.
ഓരോ പൂരവർത്തമാനത്തിലും പരസ്പരം ഹൃദയം വെച്ചുമാറുമായിരുന്നു.
പൂരപ്പറമ്പിലെ വെടിക്കെട്ട് കണ്ട് കണ്ണടച്ച് ചെവിപൊത്തി നിലവിളിച്ച അന്നത്തെ
അഞ്ചുവയസ്സുകാരൻ അനിയന്റെ വെപ്രാളം കണ്ട്,ന്റെ കമലോപ്പോള്
വാക്കൈപൊത്തി നിന്ന് ചിരിച്ചതും കൂട്ടുകാരികളുടെ ചെവിയിൽ അടക്കം
പറഞ്ഞതും ഇന്നിന്റെ സുന്ദരമായ ഓർമ്മകളിൽ സുഖമുള്ള ഒരനുഭവത്തെ കുലുക്കിയുണർത്തുകയാണ്.
മക്കള് രണ്ടാളും ദിവസേന പുലർച്ചെ കുളിച്ച് കാവിലമ്മയെ തൊഴണമെന്ന് അച്ഛന്
നിർബന്ധമായിരുന്നു. ഓപ്പോൾടെ വിരലിൽ തൂങ്ങിയാണ് അനിയൻ കുട്ടന്റെ
നടപ്പത്രയും. പണ്ട് ഉത്രാളിക്കാവിലമ്മയുടെ ശ്രീകാര്യം അച്ചുക്കുറുപ്പിന്റെ മകൻ
രാജീവൻ കമലോപ്പോൾടെ കാതോരം ചേർന്ന് പറഞ്ഞ സ്വകാര്യം എന്താണെന്നറിയാൻ
അന്നത്തെ പത്തുവയസ്സുള്ള വള്ളി നിക്കറുകാരൻ ഒരുപാട് ക്ലേശം സഹിച്ചു.
ഓപ്പോൾടെ നാവിൽ നിന്നത് വന്നില്ല്യാന്ന് മാത്രല്ല ചെവിക്ക് നല്ല തിരുമ്മും കിട്ടി.
പിന്നീടെന്നും നീളൻ പാടവരമ്പത്തൂടെ ഓപ്പോൾടെ നിഴൽപറ്റി കാവിറക്കത്തിലേക്ക്
പാദമൂന്നുമ്പോൾ അറിയാതെ ഈ കുഞ്ഞൻ കണ്ണുകളും രാജീവേട്ടനെ
തിരയുമായിരുന്നു. അപ്പോഴൊക്കെയും ഓപ്പോൾടെ ഹൃദയതാളം അനിയന്
കണിശമായി കേൾക്കാമായിരുന്നു. തൊഴുതുമടങ്ങുമ്പോൾ വീതിയേറിയ
പാടവരമ്പിൽ വച്ച് ഇലച്ചീന്തിലെ പ്രസാദം പരസ്പരം നെറ്റിയിൽ വരഞ്ഞുകൊടുക്കുന്ന വേളയിൽ മനഃപൂർവ്വം രാജീവേട്ടൻ ഒരു കുസൃതിച്ചിരിയുടെ അകമ്പടിയോടെ
ഓപ്പോൾടെ ദേഹമുരുമ്മലും, കാറ്റ് കൊത്തിപ്പറത്തുന്ന മുടിനാരിഴകളിൽ
തുളസിക്കതിര് ചേർക്കുമ്പോൾ കാതോരം ചേർന്ന് പറയുന്ന രസവർത്തമാനങ്ങളും അനിയൻ കുട്ടന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇവിടെ കണ്ടതും
കേട്ടതുമൊന്നും ഷാരത്തുപോയി പറയരുതെന്നാണ് വ്യവസ്ഥ. പകരമായി ഓപ്പോള് അങ്ങാടീന്ന് മിഠായിമധുരവും മേടിച്ചുതരും. പക്ഷേ,ഷാരത്തെത്തി അമ്മയുടെ
മടിയിലിരുന്ന് നാലുവറുത്തുപ്പേരിയും മധുരനാരങ്ങഅല്ലിയും നുണയുന്ന
സ്നേഹത്തിൽ ഓപ്പോളും രാജീവേട്ടനും കൂടി സ്വപ്‌നങ്ങൾ പകുത്ത പാടവരമ്പുകൾ
മറുകണ്ടം ചാടി അവിടെ നടന്നതെല്ലാം ഈ അനിയൻ കുട്ടൻ തൊട്ടു കാണിച്ചുകൊടുക്കും.
ആര്യൻകാവിലെ പൂരത്തിന് ഓപ്പോൾടെ കൈവിട്ട് അനിയനെ കാണാതായതും
രണ്ടാളും ഇനി ഒരു തലമണ്ടേലക്കും പോകണ്ട എന്നായി അച്ഛൻ. എന്നിട്ടും പാർക്കാടി
പൂരത്തിനും കുറ്റ്യങ്കാവ് പൂരത്തിനും അച്ഛനറിയാണ്ടെ, അനിയനെ കൂട്ടാണ്ടെ
ഓപ്പോള് പോയീന്നുള്ളതാണ്. രാജീവേട്ടനും കൂട്ടുണ്ടാവും.ഇല്ല്യാതിരിക്കില്ലല്ലോ.
"പൂരപ്പറമ്പിലെ ആൾത്തിരക്കിൽ അനിയൻ കുട്ടനെ പ്രത്യേകം ശ്രദ്ധിക്കണം",
ന്ന് അച്ഛൻ വിളിച്ചോർമ്മിപ്പിക്കുമ്പോൾ, പോകുന്നിടത്തെല്ലാം ഓപ്പോൾടെ മേല് ഒരു കണ്ണുവേണമെന്നായി അമ്മയുടെ പക്ഷം.
ഓപ്പോൾടെ കൂടെ അനിയൻ നിഴൽ പോലെ പിന്തുടരുമ്പോൾ, രാജീവന് ശുണ്ഠി
മൂക്കും. എന്നിട്ട് മുറുമുറുക്കും. "ചുക്കില്ലാത്തൊരു കഷായം ഉണ്ടാവില്ലല്ലോ".....
അത് കേട്ടതുംഅനിയന് വേദനിച്ചു.
എത്ര വട്ടം ഓപ്പോള് ചെവി പിടിച്ച് തിരിച്ച് വേദനിപ്പിച്ചിരിക്കുന്നു. എത്രവട്ടം
അനിയൻകുട്ടനെ കൂട്ടാതെ പിണക്കം നടിച്ച് മുന്നിൽ നടന്നിരിക്കുന്നു.
ഓപ്പോള് അനിയൻകുട്ടന്റെ മാത്രാണ്. താനും അച്ഛനും അമ്മയും ഓപ്പോളും
മാത്രമുള്ള ലോകമാണ് അനിയൻകുട്ടൻ ഇഷ്ടപ്പെട്ടതും.
പക്ഷേ, ഓപ്പോൾക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞോന്നൊരു സംശയം
ഇല്ലാതില്ല. അത് സൂക്ഷം തന്നെയാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഓപ്പോളോട്
ഇഷ്ടം കൂടുകയാണ് ചെയ്തത്.
"ഈ ആൽത്തറയിലിരുന്ന് കസവുമുണ്ടും വേഷ്ടിയുമുടുത്ത് നിന്റെ വരവ്
നോക്കിക്കാണുമ്പോൾ മേലാകെ കുളിരുമെന്ന് "രാജീവേട്ടൻ പറഞ്ഞതിന്റെ
പൊരുളറിയാൻ അനിയന് ഒരുപാട് കാലമെടുത്തു. അവർ കണ്ണുകൾ കൊണ്ട് പറഞ്ഞ
കഥവർത്തമാനങ്ങൾ പരസ്പരം ഹൃദയം വെച്ചുമാറലാണെന്ന് ഈ കൊച്ചനിയന് മനസ്സിലാക്കാനുള്ള പ്രായം അന്ന് നന്നേ കഷ്ടിയായിരുന്നല്ലോ...
പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ വ്യാസാകോളേജിന്റെ നടയിലും വാകപ്പൂമരത്തിന്റെ
വേര് പിണഞ്ഞ തണലിടങ്ങളിലും പാർളിക്കാട്ടേക്ക് വഴി പിരിഞ്ഞ പാതയോരത്തും
വച്ച് മിഴിമുനയാൽ കോർക്കപ്പെട്ട്, റെയിൽവേ പാളത്തിനപ്പുറമിപ്പുറം നിന്ന് ചരലിൽ നഖചിത്രമെഴുതിയ ലതികയുടെ നാണം ചുവപ്പിച്ച മുഖത്തു നിന്നുമാണ് അനിയൻകുട്ടൻ ഓപ്പോൾടെ അന്നത്തെ മനസ്സ് വായിച്ചറിഞ്ഞത്. വാകപ്പൂക്കൾ പൊഴിഞ്ഞു വീണ
വഴിയോരത്തൂടെ, കാറ്റൂതിപ്പറപ്പിച്ച കരിയിലച്ചപ്പുകൾ കരഞ്ഞുവിളിക്കുന്ന റബ്ബർത്തോട്ടത്തിലൂടെ ഉച്ചനേരത്തെ തണലിൽ ലതികയുടെ വിരൽ കോർത്ത്
നടക്കുമ്പോൾ, ഓപ്പോൾടെ പ്രണയകാലത്തിന് സാക്ഷ്യം നിന്ന അനിയനെങ്ങനെ
ആ കാലഘട്ടത്തെ ഓർക്കാതിരിക്കും.
ഓപ്പോളും രാജീവേട്ടനും ഓടിക്കിതച്ചിരുന്ന് സ്വപ്‌നങ്ങൾ പകുത്ത
കൊച്ചുവരമ്പത്തൂടെ....
വൈകുന്നേരങ്ങളിൽ അവർ മേളിച്ചു കിന്നരിച്ച കുന്നിൻചെരുവിലൂടെ...
ആൽത്തറമേളം ആസ്വദിച്ചു കണ്ണെറിഞ്ഞു നിന്ന നടവഴികളിലൂടെ....
അനിയനും ലതികയുടെ വിരൽത്തുമ്പ് പിടിച്ച് ചുറ്റാനൊരു പൂതിതോന്നി.
ഓർമ്മകളുടെ മുത്തുകൾ പടവുകൾക്ക് താഴേക്ക് ചിതറിത്തെറിച്ചു വീണപ്പോൾ
വീണ്ടുമതാ ഒരു പൂരക്കാലം കൂടി കൊടിയേറുന്നു.
നാട്ടുമരപ്പച്ചകൾക്കിടയിലൂടെ കുളിര് പകുത്ത്, ചെങ്കല്ലുകൾ
അടുക്കിയടുക്കി പണിഞ്ഞ് ഓടുമേഞ്ഞ മേൽക്കൂരയ്ക്കുമേൽ
മുത്തമിട്ട് കാറ്റ് അകമലകേറുമ്പോൾ കുംഭച്ചൂടിനെ കൂസാതെ
ജനസഞ്ചയം ഉത്രാളിപ്പാടത്തെ പൂരത്രയത്തിലലിഞ്ഞു ചേരുന്ന
നേരം ആഹാ.....
പ്രവാസലോകത്തിരുന്ന് അനിയൻകുട്ടൻ മനോരാജ്യത്തിലൂടെ നിരവധി
തവണ ഉത്രാളിപ്പാടത്തെ വർണ്ണവസന്തമായ വെടിക്കെട്ടും വാദ്യപ്രപഞ്ചം
സൃഷ്ടിച്ച പൂരപ്പൊലിമയും മനസ്സിൽ വരച്ചുചാലിച്ചു നിറങ്ങൾ ചേർത്തു.
വടക്കാഞ്ചേരി മലകളുടെ ചെരുവിലൂടെ ചുറ്റിക്കറങ്ങി തന്റെ
കരസ്പർശം ഓരോ തോളിലും ചൂണ്ടുവിരലാൽ ശീതാനിലൻ അടയാളപ്പെടുത്തുമ്പോൾ
ദൂരെയിരുന്ന് കൂട്ടുകാരെ പൂരപ്പമ്പിൽ മനക്കണ്ണാൽ കണ്ടുമുട്ടുന്നു.
ഉത്രാളിക്കാവിലമ്മ അമ്മയായും പാടത്തേക്കുള്ള ഇറക്കത്തിലെ അരയാല് പ്രകൃതിയായും അനിയൻ കുട്ടനിൽ തഴച്ചത് ഉത്രാളി വിട്ടു പോന്നപ്പോഴാണ്. കൂട്ടുകാരൊത്തുള്ള വൈകുന്നേരത്തെ ആൽത്തറ സൗഹൃദത്തിന്റെ കുളിരോർമ്മകൾ ഏതവസ്ഥയിലും
വിടാതെ പിന്തുടരും.
അതങ്ങനെയാണ്, ചില ഇഷ്‌ടങ്ങളൊക്കെ താലോലിക്കാൻ ഒരു സുഖമുണ്ടല്ലോ...
വലിയ ആൽമരശിഖരത്തിന്റെ ഉച്ചിയിൽ ഒറ്റയ്ക്കൊറ്റയ്ക്കിരുന്ന് കൂക്കി പൂരസന്ദേശം കൈമാറുന്ന മയിലുകളതാ പീലിയൊതുക്കുന്നു. ദൂരെനിന്നും ചിലച്ച്പാറിവന്ന മലയണ്ണാൻ കടിച്ചുതുപ്പുന്ന ചെനച്ച മാങ്ങ പാടവരമ്പിലിട്ട്, ഹിമമണിഞ്ഞ വൃക്ഷശാഖികളിൽ രമിച്ച് കൊക്കുരുമ്മുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം വരും പൂരത്തെ
വരവേൽപ്പിനായുള്ളതാണ്.
സ്വർണം വിളയുന്ന നെൽപ്പാടങ്ങൾ മകരക്കൊയ്ത്തു കഴിഞ്ഞ് ചേറ്റിപ്പാറ്റിക്കിട്ടിയ
നെൽമണികളൊക്കെ കാവിലമ്മയ്ക്ക് സ്വീകരണപ്പറ ചൊരിയാൻ കാത്തുനിൽക്കുന്നു.
പെൺകിടാങ്ങൾ കുത്താമ്പുള്ളി വേഷ്ടിയുടുത്ത് പൊൻപണ്ടങ്ങളണിഞ്ഞ്
കൊയ്ത്തൊഴിഞ്ഞ പാടത്തെ വീതിയുള്ള വരമ്പത്ത് പതിഞ്ഞ ആലിലനിഴലാട്ടത്തിന്
മീതെ പൂരപ്പകലിന്റെ കാഴ്ചകൾക്ക് മിഴി പാകിയപ്പോൾ കാട്ടുനെല്ലിയും തേക്കും
കരിമ്പനയും മഞ്ഞപ്പാവട്ടയും പൂവരശും പിന്നെ കുറെ പേരറിയാമരങ്ങളും വളർന്ന്
തിടംവച്ച് ആകാശം തൊടുന്ന മലയുടെ മണ്ടയിലെ ചോലയിലും മരക്കൊമ്പുകളിലും പുരുഷാരം പൂരലഹരിയിൽ ഹരം കൊള്ളാൻ താവളമൊരുക്കി പൂരപ്പറമ്പിലേക്ക്
കണ്ണെറിഞ്ഞ് കോൾമയിർ കൊണ്ടു.
ഉത്രാളിപ്പാടത്ത്, മേളക്കമ്പക്കാരെ കോരിത്തരിപ്പിക്കുന്ന കിഴക്കൂട്ട് അനിയൻ
മാരാര് പഞ്ചാരി അഞ്ചാം കാലം കൊട്ടുമ്പോൾ കണ്ണുകൾ കൊണ്ടും പുരികചലനം
കൊണ്ടും കാണികൾക്ക് ഇമ്പം പകരുന്ന പൂരം നെഞ്ചിലേറ്റി തായമ്പകയുടെ താളവും ആൽത്തറമേളവും മനസ്സുകൊണ്ട് ആസ്വദിച്ച് കിടന്ന് ഉറക്കം പിണങ്ങിപ്പിരിഞ്ഞ
രാവുകളിലൊന്നിൽ അനിയൻ കുട്ടനെ ഓപ്പോള് ഫോണിൽ വിളിച്ച് ഓർമ്മിപ്പിച്ചു,
"കുട്ടാ, നാളെ ദേശപ്പാനയാണ് ട്ടോ"...
ഉത്രാളിപ്പൂരത്തിലെ പങ്കാളിത്തദേശമായ എങ്കക്കാട് കാഴ്ച്ചപ്പന്തലിന്
കോമരത്തിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി ഭൂമീപൂജ
നടത്തിയ ശേഷം ആലും മാവും കൂട്ടിക്കെട്ടി പൂക്കൾ കൊണ്ട് അലങ്കരിച്ച
കവുങ്ങ് കാഴ്ച്ചപ്പന്തലിന് കാൽനാട്ടി. കാവിലമ്മയുടെ ഇടംവലം എങ്കക്കാടും
കുമരനെല്ലൂർ ദേശവും കാഴ്ച്ചപ്പന്തലൊരുക്കിയപ്പോൾ വടക്കാഞ്ചേരി ദേശം
ടൗണിലാണ് കാഴ്ച്ചപ്പന്തലൊരുക്കിയത്.
ഓപ്പോള് ഫോണിൽ വിളിക്കുമ്പോഴൊക്കെ വിശേഷങ്ങൾ വിളമ്പി.
നാളെ ഉത്രാളി പൂരമാണ്. പൂരം എഴുന്നള്ളിച്ചു വരുമ്പോൾ
നെൽപ്പറ വയ്ക്കുന്ന പതിവ് ഇതുവരെ തെറ്റിച്ചിട്ടില്ല. ഞാൻ പുലർച്ചെ
ഉത്രാളിക്ക് പോകും. "പൂരം" ന്ന് കേട്ടതും "ശടേ"ന്ന് ദേഹത്തെ തണുപ്പ് വിട്ടു.
കണ്ണുകളിലെ മയക്കം വിട്ടു. ആകപ്പാടെ ഒരു ഉഷാറ് വന്നു. പൂരപ്പറമ്പ് കാണാൻ
മോഹം തോന്നി.
കുംഭച്ചൂടിനെക്കൂസാതെ ജനസഞ്ചയം ഉത്രാളിപ്പാടത്തും
നാട്ടുവഴികളിലും പാതവക്കത്തും അങ്ങാടീലും മലമുകളിലും സമീപത്തുമായി
പൂരത്രയത്തിലലിഞ്ഞു നിൽക്കുന്ന കാഴ്ച്ച കഴിഞ്ഞ പൂരത്തിന് അനുഭവിച്ചറിഞ്ഞതാണ്.
ഇക്കുറി പൂരത്തിനെത്താൻ പറ്റാത്ത വ്യഥയോടെ കഴിഞ്ഞാണ്ടിൽ ഉത്രാളിപ്പൂരത്തിന്
രാത്രി വാനിൽ വർണ്ണവിസ്മയം വാരിത്തൂവിയ കുമരനെല്ലൂർ ദേശത്തിന്റെ വെടിക്കെട്ട്
പകർന്ന ആവേശം തീരും മുൻപ് പുലർച്ചെ വടക്കാഞ്ചേരി വിഭാഗത്തിന്റെ വെടിക്കെട്ട് നോക്കിനിൽക്കേ അമിട്ടും വാണവും പടക്കങ്ങളും മാനത്തുചെന്ന് ചിതറിത്തെറിച്ച്
തൂവിപ്പരക്കുന്ന ഭംഗിക്ക് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് ദൂരദേശത്തുനിന്നും ഒഴുകിയെത്തിയത്. മാനത്തെ പൂർണ്ണചന്ദ്രനൊപ്പം ചേർന്ന് പുഞ്ചിരിക്കുന്ന കതിനകളും
പൂത്തിരികളും ഉത്രാളിപ്പൂരത്തിന് പത്തരമാറ്റിന്റെ പകിട്ടേകുമ്പോൾ കാവുകയറിയ
സകലരും പൂരത്രയത്തിലലിഞ്ഞു ചേരും.
കഴിഞ്ഞ ആണ്ടിലെ ഉത്രാളിപ്പൂരത്തിന്റെ ചേതോഹര കാഴ്ചകൾ മനസ്സിന്റെ
നടവഴികളിലിപ്പോഴും പാണ്ടിയും പഞ്ചാരിയും കൊട്ടിക്കേറുന്നുണ്ട്. കാവിലമ്മയുടെ
അനുഗ്രഹവും അവിടുത്തെ സകല ചടങ്ങുകളും മറവിയുടെ ദംശനമേൽക്കാതെ ഓർമ്മകൾക്ക് അകമ്പടി സേവിക്കുമ്പോൾ ഉത്രാളിപ്പാടത്തും കാവ് വട്ടത്തും കുന്നിൻചെരുവിലും ഇഷ്ടത്തോടെ അനിയൻ കുട്ടൻ ഓടിത്തീർത്തൊരു ദൂരമുണ്ട്.
ആ ദൂരത്തിന്റെ ഏതറ്റത്തുനിന്നാലും ഏതുഷ്ണക്കാറ്റിലും ആനച്ചൂര് മൂക്കിന്റെ
തുമ്പത്തങ്ങനെ ചുറ്റിത്തിരിയും.
നട്ടുച്ച മൂക്കുന്ന നേരത്ത് കൂട്ടുകാരൊത്ത് ആൽത്തറയിൽ ചെലവഴിച്ച് ഊണിനും ഉറക്കത്തിനും വേണ്ടി മാത്രം വീട്ടിലെത്തുന്ന അനിയനെ അച്ഛൻ ശാസനയോടെ
കണ്ണുരുട്ടിയും മിണ്ടാതിരുന്നും വാശി തീർത്തപ്പോൾ പ്രിയ ചങ്കുകളോടൊപ്പം പ്രകൃതി നിവർത്തിയ പച്ചക്കുടയ്ക്ക് കീഴെയിരുന്ന് കാവിറക്കത്തിലെ തീർത്ഥപ്പടവുകളിലേയ്ക്ക് കണ്ണെറിയുമ്പോൾ,ആളുകളെല്ലാം ഒഴിഞ്ഞു പോയാലും പോകാൻ കൂട്ടാക്കാത്ത ചില മനസ്സുകളുണ്ടിവിടെ.നെറ്റിപ്പട്ടമണിഞ്ഞ് വരിനിരന്ന മാതംഗകേസരികളുടെ തലയെടുപ്പും ചന്തവും മനസ്സിൽ വരച്ചുചേർത്ത് വടക്കൻകാറ്റിന്റെ വരത്തുപോക്കിൽ അനുഭവിക്കുന്ന
ആനപ്പിണ്ടത്തിന്റെ ചൂരുമേറ്റ് അങ്ങനെ സമയം പോക്കുമ്പോൾ നെഞ്ചിന്
കനം വയ്ക്കുന്നത് എന്തിനാണെന്നോ..... അക്കരക്ക് ഒരു തിരിച്ചുപോക്കിന്
മനസ്സൊരുങ്ങതിന്റെ വേവലാതികൊണ്ടാണത്. അടുത്ത പൂരത്തിന് എത്താൻ
തരപ്പെടുമോ എന്ന ഒറ്റക്കാരണത്താൽ...
നിനയ്ക്കാതെ തലോടിയ നിദ്രയിലൂടെ അനിയൻ കുട്ടൻ ഉത്രാളിപ്പൂരപ്പറമ്പിൽ
ഒരു മാത്ര ചെന്നുനിന്നു. തിളച്ചുമറിയുന്ന കുംഭച്ചൂടിനെ വകവയ്ക്കാതെ
ജനസഞ്ചയം ഉത്രാളിപ്പാടത്തും സമീപത്തുമായി പൂരത്രയത്തിലലിഞ്ഞു നിൽക്കുന്ന
കാഴ്ചയിൽ കഴിഞ്ഞ ആണ്ടത്തെ പൂരം കണിശമായി ഓർക്കുന്നു.
രാവിലെ കൃത്യം 11-30ന് ആചാരവെടി മുഴങ്ങി.തുടർന്ന്
ശംഖുനാദമുയർന്നു.ഭഗവതിയുടെ തിടമ്പേറ്റാൻ തിരുവമ്പാടി
ചന്ദ്രശേഖരൻ നീരാടാൻ പുഴയിലേക്ക് പോകുന്ന വഴിയിലൊക്കെ
കുസൃതിച്ചെക്കന്മാർ തോന്നിവാസങ്ങൾ കാണിച്ച് ഇളകിമറിയുന്നത് കാണാം.
ചുറ്റിനും കരിവീരന്റെ ചന്തം നോക്കിനിന്ന് ആളുകളുടെ ആർപ്പുവിളികൾ...
അതാ എങ്കക്കാടിന്റെ പഞ്ചവാദ്യപ്രമാണികൻ ചോറ്റാനിക്കര
സുഭാഷ്മാരാർ തിമിലയിൽ കൈകൾ പറത്തി പതികാലത്തിന് തുടക്കമിട്ടപ്പോൾ
കുനിശ്ശേരി ചന്ദ്രന്റെ മദ്ദളം കാൽപ്പനികതയുടെ പ്രണയം തീർക്കുകയാണോ എന്ന്
ആ ശ്യംഗാരധ്വനി കേൾക്കുമ്പോൾ തോന്നും. തിരുവില്വാമല ജയന്റെ ഇടയ്ക്കയിൽ
കോല് ഉരുണ്ടു കൊഞ്ചിയപ്പോൾ മച്ചാട് മണികണ്ഠന്റെ കൊമ്പും പാഞ്ഞാളിന്റെ
ഹൃദയതാളം വേലുക്കുട്ടിയുടെ ഇലത്താളവും ഉത്രാളിപ്പാടത്തിന് വർണ്ണവസന്തം
തീർക്കുന്ന പൂരത്രയത്തിന് മാറ്റു കൂട്ടുകയായിരുന്നു . വടക്കാഞ്ചേരിപ്പൂരം ടൗണിലെ ശിവക്ഷേത്രത്തിൽ നിന്ന് നടപ്പുര പഞ്ചവാദ്യത്തോടെ തുടക്കമിട്ടപ്പോൾ തിടമ്പേറ്റിയത് ഊക്കൻസ് കുഞ്ചുവാണ്. വൈക്കം ചന്ദ്രൻ മാരാർ തിമിലയിലും ചെർപ്പുളശ്ശേരി ശിവൻ മദ്ദളത്തിലും നാദസൗന്ദര്യം ആസ്വാദകരിലേക്ക് പകർന്നുനിറച്ചപകൽപ്പൂരത്തിൽ
പേരാമഗലം വിജയന്റെ കൊമ്പ്പറ്റ് പെപ്പരപ്പെ മേപ്പട്ടും കുഴലിന്റെ പെപ്പപ്പെ കീഴ്പ്പട്ടും
ഊതുന്ന വാദ്യപ്രമാണിമാരുടെ സാധകവൈഭവം കൊണ്ട് സ്വയം മറന്നുനിന്ന
പുരുഷാരം താളം വിരലിൽ കൊരുക്കാത്ത ഒരാൾപോലും പൂരപ്പറമ്പിൽ ഇല്ലായിരുന്നു.
തിരുവില്വാമലഹരിയുടെ ഇടയ്ക്കയുടെ നാദം ശ്രവിക്കുമ്പോൾ സാക്ഷാൽ വില്വാദ്രിനാഥൻ തന്നെയാണോ ഇടക്കയിൽ കുടിയിരിക്കുന്നത് എന്ന് ശങ്ക തോന്നും.
തോന്നൂർക്കര ശിവന്റെ താളവും കൂടിയായപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ.
ദൂരദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങൾക്കൊപ്പം അനിയൻകുട്ടനും
നിലം തൊടാതെ ചുവടുവച്ചു.
ഗജഘോഷയാത്രക്കായി ഉത്രാളിക്കാവിലെത്തിയ കുമരനെല്ലൂർ ദേശം,
എങ്കക്കാട് പൂരം പുറത്തുകടന്നതോടെ കാവിൽക്കയറി പഞ്ചവാദ്യത്തിന്
തുടക്കമിട്ടു. തിടമ്പേറ്റിയ പുതുപ്പള്ളി കേശവന്റെ ഒരു ഗാംഭീര്യം കാണേണ്ടത് തന്നെ.
തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരും മദ്ദളത്തിൽ കോട്ടക്കൽ രവിയും
പ്രമാണിച്ചപ്പോൾ മച്ചാട് രാമചന്ദ്രൻ കൊമ്പിലും പരക്കാട് ബാബു താളത്തിലും
തിരുവാലത്തൂർ ശിവൻ ഇടയ്ക്കയിലും പഞ്ചവാദ്യത്തിൽ വിസ്മയം തീർത്തു.
സായുധ പോലീസിന്റെ അകമ്പടിയിൽ രാജകീയപ്രൗഢിയോടെ വടക്കാഞ്ചേരിയിൽ
നിന്ന് പുറപ്പെട്ട വടക്കാഞ്ചേരി ദേശം എഴുന്നെള്ളിപ്പ് ഉത്രാളിക്കാവിനഭിമുഖമായി
വരിനിരന്നുനിന്നു.വർണ്ണപ്പൊലിമ പകർന്ന കുടമാറ്റം മേളത്തിന്റെ അകമ്പടി
സേവിച്ചായിരുന്നു.മേളത്തിന്റെ പ്രമാണി പെരുവനം കുട്ടൻ മാരാരും.
മേളപ്രേമികൾ പിന്നെ നിലത്തുനിൽക്കുമോ....?
തുടർന്ന് ചേതോഹരമായ മുപ്പത്തിമൂന്ന് ഗജകേസരികൾ നിരന്ന കൂട്ടിയെഴുന്നള്ളിപ്പ്....
മൂന്നു ദേശങ്ങളിലെയും തിടമ്പേറ്റിയ മാതംഗികൾ കാവുകയറി പ്രദക്ഷിണം
നടത്തിയാണ് കൂട്ടിയെഴുന്നള്ളിപ്പിൽ വരിനിരന്നത്.
തിറ, പൂതൻ, കേത്ര, ആണ്ടി, കാളകളി, കുരുത്തോലക്കുട എന്നിവയുമായി
കാവുകയറിയ സാക്ഷാൽ ഹരിയുടെ ഇഷ്ടതോഴന്മാരുടെ ഹരിജൻവേലയും
കണ്ണിനിമ്പം പകരുമ്പോൾ പൂരാവേശം പൂർണ്ണതയിലെത്തും.
ആ നിമിഷത്തിൽ അനിയൻ കുട്ടൻ ഒരു മാത്ര ബാല്യത്തിലേയ്ക്കൊന്ന്
തിരിച്ചുപോക്ക് നടത്തി.
നടപ്പുരമേളത്തിൽ ലയിച്ച് നിൽക്കുന്ന ഓപ്പോൾടെ കൈ വിടുവിച്ച്
പൊരിക്കടേല് വായപൊളിച്ചുനിൽക്കുന്ന
പൊട്ടൻ ചെക്കനതാ പീപ്പിക്കും പൊട്ടാസ്സിനും വിലപേശി, കരിമ്പിൻ ജ്യൂസ്
വിൽക്കുന്ന പെട്ടിക്കടയ്ക്ക് മുന്നിൽ നിന്ന് വട്ടംതിരിയുന്നു. കപ്പലണ്ടി വണ്ടിയുടെ
പിന്നാലെ പായുന്നു. അനിയനെ തിരഞ്ഞു വന്ന ഓപ്പോൾടെ കൈയിൽ കിട്ടിയതും അസത്തെന്ന് മുദ്ര കുത്തി ചെവിക്ക് തിരുമ്മും കിട്ടി. ആ വേദന ഇന്നും
ചെവിപ്പുറത്ത് തരിക്കുന്നുണ്ട്.
പൊള്ളിഉരുകുന്ന കുംഭച്ചൂട് തിളച്ചുമറിയുന്ന നേരത്ത് കുന്നിറങ്ങി വരുന്ന
കരിമ്പനക്കാറ്റ് പൂരപ്പറമ്പിലേക്കിറങ്ങിവന്ന് കൊയ്ത്തുപാടത്ത് വട്ടംകറങ്ങി
തകിടം മറിഞ്ഞ് കച്ചിയും പൂഴിയും പറപ്പിച്ച് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും മേളപ്രമാണികളുടെയും പൂരം നെഞ്ചിലേറ്റിനിൽക്കുന്ന ദേശവാസികളുടെയും
മുന്നിലൂടെ പത്തുനാഴിക പഞ്ചാരിയും കൊട്ടിക്കേറി പോകുന്ന ഒരു പോക്കുണ്ട്.
ആ നിമിഷം പുരുഷാരം ഓലവിശറിയാൽ വിശർപ്പാറ്റി സുകൃതപുണ്യമായ
മേളപ്പെരുക്കത്തിൽ ആസ്വദിച്ച് ഹരം പകർന്ന് താളലയം തങ്ങളിലേക്ക് ആവാഹിച്ച് സന്നിവേശിപ്പിക്കും.
പൂരം ഉപചാരം ചൊല്ലി കാവിറങ്ങുമ്പോൾ എങ്കക്കാട് ദേശത്തിന്റെ വെടിക്കെട്ട്
വേറിട്ടൊരു ആകാശപൂരമാണ്.
പൂരപ്പറമ്പ് ശൂന്യമാകുന്നതോടെ മനസ്സും ശൂന്യമാകുന്നു.
വഴിവാണിഭക്കാർ കെട്ടുമുറുക്കുന്നു. മേലൊക്കെ പൊടിപുരണ്ട മാതംഗികളെയും
കൊണ്ട് പാപ്പാന്മാർ ദേശം വിടുന്ന കാഴ്ച്ച സങ്കടം തന്നെ. ആളൊഴിഞ്ഞ പന്തലുകളിലും
മേളമൊഴിഞ്ഞ പൂരപ്പറമ്പിലും കാറ്റ് അധികാരത്തോടെ കയറിയിറങ്ങിയപ്പോൾ
തീർത്ഥപ്പടവുകളിലും നടവഴിയിലും പാടത്തും മാതംഗികൾ നിക്ഷേപിച്ച
പൂരക്കായകൾ പൂരത്തിന്റെ ബാക്കിപത്രങ്ങളായി.
ഏതുദേശത്തായാലും വർഷത്തിലൊരിക്കൽ സ്വന്തം ഗ്രാമം, പൂരം,വീട്, കൂട്ടുകാർ, വൈകുന്നേരത്തെ ആൽത്തറ സൗഹൃദം.....എല്ലാം തനിക്ക് പ്രിയമേറിയതാണ്.
ഇതൊന്നുമില്ലാതെ അനിയൻ കുട്ടന്റെ ജീവിതചക്രം പൂർത്തീകരിക്കില്ല.
പരസ്പരം മതിലുകൾ പണിയാത്ത നാട്ടുനന്മകളുള്ള ബാല്യത്തിലേക്കുള്ള
മടക്കയാത്രയിൽ സുന്ദരമായ ഉത്രാളിപ്പാടത്തെ സായന്തനങ്ങളിൽ മനസ്സ്
മെതിക്കുമ്പോൾ, ഓർമ്മയുള്ളിടത്തോളം കാലം എവിടിരുന്നാലും മനസ്സും
ചിന്തകളും ആ ചുറ്റുവട്ടത്തൊക്കെ ചിറകടിച്ചു പറക്കും. പൂരം കൂറയിടാൻ
കാത്തിരുന്ന ആ പത്തുവയസ്സുകാരന്റെ മനസ്സ് തന്നെയാണ് അനിയനിപ്പോഴും.
പൂരപ്പറമ്പിലേയ്ക്ക് കൗതുകത്തോടെ എത്തിനോക്കി
വെടിക്കെട്ട് ആസ്വദിച്ച് അന്തംവിട്ടുനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ
തന്റെ മുഖവും വേണം എന്ന് കൊതിക്കുന്ന മനസ്സ്.
സുജാത വാര്യർ
Comments