top of page

Muthassi - Short Story by Ravi Variyath

Updated: Dec 21, 2025

മുത്തശ്ശി.

കണക്ക് തെറ്റിയ കാലത്തിൻ്റെ മൂകസാക്ഷിയായി മുത്തശ്ശി കോലായ തിണ്ണയിലെ ചാരുപടികളിൽ ചാരി തെക്കോട്ട് നോക്കിയിരുന്നു.

ഒറ്റയടിപാതയിൽ നിന്ന് നാലു വരി പാതയിലേക്ക് കയറി വീണ്ടും ഒറ്റയടിപാതയിലേക്കെത്തിയ ജീവിതയാത്രയുടെ നിമ്നോന്നതകൾ

അയവിറക്കിക്കൊണ്ട്.

വയ്യ മേലാസകലം വേദനിക്കുന്നു.

എത്ര നേരാ ഒരേ കിടപ്പ് കിടക്കാ. കട്ടിലിനും കൂടി മടുത്തിട്ടുണ്ടാവും. എനിക്കു തന്നെ എന്നെ മടുത്തിരിക്കുന്നു പിന്നെ കട്ടിലിന്റെ കാര്യം പറയാൻണ്ടൊ .

മുത്തശ്ശി തെക്കോട്ടു നോക്കി ചോദിച്ചു. എന്തിനാ ഇത്ര താമസം കൊണ്ടുപോകാറായില്ലെ ...

എനിക്കിനി

ഒരു മോഹവുമില്ല,

പ്രതീക്ഷയുമില്ല ഓട്ട പാത്രം പണയം വെച്ച പോലെ ഞാൻ വെറുമൊരു സ്ഥലം മുടക്ക്.


ഇവിടെ ഈ തിണ്ണയിൽ വന്നിരുന്നാൽ എന്നിക്കൊരു സുഖമാണ്. വിശാലമായ പാടം കാണാം.

കൊയ്ത്ത കഴിഞ്ഞ പാടത്ത് മേയുന്ന കന്നുകാലികളെ കാണാം.

ആരാ , എങ്ങോട്ടാ എന്നൊന്നും അറിയില്ലെങ്കിലും പാടവരമ്പിലൂടെ നടന്നു പോകുന്നവരെ കാണാം.

ബാല്യവും കൗമാരവും യൗവനവും കടന്നു പോയ വഴികൾ കാണാം.

അതിലുപരി പാടത്തിന്റെ മറുകരയിൽ കൃഷ്ണന്റെ ക്ഷേത്രവും കാണാം.

കാഴ്ച്ച മങ്ങി തുടങ്ങി എന്നാലും ഓർമ്മകൾ ഇളനീർ കുഴമ്പൊഴിച്ച് കണ്ണുകൾക്ക് പ്രകാശമേകുന്നു.

തിമിരം തുടങ്ങിയിട്ട് വർഷങ്ങളായി. ഇനി ഈ പ്രായത്തിൽ അത് മാറ്റാൻ പറ്റില്ലാന്നാ വൈദ്യര് പറയണത്.

എന്നാലും ഇവിടെ വന്നിരുന്നാൽ ഒരു പ്രത്യേക സുഖാ .

നാടാകെ വിരിഞ്ഞു

നിൽക്കുന്ന പൂക്കളെ തഴുകി വരുന്ന കാറ്റ് കൊള്ളാം, പുളിയിലകളും പൂക്കളും വീണ് ചിതറിയ മുറ്റത്ത് ചാണകക്കിളികൾ പോരടിക്കുന്നതും പ്രണയിക്കുന്നതും കാണാം.

മനസ്സുകൊണ്ട് നോക്കിയാൽ ഇന്നലെകൾ കെട്ടിയ ഊഞ്ഞാൽ കാണാം. വേണമെങ്കിൽ അതിലിരുന്ന് ആടുകയും ചെയ്യാം. ഇവിടെയിങ്ങനെയിരുന്നാൽ

ഓരോ ഋതുക്കളും ഈ മുറ്റത്തു കൂടിയാണ് കടന്നു പോകുന്നതെന്ന് തോന്നും. പ്രകൃതിയുടെ വസ്ത്രാലങ്കാരങ്ങളും കുടമാറ്റങ്ങളും കാണുമ്പോൾ മനസ്സ് പലതും മറക്കും.


പ്രായം ചാലു കീറിയ മുഖവും ക്ഷയിച്ചു പോയ ആരോഗ്യവും നോക്കി കാലം പോലും മുത്തശ്ശിയെ കളിയാക്കി കൊണ്ട്

"ഹാ പുഷ്പമെ അധിക തുംഗ പദത്തിലെത്ര....."

എന്ന ആശാൻ കവിത ചൊല്ലി.


അഞ്ചു മണിക്ക് വന്നിരിക്കാൻ തുടങ്ങിയതാണിവിടെ.

ഇപ്പോൾ

അങ്ങ് ദൂരെ പടിഞ്ഞാറൻ ചക്രവാളത്തിൽ അന്തിച്ചുവപ്പ്

മാഞ്ഞു തുടങ്ങി. ചക്രവാക പക്ഷികൾ കരഞ്ഞു തുടങ്ങി.

മുറ്റത്തെ മാവിൻ കൊമ്പത്തിരുന്ന് കാലൻകോഴി രണ്ടു വട്ടം കൂവി

പോഹാ.... പോഹാ.... അപ്പോൾ മുത്തശ്ശി പറഞ്ഞു,

ഞാനിതാ തയ്യാറായി നിൽക്കുണു.

ഒന്ന് വിളിച്ചാ മതി ഞാൻ വരാം.

എവിടെ പോത്തെവിടേ യമരാജനെവിടെ ...

ഒറ്റ ശ്വാസത്തിലുള്ള മുത്തശ്ശിയുടെ ചോദ്യം കഴിഞ്ഞപ്പോൾ

കാലൻ കോഴി പറന്നുപോയി.

ആ ചിറകടി കേട്ട് മുത്തശ്ശി ചോദിച്ചു.

എന്നെ കൊതിപ്പിക്ക്യാല്ലെ.

ആ ചോദ്യത്തിൽ നഷ്ടബോധത്തിന്റെ ഒരു തേങ്ങലുണ്ടായിരുന്ന പോലെ തോന്നി.

മുത്തശ്ശി വീണ്ടും ആലോചനയിൽ മുഴുകി.

മരണമെ.....നിന്നെ

കാത്തിരിക്കാൻ തുടങ്ങിയിട്ട്

കാലമെത്രയായി.

ജീവിച്ച് കൊതി തീരാത്തവരേയും, ജീവിതമെന്ന മുന്തിരി ചഷകം ചുണ്ടോടുപ്പിച്ചവരേയും ഒരു ദയാദാക്ഷിണ്യവുമില്ലാതെ കൊണ്ടുപോകുന്ന മരണമേ,

മറ്റുള്ളവർക്ക് ഭാരമായ

അധികപറ്റായ എന്നെ കൊണ്ടുപോകാത്ത തെന്തേ....?

നിയ്യാണോ ധർമ്മരാജാവ്,

നിയ്യാണൊ നീതി പാലകൻ ,

അയൽവക്കത്തെ കമലാക്ഷിയുടെ പ്രായം തികയാത്ത കുഞ്ഞിനെ കൊണ്ടുപോയ മരണമേ എന്ത് മാനദണ്ഡമാണ് നിൻ്റെ നീതി ബോധത്തിൻ്റെ അളവുകോൽ.

മുത്തശ്ശി തല പുകഞ്ഞാലോചിച്ചു. പാപ പുണ്യങ്ങൾ മിഥ്യയാണോ .

ജീവിക്കാൻ മോഹിക്കുന്നവരെ കൊണ്ടുപോവുക,

ജീവിതം മടുത്തു പോയവരെ കാണാതെ പോവുക

ഒരു കുന്തവും കയറുമായി കരിമ്പോത്തിൻ്റെ പുറത്തേറി വരും എന്നൊക്കെ ജന്മാന്തരങ്ങളായി കരുതിയിരുന്നതൊക്കെ അന്ധവിശ്വാസമായിരുന്നോ അതോ വെറും നുണയൊ .

മരണം അതൊരു വാക്ക് എന്നതിലുപരി അതിന് അർത്ഥങ്ങളൊന്നുംഇല്ലേ ....

എത്രയോ ആരോഗ്യമുള്ള ചെറുപ്പക്കാർ കുഴഞ്ഞു വീണ് മരിക്കുന്നു എന്നിട്ടും മരണമെന്തേ എന്നേതേടി വരുന്നില്ല?

ആകെ ആശയ കുഴപ്പത്തിലായ മുത്തശ്ശി കഴുത്തിലണിഞ്ഞ വെള്ളി കെട്ടിയ രുദ്രാക്ഷമാലയിൽ തിരുപ്പിടിച്ച് മൗനത്തിന്റെ ഭാഷയിൽ ചോദിച്ചു

എനിക്ക് മരണമില്ലേ എന്ന്.


അപ്പോൾ അകത്തു നിന്നും വന്ന മുത്തശ്ശിയുടെ മകൾ പറഞ്ഞു.

അമ്മേ നമ്മുടെ തങ്കമണിക്ക് ഒരാലോചന വന്നിട്ടുണ്ട്.

ദുബായ്ക്കാരനാ. അവർക്ക് കല്യാണം പെട്ടെന്ന് നടത്തണന്ന് ഒരേ നിർബന്ധം. അടുത്ത ഞായറാഴ്ച്ച അവര് പെണ്ണ് കാണാൻ വരണണ്ടത്രെ.

തിരുവില്വാമലക്കാരാ. എന്താ അമ്മടെ അഭിപ്രായം.

ഉവ്വോ നന്നായി വളരെ നന്നായി.

നമുക്ക് ചേർന്ന നല്ല തറവാട്ടുകാരാണെങ്കിൽ നടത്താം.

കല്യാണം ഒരു യോഗാണ് അത് വേണ്ടാന്ന് വെക്കണ്ട . അതാ എന്റെ അഭിപ്രായം.

പിന്നെ

അടുത്തമാസം ചിങ്ങത്തിൽ വിശാഖം വന്നാൽ അവൾക്ക് ഇരുപത്തി ഒന്ന് തികയും. അവള് ഭാഗ്യോള്ള കുട്ടിയാ, ശുദ്ധ ജാതകാ. നന്നായി വരും. പിന്നെ ഇവിടുന്ന് വല്യേ ദൂരൊന്നും ഇല്ലല്ലോ തിരുവില്വാമലക്ക്. വരാനും പോവാനുക്കെ നല്ല എളുപ്പാണേനും.


അത് ശര്യാ അമ്മേ ഭാഗ്യണ്ടെങ്കിൽ നടക്കും.

കഴിഞ്ഞ പൂരത്തിന് കൊറത്തി തത്തേ ക്കൊണ്ട് ചീട്ട് എടുപ്പിച്ചിട്ട് പറഞ്ഞതാ അടുത്ത കൊല്ലം പൂരം വരുമ്പോഴേക്കും മഗലം നടക്കും എന്ന്. ശ്രീരാമപട്ടാഭിഷേകായിരുന്നു തത്ത കൊത്തിയെടുത്ത ചീട്ടിലെ ചിത്രം


മുത്തശ്ശി പരദേവതകളെ മനസ്സിൽ സങ്കൽപ്പിച്ച് കൈകൂപ്പി തൊഴുത് വീണ്ടും ചിന്താമഗ്നയായി.

25 കൊല്ലമായി ഒരു മംഗളകർമ്മം ഈ തറവാട്ടിൽ നടന്നിട്ട് അത് തന്റെ ഒരേയൊരു മകളുടെ വിവാഹമായിരുന്നു. ഇപ്പോഴിതാ അവളുടെ മകളുടെ, തന്റെ പേരക്കുട്ടിയുടെ കല്യാണം വരുന്നു.

മുത്തശ്ശി ഒന്ന് ഉഷാറായി

ചെല്ലപ്പെട്ടി തുറന്ന്

വിശദമായി നാലും കൂട്ടി ഒന്ന് മുറുക്കി.

നല്ല പുകയില മുത്തശ്ശി മനസ്സിൽ പറഞ്ഞു.

താമ്പൂല ചർവ്വണ സുഖമാസ്വദിക്കാൻ മുത്തിശ്ശി ചാരു പടിയിലേക്ക് ചാരിയിരുന്നു.


അപ്പോൾ പടിപ്പുരയിൽ നിന്നും ആരോ വിളിച്ച് പറയുന്നത് കേട്ടു.

ഞാനിതാ വരുന്നു. എന്റെ വാഹനം ഒന്ന് ഒതുക്കി നിർത്തട്ടെ.

അപ്പോഴേക്കും തയ്യാറായിക്കോളു.

അത് കേട്ട് മുത്തശ്ശി. ചോദിച്ചു

ആരാദ് എന്തിനാ. തയ്യാറാവുന്നത്.

അപ്പോൾ വീണ്ടും അശിരീരി പോലെ ആ ശബ്ദം കേട്ടു.

ഞാൻ കാലനാണ് മുത്തശ്ശിയെ കൊണ്ടുപോകാൻ വന്നതാണ്.

കുറേ കാലമായില്ലെ എന്നെ വിളിക്കാൻ തുടങ്ങിയിട്ട്.


മുത്തശ്ശി

ചുറ്റു പുറവും നോക്കി.

താൻ കേട്ടത് സത്യമാണോ . അവസാനം തന്റെ മരണമെത്തിയോ. താൻ കേട്ട ശബ്ദം വിശ്വസിക്കാനാവതെ മുത്തശ്ശി തിണ്ണയിൽ നിന്നും എഴുന്നേറ്റ് വടി കുത്തി മുറ്റത്തേക്കിറങ്ങി.

അപ്പോൾ വീണ്ടും കേട്ടു ആ ശബ്ദം

വരു

ഇതാണ് കാലപാശം ഇതുകൊണ്ട് മുറുക്കി കെട്ടിയാണ് ഞാൻ ആത്മാക്കളെ കൊണ്ടുപോകുന്നത്. ഈ കെട്ട് കെട്ടിക്കഴിഞ്ഞാൽ

പിന്നെ ആ കെട്ടഴിക്കാൻ മുകളിൽ ചിത്ര ഗുപ്തന് മാത്രമെ കഴിയൂ.

കാലന്റെ ശബ്ദത്തിന് മുന്നിൽ പകച്ചു പോയ മുത്തശ്ശി കൈകൂപ്പി ഒരു വിതുമ്പലോടെ പറഞ്ഞു.

യമരാജാവെ , ദേവാ...

ഇപ്പോൾ എന്നെ കൊണ്ടുപോകരുതേ

ചിങ്ങത്തിൽ എന്റെ പേരക്കുട്ടിയുടെ കല്യാണമാണ്. അത് എനിക്ക് കാണണം.

അപേക്ഷയാണ് എന്തായാലും ഇത്ര കാലമായില്ലേ..

ഒരു രണ്ടുമാസം കൂടി ജീവിതം

നീട്ടിതരണം ......

.

അത് പറ്റില്ല എത്ര കാലമായി രാവും പകലും എന്നെ വിളിക്കാൻ തുടങ്ങിയിട്ട്.

രാത്രി

വിശന്നുറങ്ങിയവരെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ല എന്ന് പറയുന്ന പോലെ ..... പോത്തും കയറുമൊക്കെ ആയി ഞാൻ വന്നപ്പോൾ വരില്ലാ എന്നോ .

അത് പറ്റില്ല.

ഞാൻ മുത്തശ്ശിയുടെ ശരീരത്തെ വിട്ടു തരാം. പക്ഷെ ജീവനെ ഞാൻ കൊണ്ടുപോകുകതന്നേ ചെയ്യും.

അയ്യോ യമദേവാ അങ്ങിനെ പറയരുത്.

ജീവനില്ലാത്ത ശരീരം എന്തിന് കൊള്ളാം. അത് കത്തിക്കാനല്ലെ പറ്റു,

അരുത് യമരാജാവെ അരുത് .

തലയിൽ കിരീടവും അതിനിടയിലൂടെ പൊന്തി നിൽക്കുന്ന കൊമ്പുകളും , മിന്നിതിളങ്ങുന്ന വസ്ത്രങ്ങളും , ആറടിക്ക് മേലെ ഉയരവും കൈകളിൽ വളകളും കാലുകളിൽ തളകളുമണിഞ്ഞ കാലന്റെ മുന്നിൽ തൊഴുതു നിന്ന് കൊണ്ട് മുത്തശ്ശി കരച്ചിലോടെ പറഞ്ഞു.

രണ്ടു മാസം, രണ്ടേ രണ്ടു മാസം മാത്രം മതി എനിക്ക്.

ഇത്രകാലം കൂടെയിരുന്നിട്ട് അവളുടെ കല്യാണ സമയത്ത് ഞാൻ മരിച്ചു പോകുന്നത് ശരിയാണോ . അവിടുന്നു തന്നെ ഒന്ന് ആലോചിച്ചു നോക്കു

അതും നല്ല ആലോചന . ചെക്കൻ ദുബായ്ക്കാരൻ .

എന്നെ ഇപ്പോൾ കൊണ്ടുപോയാൽ ആ കല്യാണം തന്നെ മുടങ്ങും.

ആ കുട്ടിയുടെ ജീവിതം നശിക്കും.

അതു കൊണ്ട് ദയവായി യമരാജാനിപ്പോൾ മടങ്ങി പോകണം..

മുത്തശ്ശി കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുടക്കാതെ കാലൻ്റെ മുന്നിൽ തൊഴുതു നിന്നു.,

കാലൻ അതൊന്നും കേട്ടില്ല. മുത്തശിയെ കൊണ്ടു പോകും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു കാലൻ.

കലങ്ങി ചുവന്ന കണ്ണുകളും,വളഞ്ഞ പുരികങ്ങളും ,നീണ്ട കാതുകളും അവയിൽ തൂക്കിയ ഇരുമ്പ് വളയങ്ങളും, കൊമ്പൻ മീശയും,

കഴുത്തിലെ ഒറ്റ തലയോട്ടി മാലയും ആയി കാലന്റെ രൂപം മാറാൻ തുടങ്ങി. പടിവാതിക്കൽനിന്നും പോത്ത് അമറാനും തുടങ്ങി.

തിരിച്ചു വന്ന കാലങ്കോഴി പലവട്ടം കൂവി. എന്തോ ഒരു കടും നീല വെളിച്ചം ചുറ്റും പരന്നു.

അതോടെ മുത്തിശ്ശി പേടിച്ച് ബോധം കെട്ട് വീണു.


വീഴ്ച്ചയുടെ ശബ്ദം കേട്ട് വന്ന പേരക്കുട്ടി നിലവിളിയോടെ പറഞ്ഞു.

അമ്മേ മുത്തശ്ശി ഇതാ വീണു കിടക്കുന്നു.

അടുക്കളയിൽ നിന്നും വന്ന അമ്മ മാറത്തടിച്ച് കരഞ്ഞു കൊണ്ട് ചോദിച്ചു ഈശ്വരാ എന്റെ അമ്മ പോയോ.

അമ്മയും മകളും ചേർന്നുള്ള യുഗ്മരോദനം കേട്ട് മുത്തശ്ശിക്ക് ബോധം വന്നു.

അമ്മക്കെന്താ പറ്റിയത് .....

എന്താ പറ്റിയത്

എന്ന ചോദ്യം കേട്ട് മുത്തശ്ശി പതുക്കെ ചുറ്റും നോക്കി. കണ്ണുകളിൽ വിഹ്വലത

നെഞ്ചിനകത്ത് അസുര താളം

നെറ്റിയിൽ വിയർപ്പ് .

അവർ മുത്തശ്ശിയെ പിടിച്ചിരുത്തി.

ഭഗോതി താങ്ങി. വീണിട്ടൊന്നും പറ്റീല്ല്യ അമ്മ പറഞ്ഞു.

മുത്തശ്ശി പേരക്കുട്ടിയെ കെട്ടിപിടിച്ച് അരികിലിരുത്തി മെല്ലെ ആ ചുമലുകളിലേക്ക് ചാഞ്ഞു.

അപ്പോൾ നേർത്തു നേർത്തു പോകുന്ന ശബ്ദത്തോടെ മുത്തശ്ശി പറഞ്ഞു .

എനിക്ക് പോണ്ട ഞാനെവിടേക്കൂല്യ

എനിക്ക് നിന്റെ കല്യാണം കാണണം, നിന്റെ കുട്ട്യോളേം കാണണം.......


രവി വാരിയത്ത്.





Comments


bottom of page