top of page

Madhava Warrier (Ashan) Retired

മാധവ വാര്യർ എന്ന ആശാൻ ...... തിരുനക്കര കണി കണ്ട് ഉണരുന്ന നന്മ. 🌈🙏

ആശംസകൾ : Warriers.org


15-ാം വയസിൽ തുടങ്ങിയ കർമ്മബന്ധങ്ങളുടെ ഭാണ്ഡകെട്ട് (പത്രക്കെട്ട് ) ഇന്ന് ശ്രീ. മാധവ വാര്യർ താഴെ വച്ച് എല്ലാവരോടും യാത്ര പറഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്നു.


ആശാൻ (തിരുനക്കരക്കാർ അങ്ങനെയാണ് മാധവ വാര്യരെ സ്‌നേഹപൂർവ്വം സംബോധന ചെയ്തിരുന്നത് )നീണ്ട 68 വർഷക്കാലമായി തിരുനക്കരയെ പത്ര വായനയുമായി ബന്ധിപ്പിച്ച് നിർത്തിയ സാത്വികൻ.


അമ്പലവാസികളായ വാര്യർമാരുടെ കുല തൊഴിൽ ക്ഷേത്രത്തിൽ മാല കെട്ടും അനുബന്ധ ജോലികളുമാണ്.


ആശാൻ ക്ഷേത്രത്തിൽ പോകുന്ന അതേ വിശുദ്ധിയോടെ അതിരാവിലെ 4 മണിക്ക് എണീറ്റ് കുളിച്ച് ഭസ്‌മം നെറ്റിയിൽ ചാർത്തി, പല പത്രങ്ങളെ ഒരു മാലയിലെ പുഷ്പങ്ങൾ പോലെ ഒതുക്കി അടുക്കി മാറോട് ചേർത്ത് മഴയിലും, മഞ്ഞത്തും നമ്മുടെ വീടുകളിലേക്ക് കടന്ന് വരുന്ന കാഴ്ച കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തിനടുത്തായി തിരുനക്കര കണി കണ്ട് ഉണരുന്ന നന്മ കാഴ്ചയാണ്.


മലയാള മാസം ഒന്നാം തീയതി വീട്ടിൽ ആദ്യം വരുന്ന വ്യക്തിയുടെ ഐശ്വര്യമാണ് പ്രസ്‌തുത മാസം വീടുകളിലുണ്ടാവുക എന്നാണ് പരക്കെയുള്ള "പഴഞ്ചൻ "വിശ്വാസം. അങ്ങനെ എങ്കിൽ ഇപ്പോഴത്തെ ജെൻസി കിഡ് പറയുന്നു_ തിരുനക്കരയിലെ ഒട്ടുമിക്ക വീട്ടിലും കഴിഞ്ഞ 67 വർഷക്കാലം ആശാനാണ് ഐശ്വര്യം കൊണ്ട് വന്നു കൊണ്ടിരുന്നത്.


ആദ്യകാലത്ത് കഞ്ഞിക്കുഴി, കാരാപ്പുഴ, കോടി മത തുടങ്ങിയ സ്ഥലങ്ങളിൽ വരെ വരിക്കാർക്ക് സൈക്കിളിൽ പോയി പത്രവിതരണം നടത്തിയിരുന്നു. അക്കാലത്ത് പത്രങ്ങളുടെ എണ്ണം ആയിരവും കടന്നിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങൾക്കും പുറമേ തമിഴ്, ഇംഗ്ലീഷ് പത്രങ്ങളുടേയും ഏജൻസിയും ആശാന് ഉണ്ടായിരുന്നു. തമിഴ് പത്രങ്ങൾ പകൽ 11 മണിയോടെ മാത്രമാണ് അന്ന് റയിൽവേയിൽ എത്തിയിരുന്നത്. അന്നൊക്കെ പത്രവിതരണം കഴിഞ്ഞ് 3 മണിയോടെ വീട്ടിൽ തിരിച്ചെത്തിയായിരുന്നു ഉച്ച ഭക്ഷണം എന്ന് ആശാൻ ഓർക്കുന്നു.


ഈ തലമുറയിൽ ഉള്ളവർ ജനിക്കുന്നതിന് മുമ്പ് തുടങ്ങിയ ജോലി ആശാൻ ഇന്ന് കൊണ്ട് നിർത്തുകയാണ്. ഇത്രയും കാലത്തിനിടയ്ക്ക് മറ്റൊരു ജോലിയും ആശാൻ ചെയ്തിട്ടില്ല. ഈ ജോലിയിൽ തന്നെ അവധി ഒട്ട് എടുത്തിട്ടില്ല. ഇടയ്ക്ക് മുട്ട് വേദന കലശലായപ്പോൾ മാത്രം രണ്ടാഴ്ച ഇതിന് ഒരു അപവാദം ഉണ്ടായിട്ടുണ്ട്.


ഇത്രയും കാലത്തിനിടയ്ക്ക് അശാന് താൻ സംബന്ധിക്കേണ്ടതായ കുടുംബപരമായ ചടങ്ങുകൾ പോലും ജോലിക്ക് മുടക്കം വരാതെ ക്രമീകരിച്ചിരുന്നു. അതിന് സാധിക്കാത്തത് ഒഴിവാക്കിയിരുന്നു. ഒരു വിനോദ യാത്രയ്ക്ക് പോലും ഞങ്ങളെ കൊണ്ട് പോയിട്ടില്ല എന്ന് എൻ്റെ ബാല്യകാല സുഹൃത്തുക്കൾ കൂടിയായ ആശാൻ്റെ മക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജോലി അത് എങ്ങനെ പാഷനോടും, കൺസിസ്റ്റൻ്റുമായി ചെയ്യാം എന്നത് അച്ഛനിൽ നിന്നാണ് പഠിച്ചത് എന്ന് മക്കൾ രണ്ടുപേരും സാക്ഷ്യപെടുത്തുന്നു.


പത്രം എന്നത് എല്ലാ ദിവസം കമ്പോളത്തിൽ ഇറങ്ങുന്ന ഒരു ഉല്പന്നമാണ്. അതിനാൽ പൊതു അവധി ഒഴികെ മറ്റ് ഒരു ദിവസങ്ങളിലും പത്ര ഏജൻ്റ്മാർക്ക് അവധി എടുക്കുന്നതിന് സാധിക്കില്ല. പകരം മറ്റൊരാൾക്ക് ചെയ്യാനും കഴിയാത്ത ജോലിയാണ് പത്രവിതരണം. വീടുകൾ എല്ലാം അറിയുന്നത് ഏജൻ്റ്മാർക്ക്മാത്രമാണ്.


ആശാൻ മറ്റ് ഒരു ജോലിക്കും പോയിട്ടില്ല എന്ന് പ്രസ്താവിച്ചിരുന്നല്ലോ. പത്ര ഏജൻസി വരുമാനം ഒന്നു കൊണ്ട് മാത്രമാണ് മക്കളെ ഉന്നത നിലയിൽ പഠിപ്പിച്ചതും, സ്വന്തമായി സ്ഥലം വാങ്ങി വീട് പണികഴിപ്പിച്ചതും, എന്ന കാര്യം ഇപ്പോൾ സ്വസ്ഥമായി പുതിയ ത്യക്കോവിൽ ക്ഷേത്രത്തിന് സമീപം വ്യന്ദാവൻ വീട്ടിൽ ഇരുന്ന് ആശാൻ ഓർത്ത് എടുക്കുന്നു.


വായന അന്യം നിൽക്കുന്ന വർത്തമാന കാലത്ത് മലയാളി വായനയെ ഊഷ്മളമാക്കിയ ആശാനെ പോലുള്ളവരുടെ സംഭാവന വായനസമൂഹത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല.


പഠനകാലത്ത് ആശാൻ്റെ രണ്ട് കുട്ടികളും പത്രവിതരണത്തിന് അച്ഛനെ സഹായിച്ച് കട്ടയ്ക്ക് കൂടെ ഉണ്ടായിരുന്നു. ആദ്യ പുത്രൻ സന്തോഷ്കുമാർ ഇന്ന് കോട്ടയത്തെ അറിയപ്പെടുന്ന ചാർട്ടേണ്ട് ആക്കൗഡൻ്റാണ്. രണ്ടാമത്തെ പുത്രൻ സജികുമാർ കൊച്ചി ടെക്നോപാർക്കിലെ ഐ. ടി. സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് .ലീലയാണ് ഭാര്യ. മക്കളും, പേരക്കുട്ടികളുമായി സമാധാനപൂർവ്വമായ വിശ്രമ ജീവിതത്തിന് തിരുനക്കര തേവരുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .


Report by ജയകുമാർ തിരുനക്കര

(പ്രസിഡൻ്റ്, കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ, കോട്ടയം)


Photos

പത്രവിതരണ മേഖലയിൽ ദീർഘനാളത്തെ ജോലിയിൽ നിന്ന് വിരമിച്ച ഏജൻ്റ് മാധവ വാര്യർക്ക് കെ. സുരേഷ് കുറുപ്പ് പുരസ്‌ക്കാരം കൈമാറുന്നു. സുശീല ഗോപകുമാർ, ലീല ,എസ്. ശങ്കർ, ബി. ഗോപകുമാർ, ജയകുമാർ തിരുനക്കര , ഡോ. കെ. സുബ്രഹ്‌മണ്യം എന്നിവർ സമീപം


തിരുനക്കര കൂട്ടായ്‌മ യ്ക്ക് വേണ്ടി മാധവ വാര്യരെ ബി. ഗോപകുമാർ പൊന്നാട അണിയിക്കുന്നു.





1 Comment


Ram Mohan
Ram Mohan
Feb 26

Wishing you a contented happy retirement life.

Like
bottom of page