അതിഥികൾ
ഗിരി ബി വാരിയർ
👌👍: warriers.org
“വരുമ്പോൾ ഉരുളക്കിഴങ്ങും സബോളയും കൊണ്ടുവരണം” ബസ്സിൽ കയറി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയുടെ ഫോൺ വന്നു.
കുട്ടിക്കാലത്ത് തറവാട്ടിൽ താമസിക്കുന്ന കാലം. അങ്ങാടിയിൽ ചെറിയയുടെ പലചരക്കുകട മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് ഓർമ്മ പിന്നെ ഒരു ടെയ്ലറിങ് ഷോപ്പും അതിനോട് ചേർന്ന് ഒരു തുണിക്കടയും. കുറച്ചുമാറി ഒരു ചായക്കടയും.
കാലത്ത് അമ്പലത്തിൽ നിന്നും വന്നാൽ അമ്മമ്മ അടുക്കളമുറ്റത്തോട് ചേർന്നുള്ള പറമ്പിൽ നിന്നും പച്ചമുളക് പറിച്ച് നാളികേരം കൂട്ടി ചട്നി ഉണ്ടാക്കും, പ്രാതലായ ഇഡ്ഡലി അല്ലെങ്കിൽ ദോശയുടെ കൂടെക്കഴിക്കാൻ
ഉച്ചയൂണിന് പറമ്പിൽനിന്നും തന്നെ പച്ചക്കറി കിട്ടും. ചേമ്പ് ചേന, കുമ്പളങ്ങ, മത്തങ്ങ, കൂർക്ക, കായ, ചേമ്പിൻതണ്ട്, കുടപ്പൻ, കോവയ്ക്ക, അമരക്കായ, കൊപ്പക്കായ, മാങ്ങ, ഉണ്ണിപ്പിണ്ടി, പയർ, ചീര, കാച്ചിൽ അങ്ങനെ സമയാസമയത്തുണ്ടാവുന്ന പച്ചക്കറികൾ. പറമ്പിൽ കൊള്ളികൃഷി ചെയ്യാറില്ലായിരുന്നു, അതിന്റെ ഇല ആടോ പശുവോ കഴിച്ചാൽ ചത്തുപോകും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
സബോളയും ഉരുളക്കിഴങ്ങും വീട്ടിൽ അതിഥിയായി എത്തുന്നത് ഞങ്ങൾ തറവാട്ടിൽ നിന്നും മാറിത്താമസിച്ചപ്പോളാണ്. വളരെ വിശേഷമായി ഉണ്ടാക്കുന്ന പൂരിയുടെ കൂടെ ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കാൻ. മുപ്പത് സെന്റ് സ്ഥലം , അതിൽ നിറയെ പാറ. എന്നാലും അത്യാവശ്യം പച്ചക്കറിയൊക്കെ വീട്ടിൽ തന്നെ വിളയിക്കാൻ അച്ഛൻ ശ്രമിക്കാറുണ്ട്.
ബംഗാളികളും ബിഹാറികളും കേരളത്തിൽ എത്തുന്നതിന് മുമ്പേ അതിഥികളായി കോളിഫ്ലവറും ഷിംലമിർച്ചും ഗോബിയും ബിൻസും കാരറ്റും മറ്റും ടൗണിലെ പച്ചക്കറിമാർക്കറ്റിൽ എത്തിത്തുടങ്ങിയിരുന്നു.
അപ്പോഴേക്കും ഓലമേഞ്ഞ വീടുകൾ ഓടിട്ട വീടുകളും, ഓടിട്ടവ ടെറസ്സ് വീടുകളും ആയി. ടെറസ്സിട്ട വീടുകളിലേക്ക് വടക്കേ ഇന്ത്യയിൽനിന്നും വന്ന പച്ചക്കറികൾ അതിഥികളായി വരാൻ തുടങ്ങി. അവരുടെ കൂടെ പങ്ങിപ്പരുങ്ങി ഉരുളക്കിഴങ്ങും സബോളയും എത്തി.
കേരളത്തിൽ വിരുന്നുകാരായി എത്തിയ പച്ചക്കറികൾക്ക് താമസിക്കാൻ ശീതീകരിച്ച മുറികൾ കൊടുക്കേണ്ടി വരാൻ തുടങ്ങി. ദ്വാരപാലകൻമാരെപ്പോലെ സബോളയും ഉരുളക്കിഴങ്ങും ഫ്രിഡ്ജിന് പുറത്ത് കാവൽക്കാരായി.
മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും സാമ്പാർപൊടിയും ദോശപ്പൊടിയും അടുക്കളയിലെ അലമാരയിലെ പാക്കറ്റ്മസാലകളുടെ കൂടെയിരിക്കാൻ തുടങ്ങി
മല്ലിയും മുളകും വറുത്ത് അരച്ചുചേർത്തുണ്ടാക്കുന്ന കടലക്കറിയിൽ നിന്നും മസാലക്കറികളിലേക്ക് കയറികൂടി. പലപല മസാലകൾ അലമാരയിൽ നിറഞ്ഞുതുടങ്ങിയതോടെ അമ്മിയും ആട്ടുകല്ലും നിറകണ്ണോടെ വീടിറങ്ങി.
വീടിനുചുറ്റുമുള്ള തൊടിയുടെ നീളവും വീതിയും കുറഞ്ഞതോടെ അങ്ങാടിയിൽ പച്ചക്കറിക്കടകൾ മുളച്ചുതുടങ്ങി.
സ്റ്റോപ്പായി എന്ന കണ്ടക്ടറുടെ ഓർമ്മപ്പെടുത്തലിൽ ബസ്സിറങ്ങി.
റിട്ടയർ ആയാൽ കാടുപിടിച്ചുകിടക്കുന്ന തറവാട്ടുപറമ്പ് നന്നാക്കി പച്ചക്കറി കൃഷിതുടങ്ങണം. എന്നും ചിന്തിക്കുന്നതുപോലെ ഇന്നും ചിന്തിച്ചുകൊണ്ട് സബോളയും ഉരുളക്കിഴങ്ങും കൂട്ടിയിട്ട പെട്ടിയോട്ടോയുടെ അടുത്തേക്ക് നടന്നു.
ഗിരി ബി വാരിയർ
Comentários