top of page

Ammaye Kanan By Ravi Variyath

*അമ്മയെ കാണാൻ* By Ravi Variyath


അലമാരി തുറന്ന് അതിൽ ഇസ്ത്തിരിയിട്ടു വച്ചിരുന്ന പേൻറ്റും ഷർട്ടും ധരിച്ച് വാതിലടച്ചപ്പോൾ അതിൻ്റെ നീളൻ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ കണ്ടു. ഇത് ഞാൻ തന്നെയാണോ.....? എനിക്ക് സംശയമായി. ആയിരിക്കും . മുഖം നന്നാക്കാൻ മുഖകണ്ണാടിക്കാവില്ലല്ലൊ. താടിയും തലമുടിയുമൊക്കെ വളർന്ന് നരച്ചിരിക്കുന്നു. അതൊക്കെ ഒന്ന് ചെറുതാക്കി വെട്ടിയൊതുക്കി കറുപ്പിക്കാമായിരുന്നു എന്ന് എനിക്കപ്പോൾ തോന്നി. അതൊരു ശീലമായിട്ടല്ല. പക്ഷെ ഇങ്ങനെ നാട്ടിൽ ചെന്ന് അമ്മയെ കാണുമ്പോൾ പാവം അമ്മക്ക് വല്ലാത്ത സങ്കടമാവും. അമ്മയുടെ വിചാരം ഞാനിപ്പോഴും കുട്ടിയാണെന്നാണ്. അല്ലെങ്കിൽ ഞാനെപ്പോഴും അമ്മയുടെ മുന്നിൽ കുട്ടി ആയിരിക്കണമെന്നാണ് . ഇനി എന്തായാലും അതിനൊന്നും സമയമില്ല. സ്പെഷ്യൽ ട്രെയിൻ ഓടുന്നുണ്ടെന്നാണ് കേട്ടത്.അതിലൊരു സീറ്റു കിട്ടിയാൽ നാളെ വൈകുന്നേരത്തോടെ നാട്ടിലെത്താം കട്ടിൽമേൽ വെച്ചിരുന്ന ബാഗ് ഞാൻ ഒന്നു കൂടി തുറന്നു . അതിൽ നിന്നും പുളിയിലകരയുള്ള ഒരു കസവു മുണ്ട് പുറത്തെടുത്ത് ഞാൻ വീണ്ടും അതിൻ്റെ വീതി നോക്കി. എൻ്റെ ഞെരിയാണിക്കു മുകൾ ഭാഗം വരെ മാത്രമെ അതിന് വീതി ഉണ്ടായിരുന്നുള്ളു. മതി ഇത്രയെ വേണ്ടൂ. ഇത് അമ്മക്ക് പാകമാവും നന്നായി ചേരും. അല്ലെങ്കിലും അമ്മക്ക് വലിയമുണ്ട് പറ്റില്ല. അതിൻ്റെ ആവശ്യവുമില്ല. എൻ്റെ കഴുത്തോളം മാത്രമെ അമ്മക്ക് ഉയരമുള്ളൂ. വയസ്സാണെങ്കിൽ കുറേ ആയതു കൊണ്ട് ഇത്തിരി കൂനി കൂനിയാണ് നടത്തവും. അപ്പൊൾ വലിയ മുണ്ടൊക്കെ ചുറ്റിയാൽ തട്ടി തsഞ്ഞ് താഴെ വീഴും. ഈ പ്രായത്തിൽ വീണാൽ പിന്നെ കിടപ്പാവും അതോണ്ട് ഇത് മതി . ഇനി ഒരു കെട്ട് വെറ്റിലയും ഒരു കണ്ണി പുകയിലയും രണ്ടു നാലു പഴുക്കടയ്ക്കയും വേണം അത് വണ്ടിയിറങ്ങിയാൽ ഏതെങ്കിലും കടയിൽ കിട്ടും. ഇനിയിപ്പൊ പുകയില നിരോധിച്ചിട്ടുണ്ടൊ എന്നൊന്നും അറിയില്ല. ശ്രമിച്ചു നോക്കാം കിട്ടുമായിരിക്കും.. അല്ലെങ്കിൽത്തന്നെ അമ്മക്ക് മറ്റൊന്നിനും മോഹമില്ല്യ. മോഹം രണ്ടേ രണ്ടു കാര്യങ്ങളോട് മാത്രമെ ഉള്ളൂ. ഒന്ന് നല്ല പുകയില കൂട്ടി മുറുക്കുക. അമ്മയുടെ പ്രായക്കാര് വരുമ്പൊ ചെല്ലം തുറന്ന് അവരെ സ്വീകരിക്കുക സല്ക്കരിക്കുക . പിന്നെ രണ്ടാമത് രാത്രി കിടക്കുന്നതിന് മുൻപ് ദശമൂലാരിഷ്ടവും ലോഹാസവും ചേർത്ത് ഒരൗൺസ് കഴിക്കുക. കഴിഞ്ഞു. അതല്ലാതെ ഒരു മോഹവും അമ്മക്കില്ല. സ്വത്തിനോടൊ പണത്തിനോടൊ ഒന്നും . കഴുത്തിൽ ഒരു സ്വർണ്ണനൂലും അതിൽ കോർത്തിട്ട ഒരു ലോക്കറ്റും കൈവിരലിൽ പൂണ്ടു കിടക്കുന്ന ഒരു വെള്ളി മോതിരവും. അത് മാത്രമെ അമ്മയ്ക്ക് ആഭരണമായിട്ടുള്ളു. അതൊന്നും ഇല്ലാഞ്ഞിട്ടില്ല . അമ്മയ്ക്ക് മോഹമില്ലാഞ്ഞിട്ട്. രണ്ടു കൊല്ലം മുൻപ് അമ്മയുടെ സപ്തതിക്ക് പോയപ്പോൾ ഞാൻ സ്വർണ്ണം കെട്ടിയ ഒരു രുദ്രാക്ഷമാലയും കൊണ്ടുപോയിരുന്നു. അമ്മയ്ക്ക് പിറന്നാൾ സമ്മാനമായിട്ട് കൊടുക്കാൻ. അന്ന് ഞാനത് അമ്മയുടെ കയ്യിൽ കൊടുത്ത് തൊഴുത് നമസ്ക്കരിച്ച് എഴുന്നേറ്റപ്പോൾ അമ്മ ഏതാനും നിമിഷങ്ങൾ ആ മാല മാറോട് ചേർത്തു പിടിച്ച ശേഷം ഇരുകൈകളും എൻ്റെ ശിരസ്സിൽ ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു..... ''ഇത് നീയ്യെന്നെ സൂക്ഷിച്ചു വെച്ചൊട്ടൊ.. അമ്മയ്ക്കിതൊന്നും വേണ്ട എൻ്റെ അനുഗ്രഹം എന്നും എപ്പോഴും നിങ്ങൾക്കുണ്ടാവും..'' എന്ന്. ഞാൻ അപ്പോൾത്തന്നെ ആ മാല എൻ്റെ കഴുത്തിലണിഞ്ഞു. പിന്നെപിന്നെ ആ രുദ്രാക്ഷം മാറിൽ ചേർന്ന് കിടക്കുമ്പോൾ അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ടെന്ന ഒരു വിശ്വാസം എനിക്ക് തോന്നി തുടങ്ങി. ആ വിശ്വാസം സ്നേഹ സാന്ത്വനങ്ങളുടെ ഒരു തലോടൽ പോലെ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ആ എൻ്റെ അമ്മയെ കാണാനുള്ള യാത്രയുടെ പുറപ്പാടിലാണ് ഞാനിപ്പോൾ. കണ്ണാടിയിൽ നിന്നും ഞാൻ മുഖം തിരിച്ച് ബാഗും തൂക്കി പോകാനൊരുങ്ങി. ഒരു ബലത്തിന് ഷോകേയ്സിൻ്റെ സെയ്ഡിൽ തൂക്കിയ കാലൻകുടയും കയ്യിലെടുത്ത് വാതിൽ തുറന്നു. രണ്ടു ദിവസം മുമ്പ് പൂക്കളമിടാൻ അണിഞ്ഞ അരിമാവ് അവിടെ മായാതെ കിടന്നിരുന്നു. പൂക്കളും പൂക്കളവുമൊക്കെ ആരൊ അടിച്ചുവാരി കളഞ്ഞിരിക്കുന്നു. ആരോടെങ്കിലും യാത്ര പറയണോ.. പറയണോ എന്ന ചിന്തയിൽ ഞാൻ താഴെക്കുള്ള പടികളെ നോക്കി നിന്നു. എന്തൊ മനസ്സിന് വല്ലാത്തൊരു ഭാരം പോലെ , ചിന്തകൾക്ക് ഒരടുക്കും ചിട്ടയും ഇല്ലാത്ത പോലെ ഇടയ്ക്ക് നിർവികാരതയാണെങ്കിൽ അതു കഴിയുമ്പോൾ വല്ലാത്തൊരു ഇരമ്പൽ പോലെ. ചെവികളിൽ ആരൊ മൂളുന്ന ശബ്ദം. മോനെ... മോനെ... എന്ന് അമ്മ വിളിയ്ക്കുന്നതു പോലെ.... കണ്ണടച്ചാൽ മുന്നിൽ കത്തിയെരിയുന്ന ഒരു ചിത, ചിതയിൽ നിന്നും ഉയർന്നു പൊന്തുന്ന അഗ്നിനാളങ്ങൾ, അവയ്ക്ക് അമ്മയുടെ മുഖഛായ. ചിലപ്പോൾ വല്ലാത്തൊരു പേടി ചിലപ്പോൾ വല്ലാത്തൊരു ശൂന്യത മനസ്സ് കൂടുതൽ കൂടുതൽ പ്രക്ഷുപ്തമായപ്പോൾ ഞാനറിയാതെ തന്നെ എൻ്റെ വിരലുകൾ രുദ്രാക്ഷമാലയിൽ തൊട്ടു. അപ്പോൾ പിന്നിൽ നിന്നും മകൾ ചോദിക്കുന്നത് ഞാൻ കേട്ടു. അച്ഛനെങ്ങോട്ടാ... ബാഗും കുടയുമൊക്കെ ആയി. ഞാൻ ..... ഞാൻ നിൻ്റെ അച്ചമ്മയെ കാണാൻ പോവ്വാ. കഴിഞ്ഞ കൊല്ലത്തെ ഓണത്തിന് കണ്ടതല്ലെ. ഇപ്പൊ ദാ... മറ്റൊരോണം കൂടി കഴിഞ്ഞു പോയിരിക്കുന്നു. നിയ്യ് വരുന്നോൻ്റെ കൂടെ. അച്ചമ്മയ്ക്ക് വലിയ സന്തോഷാവും നിന്നെ കണ്ടാൽ അപ്പോൾ മകൾ വന്ന് എൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു 'വേണ്ട അച്ഛൻ ഇപ്പോ എങ്ങോട്ടും പോണ്ട... ഞാനെത്ര തവണ പറഞ്ഞതാ എന്നോട് പറയാതെ പുറത്തേക്കൊന്നും പോകരുതെന്ന് . ദാ.... അച്ഛൻ ഇങ്ങോട്ട് അകത്തേക്കു വരു. എന്നിട്ടാ കസേരയിലിരുന്നോളൂ. മരുന്നു കഴിക്കേണ്ട സമയമായി. അതെന്താ ഞാൻ പോയാലു്. ... എനിക്കെൻ്റെ അമ്മേ കാണണ്ടേ... എൻ്റെ കയ്യിൽത്തന്നെ മുറുക്കി പിടിച്ച് അവൾ തുടർന്നു. അച്ഛനിപ്പൊ ഒന്നും ഓർമ്മല്യാണ്ടേയിരിക്കുണു അച്ചമ്മ പോയില്ലെ അച്ഛാ... പോയൊ...? എപ്പോൾ എങ്ങോട്ട് .... അച്ചമ്മ പോയിട്ട് രണ്ടു മാസായില്ലേ അച്ഛാ... എല്ലാവരും പോവാറില്ലെ അവസാനം തിരിച്ചുവരാനാവാത്ത ഏതോ ലോകത്തിലേക്ക്. അവിടേക്കു തന്നെ . പോയൊ എൻ്റെ അമ്മ. എന്നിട്ടെന്താ ആരും എന്നോട് പറയാതിരുന്നത്. ഞാനറിഞ്ഞില്ലല്ലൊ അതൊന്നും. അച്ഛനോട് പറയാത്തോണ്ടും അറിയാത്തോണ്ടും ആല്ല അച്ഛൻ മറന്നതായിരിക്കും. ഒക്കെ ഒരോരുത്തരുടെ യോഗല്ലെ അച്ഛാ. ഈ വീട്ടിൽ നിന്നു തന്നെ പുറത്തിറങ്ങാനാവാതിരിക്കുമ്പോൾ നമ്മളെങ്ങിനെ അച്ഛാ നാട്ടിലേക്ക് പോകുക. യാത്രയ്ക്ക് ഒരു വാഹനം പോലും ഓടിയ്ക്കാനാവാത്ത കാലല്ലെ പിന്നെ എങ്ങിനേച്ഛാ നാട്ടിൽ പോയി അവസാനായിട്ടൊന്ന് കാണാനും ക്രിയാകർമ്മങ്ങളിലൊക്കെ പങ്കുചേരാനും സാധിക്ക്യാ നമ്മളൊക്കെ മനുഷ്യരല്ലേ. മനുഷ്യരിപ്പോൾ നിസ്സഹായരല്ലെ. പക്ഷികളെപ്പോലെ പറന്നു പോകാൻ ദൈവം നമുക്ക് ചിറകൊന്നും തന്നിട്ടില്ലല്ലൊ . അച്ഛനെന്താ അതൊന്നും മനസ്സിലാക്കത് . ഉം......അതൊക്കെ ശരി, എന്നാലും എൻ്റെ അമ്മ മരിച്ചു പോയീന്ന് ഞാൻ വിശ്വസിക്കില്ല. ആര് പറഞ്ഞാലും ശരി ഞാനത് വിശ്വസിക്കില്ല, ഇനി വണ്ടീം ബസ്സൊക്കെ ഓടാൻ തുടങ്ങിയാ എനിക്ക് നാട്ടില് പോണം. പോയി അമ്മേ കാണണം. എന്നിട്ട് ഈ കസവു മുണ്ട് കൊടുക്കണം. കുറേ വെറ്റിലയും പുകയിലയും ഒക്കെ മേടിച്ചു കൊടുക്കണം. ശരിട്ടൊ....അച്ഛൻ കരയണ്ട. ഞാൻ കൊണ്ടു പോകാം അച്ഛനെ പോരെ. മകളുടെ കൈപിടിയിൽ ഒതുങ്ങി ഒരു വിതുമ്പലോടെ അകത്തേക്ക് നടക്കുമ്പോഴും ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു ഏതോ വിഭ്രാന്തിയിൽ.. എന്നെ കൊണ്ടു പോണം ട്ടൊ നാട്ടിലേക്ക് കൊണ്ടു പോണംട്ടൊ എനിക്കെൻ്റെ അമ്മേ കാണണം അമ്മേ കാണണം എന്ന്.

രവി വാരിയത്ത്

2 views0 comments

Commenti


bottom of page