top of page

Vijayadashami - ororma

വിജയദശമി ഒരോർമ്മ....

By Ravi VARIYATH

പുരാണ ഗ്രന്ഥങ്ങളും പഠിക്കുന്ന പുസ്തകങ്ങളും വർത്തമാന പത്രത്തിൻ്റെ (news paper)രണ്ടു മൂന്നു പേജുകൾ കൊണ്ട് പൊതിഞ്ഞ് ചാക്കു നൂല് കൊണ്ട് ഭദ്രമായി കെട്ടി അതിന് പുറത്ത് വീട്ടു പേരും എഴുതിയിട്ടാണ് അന്ന് പുസ്തകം പൂജക്ക് വെക്കാൻ കൊണ്ടുപോയിരുന്നത്.

ഇന്നത്തെപ്പോലെയല്ല അന്ന്. ഒരു വീട്ടിൽ നാലഞ്ചു കുട്ടികൾ പഠിക്കുന്നുണ്ടാവും.അവരുടേയൊക്കെ ഈരണ്ട് പുസ്തകങ്ങൾ വെച്ചാൽത്തന്നെ എണ്ണം പത്താവും. അതിനു പുറമെ രാമായണവും മഹാഭാരതവും നാരായം കൊണ്ടെഴുതിയ ഗ്രന്ഥക്കെട്ടും,പെന്നും പെൻസിലും പിന്നെ തുന്നൽ മിഷ്യൻ്റെ വലിയ കത്രികയും.

അതെല്ലാം കൂടി പൊതിഞ്ഞ ആ പൊതി അത്ര ചെറിയ തൊന്നും ആയിരിക്കില്ല.

ഞങ്ങൾ അന്ന് വീട്ടിലൊ അമ്പലത്തിലൊ ആയിരുന്നില്ല പുസ്തകം പൂജക്ക് വെച്ചിരുന്നത്

അര കിലോമീറ്ററോളം ദൂരെയുള്ള ഒരു

ഐയ്യർ മഠത്തിലായിരുന്നു പതിവ്.

ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ പൂജവെപ്പ് ഉണ്ടായിരുന്നുവെങ്കിലും കുട്ടികളായിരുന്ന ഞങ്ങൾക്ക് അത് അൽപ്പം ദൂരക്കൂടുതലായിരുന്നു.

ദുർഗ്ഗാഷ്ഠമി നാളിൽ സന്ധ്യക്ക് കുളി കഴിഞ്ഞ് മനസ്സും ശരീരവും ശുദ്ധമാക്കി പുസ്തകകെട്ടുകൾ തോളിൽ വെച്ച് ഒരു കൈ കൊണ്ട് അത് വീഴാതിരിക്കാൻ താങ്ങി പിടിച്ച് അഞ്ചാറു പേരുള്ള സംഘമായിട്ടായിരുന്നു മഠത്തിലേക്കുള്ള യാത്ര.

ഏകദേശം അര മണിക്കൂർ നേരം പാടത്തു കൂടി നടക്കണം അവിടെയെത്താൻ. ആ യാത്രക്കിടക്ക് വേറേയും ചില സംഘങ്ങൾ പുസ്തക പൊതികളുമായി കൂടെ ചേരും.

മഠത്തിലെത്തുമ്പോഴേക്കും അത് വലിയൊരു ജാഥ പോലെ ആയി കഴിഞ്ഞിരിക്കും.

പച്ചപ്പരവതാനി വിരിച്ച പാടത്തിൻ്റെ നടുക്കുള്ള പാടവരമ്പുകളിലൂടെ പുസ്തകെട്ടുമായി വരിതെറ്റിക്കാതെ വളഞ്ഞും, തിരിഞ്ഞും, പോകുന്ന ആ യാത്ര ഇന്ന് ആലോചിക്കുമ്പോൾ വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു.

വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു.

പതിനഞ്ചു വയസ്സിന് താഴെയുള്ള പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്നതാണ് ആ ജാഥ.

പൂജക്ക് വെക്കാനുള്ള പുസ്തക കെട്ടുകൾ പത്തൊ പതിനഞ്ചോ മാത്രമെ ഉണ്ടാവൂ. പക്ഷെ കുട്ടികൾ മുപ്പതൊ അതിലധികമൊ ഉണ്ടാവും.

പണ്ട് നാട്ടിൻ പുറങ്ങളിൽ കല്യാണം കഴിഞ്ഞ് കൂട്ടി കൊണ്ടുവരവൊക്കെ അങ്ങിനെ ആയിരുന്നു.

പാടത്തിൻ്റെ നടുക്കുള്ള വലിയ വരമ്പിലുടെ നിവർത്തി പിടിച്ച കുടയുമായി വധൂവരന്മാരും ട്രങ്ക് പെട്ടി തലയിൽ ചുമന്ന മറ്റൊരാളും പിന്നിൽ വരമ്പു് നിറയെ ചോറൂണുറുമ്പുകൾ പോകുന്ന പോലെ വരിവരിയായി വീട്ടുകാരും നാട്ടുകാരും.

ഇന്ന് അവയൊക്കെ ഓർമ്മകളിൽ ചലചിത്രമായി തീർന്നു എങ്കിലും അതൊക്കെ കാലത്തിൻ്റെ ചരിത്രരേഖ പോലെ മനസ്സിലിന്നും പൊടി തട്ടാതെ അവശേഷിക്കുന്നു .


കുട്ടികളുടെ ജാഥ മഠത്തിൻ്റെ പടിപ്പുര കടന്നാൽ താനെ

നിശ്ശബ്ദമാവും. കലപിലാരവങ്ങളും, പൊട്ടി ചിരികളും ഇല്ലാതാവും. അവിടുത്തെ പരിസരമാകെ കർപ്പൂരത്തിൻ്റേയും ചന്ദനത്തിരികളുടേയും വാസനയിൽ കുളിച്ചു നിൽക്കുന്നുണ്ടാവും.

പുസ്തകങ്ങൾ മഠത്തിലേൽപ്പിച്ച് തിരിച്ച് പടിപ്പുരയിറങ്ങുമ്പോൾ ഞങ്ങൾ വീണ്ടും കോലാഹലം തുടങ്ങും. ചെറു സംഘങ്ങൾ വഴിപിരിയും. അപ്പോഴേക്കും സന്ധ്യ മയങ്ങിക്കഴിഞ്ഞിരിക്കും. ഒരു പാട പോലെ നേർത്ത ഇരുട്ടും പാടത്തിലെ കുളിർ കാറ്റും അപ്പോൾ ഞങ്ങളെ തഴുകുന്നുണ്ടാവും.

പിന്നെ പിറ്റേ ദിവസം മഹാനവമി.

അന്ന് തൊഴാൻ രാവിലേയും വൈകുന്നേരവും പോവും..

ഇന്നലത്തേക്കാൾ കൂടുതൽ സന്തോഷ മായിരിക്കും ഇന്ന് .

പൂജ കഴിഞ്ഞാൽ കിട്ടുന്ന പ്രസാദം

അവില്, മലര്, പഴം പിന്നെ ഇല ചീന്തിൽ കിട്ടുന്ന ചൂടുള്ള നെയ് പായസം. അതിൽ വീണു കിടക്കുന്ന തെച്ചി പൂവിൻ്റേയും തുളസിയുടേയും സുഗന്ധം.

ഇന്നൊന്നും വായിക്കാൻ പറയില്ലല്ലൊ എന്ന ആശ്വാസം .അതൊക്കെ സന്തോഷത്തിൻ്റെ അളവ് കൂട്ടും.

എന്നാലും അന്നാണ് ആ ദിവസമാണ് എന്തെങ്കിലും വായിക്കണം എന്ന് തോന്നാറുള്ളതും.


സ്കൂളിൽ പോവാൻ എന്നും മടി.

പക്ഷെ സമരമുള്ള ദിവസം നേരത്തെയെത്തും.

നേരത്തെ എഴുന്നേറ്റ് ജോലിക്ക് പോകാൻ മടി.

വണ്ടി ഓടുന്നില്ല എന്ന് കേട്ടാൽ ആ ദിവസം പതിവിലും നേരത്തെ സ്റ്റേഷനിലെത്തും.

ഇതാണല്ലൊ അന്നും ഇന്നും നമ്മുടെ സ്വഭാവം.😂


പിറ്റേ ദിവസം വിജയ ദശമിയാണ്. മഠത്തിൽ അതിരാവി ലെയെത്തും. തികഞ്ഞ സാത്വികനും സംസ്കൃത പണ്ഡിതനുമായിരുന്നഅയ്യര് സ്വാമിയുടെ സരസ്വതീ ശ്ലോകങ്ങൾ, കീർത്തനങ്ങൾ പ്രാർത്ഥനകൾ എല്ലാം പുറത്തേക്കൊഴുകി വരുന്നുണ്ടാവും അപ്പോൾ .

കുട്ടികൾ മാത്രമല്ല മുതിർന്നവരും അന്നവിടെ സന്നിഹിതരായിരിക്കും.

ചിലർ കുട്ടികളെ എഴുത്തിനിരുത്താൻ കൊണ്ടുവന്നിട്ടുണ്ടാവും. അദ്ദേഹം അവരെ മടിയിലിരുത്തി അവരുടെ വിരലിൽ പിടിച്ച്

ഓട്ടുരുളിയിലെ പച്ചരിയിൽ ഹരിശ്രീ ഗണപതയേ നമ: എന്നെഴുതിക്കും.

പിന്നെ അദ്ദേഹത്തിൻ്റെ സ്വർണ്ണമോതിരം കൊണ്ട് കുട്ടികളുടെ നാവിലും അതു തന്നെ എഴുതി കൊടുക്കും.

അവരുടെ കരച്ചിലും ബഹളവും ഒരു വശത്ത് ,

പ്രസാദം കഴിക്കുന്നതിൻ്റെ ബഹളം മറുവശത്ത് അതിനിടയിൽ

പൂജിച്ചു വെച്ച പുസ്തകെട്ടുകൾ തിരയുന്ന തിരക്ക്.

കുട്ടികൾ

സരസ്വതി നിൻ ചരണാരവിന്ദം

ശിരസ്സിൽ വെച്ചട്ടിഹ കുമ്പിടുന്നേൻ.....

എന്നും

മുതിർന്നവർ

യാകുന്ദേന്ദു തുഷാരഹാര ധവളാ

യാ ശുഭ്രവസ്ത്രാവൃതാ

എന്ന്

പ്രാർത്ഥിക്കുന്നതിൻ്റേയും തിരക്ക്

അങ്ങിനെ സ്വാമിയാർ മഠം ആകെ ശബ്ദഘോഷങ്ങളാൽ മുഖരിതമായിരിക്കും.

പിന്നെ എല്ലാം കഴിഞ്ഞ് പുസ്തകെട്ടുമായി വീട്ടിലെത്തിയാൽ ഒരു വായനയുണ്ട്.

നല്ലപോലെ കാണാപാഠം പഠിച്ച പദ്യങ്ങളാണ് ആദ്യം വായിക്കുന്നത്.

അതിന് പുസ്തകം നോക്കേണ്ട കാര്യമില്ലങ്കിലും അതാണ് പതിവ്. വായിക്കാനുള്ള എളുപ്പം നോക്കി ഹിന്ദി ഇംഗ്ലീഷ് മുതലായ പുസ്തകങ്ങളൊന്നും പൂജവെപ്പിന് കൊണ്ടു പോകുന്ന കൂട്ടത്തിൽ വെക്കാറുമില്ല.

ആ കൂട്ട വായനയും, എഴുത്തും ഏകദേശം അര മണിക്കൂർ തുടരും. അപ്പോഴേക്കും സമയം പത്തു മണി കഴിഞ്ഞിരിക്കും.

പിന്നെ എല്ലാം മടക്കി മേശപ്പുറത്ത് വെച്ച് അടുക്കളയിലേക്ക് ഒരോട്ടം.

അതോടെ

വിജയദശമി തീർന്നു.

ഇന്ന്

പുസ്തകത്തോടൊപ്പം മൊബയിൽ ഫോണും പൂജക്ക് വെക്കാമത്രെ.

ഈയ്യിടെ ആയി വായിച്ചതും, എഴുതിയതും, പഠിച്ചതും എല്ലാം അതിലാണല്ലൊ.

എന്നാലും ആ പഴയ കാലത്തെ മനസ്സിൽ കണ്ട് ധ്യാനിച്ച് എല്ലാവർക്കും വിജ്ഞാനവും വിവേകവും, വിദ്യാഭ്യാസവും ഉള്ള ഒരു ഭാവി

ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു.

🙏

രവി വാരിയത്ത്. *വിജയദശമി ആശംസകൾ* : warriers.org12 views0 comments

Comments


bottom of page