
പാലക്കാട് ജില്ലയിലെ ഒരു നല്ല ഗ്രാമം. മഴക്കാലം കഴിഞ്ഞു ഓണക്കാലം, അതായത് ചിങ്ങമാസം വന്നു പിറന്നു. പച്ച പരവതാനി വിരിച്ച പോലെ പാടം, നടുക്ക് വെള്ളി കസവിട്ട പോലെ ചെറിയ തോട്. ചുറ്റിനും ചെറിയ കുന്നുകളും, കുറച്ചു വിട്ടു അകലെ മല നിരകളും. പാടത്തിൻറെ അറ്റത്ത് നിളാ നദി.
പാടത്തിന് അരികിൽ പലതരം ചെറുതും വലുതുമായ വീടുകൾ. അതിൽ തന്നെ ചിലത് പാടത്തിൽ നിന്നും ഉയർന്നാണ് നിൽക്കുന്നത്.
അവിടേക്ക് കയറാൻ പടികൾ, രണ്ട് ഭാഗത്തും വലിയ രണ്ടു തൂണുകൾ, അതിൻറെ മുകളിൽ സിംഹം ഇരിക്കുന്ന പോലെ ഉള്ളതും, ആനയുടെ പോലെയും ഉള്ള പ്രതിമകൾ.
പാടത്തിൻറെ ഒരു ഭാഗത് ഒരു ദ്വീപു പോലെ ഒരു സ്ഥലം, അതിൽ തെങ്ങ്, മാവ്, പ്ലാവ്, ഞാവൽ, നെല്ലി തുടങ്ങിയ വൃക്ഷങ്ങൾ നടുക്ക് ചെറിയ ഒരു കുളവും. ഇവിടെ ഒരു ചെറിയ പറമ്പും ഉണ്ട്. അടുത്തുള്ള വീട്ടുകാരിൽ ഒരാളുടെ ആണ് ആസ്ഥലം.
ഇതൊന്നും കൂടാതെ ഒരു കൊച്ചു ക്ഷേത്രം ഈ പാടത്തിൻറെ വക്കത് കാണാം. കൃഷ്ണൻറെ അമ്പലം.. ആ ഗ്രാമക്കാരുടെ എല്ലാമാണ് ആ കൃഷ്ണൻ, ആ അമ്പലം.
ദ്വീപ് പോലെയുള്ള സ്ഥലത്ത് എന്നും അഞ്ച് മണിക്ക് കുറച്ച് ആൺ കുട്ടികൾ ഒത്തു ചേരും. ബാല ശാഖയാണ് അവിടെ. എന്നും ശാഖ കഴിഞ്ഞ് ഈ കുട്ടികൾ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഓടും. അവിടെ അപ്പോൾ ഭജന ഉണ്ടാവും. അത് കഴിഞ്ഞാൽ പ്രസാദമായി അവലും പഴവും കിട്ടും. അത് കഴിച്ചതിന്ന് ശേഷമെ ഈ കുട്ടികൾ വീട്ടിലേക്ക് പോവുകയുള്ളു.
ഓണം അടുത്തതിനാൽ ദൂരെ ജോലിയിൽ ഉള്ളവർ ഒക്കെ നാട്ടിൽ അവധിക്ക് എത്തിയിട്ടുണ്ട്.ഓണത്തിനു ഒരു പത്ത് ദിവസം മുൻപ് രാവിലെ പാടത്ത് കൂടെ രണ്ടുപേർ നടന്നു വരുന്നു.
കേശവനും, കൃഷ്ണ മേനോനും. കയ്യിൽ സഞ്ചികളും ഒക്കെ ആയിട്ടാണ്. സംസാരിച്ചും കൊണ്ട് വരുന്ന വഴി അമ്പലത്തിലെ തിരുമേനിയേയും, വാരിയരേയും കണ്ട് കുശലം ഒക്കെ ചോദിച്ചു.
"എന്താ തിരുമേനി ഇന്ന് വൈകിയല്ലോ, സമയം പതിനൊന്ന് കഴിഞ്ഞു."
"അമ്പലത്തിൽ കുറച്ചു തിരക്ക് കൂടുത്തൽ ഉള്ള സമയം ആണല്ലോ മേന്നെ, ലീവിൽ വന്നവർ വഴിപാടുകളും ഒക്കെ ആയി, ദൂരെന്നൊക്കെ വരുന്നവർ അല്ലെ?"
"വാര്യർക്കും മാല പ്പണി കൂടുതൽ ഉണ്ട്. പൂക്കളുടെ കാലം അല്ലെ, കൃഷ്ണൻ ധാരാളം മാലകൾ ഇട്ട് രസിക്കട്ടെ.."
തിരുമേനി :- മേനോനും, കേശവനും കൂടി ഓണത്തിന്റെ സാധനങ്ങൾ വാങ്ങാനായിരിക്കുമല്ലേ?
മേനോൻ :- "അതേ. കേശൂന്റെ മകൻ ഓണത്തിന് വരുന്നുണ്ട്. കുട്ടികൾ വരുന്നതുകൊണ്ടു ഓണം ആഘോഷിക്കാം എന്ന് വിചാരിക്കുകയാണ്. കുട്ടികൾ എല്ലാം കണ്ട് മനസ്സിലാക്കണ്ടെ?" എന്നും പറഞ്ഞ് അവർ നടന്നു.
ഓണം അടുത്തു. തൃക്കേട്ട ദിവസം. വീടുകളിൽ എല്ലാം ഉപ്പേരി വറുക്കുന്നതിന്റെയും, ഓണക്കോടി എടുക്കുന്നതിന്റേയും, ഒക്കെ സന്തോഷകരമായ ബഹളം. കുട്ടികൾ പൂക്കളം ഇടുന്നതിന് പൂ പറിക്കാൻ പോകുന്നതിന്റെ തിമിർപ്പ്.
കൃഷ്ണ മേനോന്റെയും, കേശവന്റേയും വീടുകൾ തൊട്ട് തൊട്ടാണ് സ്ഥിതി ചെയ്യുന്നത്. അവർ വളരെ അടുത്ത കൂട്ടുകാർ ആണ്. ഒരുമിച്ച് കളിച്ചു ഒരുമിച്ചു പഠിച്ച് വളർന്നവർ. കൃഷ്ണു എന്നും കേശു എന്നും ആണ് ഇവർ പരസ്പ്പരം വിളിച്ചിരുന്നതും.
എന്നു മാത്രമല്ല, കേശവന്റെ അച്ഛൻ, കൃഷ്ണ മേനോന്റെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു. കാര്യസ്ഥൻ എന്നതിൽ കൂടുതൽ അവർ ചങ്ങാതിമാർ തന്നെ ആയിരുന്നു.
കൃഷ്ണ മേനോൻറെ അച്ഛന് കേശവന്റെ അച്ഛൻ ഇല്ലാതെ ഒരു കാര്യവും ഇല്ലായിരുന്നു. എല്ലാം രണ്ടു പേരും ആലോചിച്ചേ ഏതു കാര്യവും അവർ ചെയ്തിരുന്നുള്ളു. അതുപോലെ തന്നെ ആണ് കേശവനും, കൃഷ്ണ മേനോനും തമ്മിലും.
ഇപ്പോൾ ഇവർ കേശുവും കൃഷ്ണുവും രണ്ടുപേരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. അത്താഴം കഴിഞ്ഞാൽ രണ്ടു പേരും മുറ്റത്ത് അങ്ങിനെ ഓരോന്നും പറഞ്ഞു നടക്കും, ഭാര്യമാർ അടുക്കള അടച്ച് വരുന്നത് വരെ. ഇത് അവരുടെ പതിവാണ്...
മേനോന് മക്കൾ ഇല്ല. കിച്ചുവിന്റെ മക്കൾ തന്നെ ആണ് ഇവർക്കും കൊഞ്ചിക്കാനും ലാളിക്കാനും ഉണ്ടായിരുന്നത്. കുട്ടികൾ എല്ലാം വലുതായി ജോലി ആയി കല്യാണവും കഴിഞ്ഞു.
ഒരു മകനും ഒരു മകളും ആണ് കേശുന്. മകൻ ഉണ്ണിയും മക്കളും കൂടി ഓണത്തിന് വരുന്നുണ്ട്. മകൾ കവിതക്ക് വരാൻ അസൗകര്യം എന്തോ ഉണ്ടത്രേ. അവളുടെ ഭർത്താവ് ഹരി പുതിയ ജോലിയിൽ കയറിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. ലീവ് കിട്ടില്ല.
തൃക്കേട്ട ദിവസം ഭാര്യയെ ഉപ്പേരി വറുക്കാൻ സഹായിക്കുന്ന കേശുന് മുറ്റത്തെ നടപ്പിന് സാധിച്ചില്ല.
ഉത്രാടം ദിവസം മക്കൾ എത്തും. വളരെ സന്തോഷത്തിൽ ആണ് എല്ലാവരും.
പൂരാടത്തിന്റെ തലേ ദിവസം ഇവർ മുറ്റത്ത് ഒരു കസേര ഒക്കെ ഇട്ടു ഭാര്യമാരും ഒക്കെ കൂടി ഇരുന്ന് പഴയ കാലം അയവിറക്കാൻ തുടങ്ങി.
കേശു പറഞ്ഞു :- ഇപ്പോൾ ഒക്കെ എന്താ ഓണത്തിന് ഒരു രസവും ഇല്ല. പണ്ട് ക്രിഷ്ണൂൻറെ മുത്തശ്ശൻ വെളുപ്പിന് ഒരൂ അഞ്ച് മണി കഴിയുമ്പോൾ എഴുന്നേറ്റ് മുറ്റത്തിറങ്ങി പൂ വിളിക്കാൻ തുടങ്ങും.
കൃഷ്ണു വിൻറെ മുത്തശ്ശൻ ഒരു ആദർശനായ ഒരു ജന്മി ആയിരുന്നു. വലിയ പേരുകേട്ട ഒരു ജന്മി കുടുംബം ആയിരുന്നു അവരുടേത്. മുത്തശ്ശന് ഉച്ചനീചത്വബോധം ഉണ്ടായിരുന്നില്ല.ഗാന്ധിയിസം ആദർശമായി എടുത്ത് എല്ലാവരെയും ഒരേപോലെ സ്നേഹിക്കുകയും സഹായിക്കുകയുകയും ചെയ്തിരുന്നു.
പൂവിളി ഇങ്ങിനെ മുത്തശ്ശൻ തുടങ്ങും....
"കണ്ണാന്തളി മുറ്റത്തൊരു തുമ്പ വിരിഞ്ഞു,
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു,
തോണിടെ തലപ്പത്തോരാല് മുളച്ചു,
ആലിന്റെ കൊമ്പത്തോരുണ്ണി പിറന്നു,
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടിം തുടി ക്കോലും,
ഉണ്ണിക്ക് പൂജിക്കാൻ ഒരു കുട്ട പൂവും
കൊണ്ടോടിവാ..
പുവ്വേ പൊലി....
പുവ്വേ പൊലി...
പുവ്വേ.....
ഈ പൂവിളി കേട്ടാൽ അടുത്ത വീട്ടിലെ കുട്ടികൾ ഉണർന്നു അവരും പൂ വിളിക്കും, അതു കേട്ടു അതിനടുത്ത വീട്ടുകാർ,
അങ്ങിനെ അടുത്തുള്ള എല്ലാ വീട്ടിലേയും കുട്ടികൾ ഉണർന്നു പൂക്കൾ പറിക്കാൻ തയ്യാറാവും.
കൊച്ചുകുട്ടികൾ അവരുടെ ഒക്കെ വീട്ടു വളപ്പിലെ തന്നെ പൂക്കൾ പറിക്കും. മുതിർന്ന കുട്ടികൾ അടുത്തുള്ള കുന്നുകളിലും, പറമ്പുകളിലും പോയി പറിച്ചു കൊണ്ടു വരും.
നേരം വെളുക്കുമ്പോൾ കുട്ടികൾ എല്ലാം അവനവന്റെ വീട്ടു മുറ്റത്ത് പൂക്കളുമായി പൂവിടാൻ തയ്യാറാവും. വീടിന്റെ മുറ്റത്തു ചാണകം മെഴുകി അവിടെ പൂക്കളമിടും. ഓരോരുത്തരുടേയും കലാ, കരവിരുത് അപ്പോഴാണ് അറിയുക.
പൂക്കളത്തിന്ന് പ്രധാനമായും 'തുമ്പപ്പൂ' ആണ് വേണ്ടത്. പിന്നെ മുക്കുറ്റി, നീല പൂ, വേലിപരത്തി, മത്തൻപൂ, അങ്ങിനെ എല്ലാ പൂക്കളുമായി ഇവയെല്ലാം ചേർത്ത് നല്ല ഭംഗിയായി പൂക്കളങ്ങൾ രൃപപ്പെടും.
കൃഷ്ണൂൻറെ വീട്ടിൽ ആണ് കേശുവും പൂക്കളം ഇടുന്നത്. കൃഷ്ണുൻറെ വീട്ടിൽ കാളി മുറ്റമെല്ലാം അടിച്ചു പൂവിടുന്ന സ്ഥലത്തു ചാണകം മെഴുകി ഇടും. ചാമിയും ഭാര്യ കാളിയും കൃഷ്ണുൻറെ വീട്ടിലെ വളപ്പിലെ പണിക്കാർ ആണ്.
കേശു അധിക ദിവസവും കൃഷ്ണുൻറെ വീട്ടിൽ തന്നെ ആണ് ഉറങ്ങുന്നത്. അന്നൊക്കെ എത്ര കുട്ടികൾ ആയിരുന്നു, ഇന്നാണെങ്കിൽ എല്ലാം ഒന്നോ രണ്ടോ കുട്ടികൾ, അവർ നാട്ടിലും ഇല്ല.
ദൂരെ ഓരോ സ്ഥലങ്ങളിൽ ജോലി ആയി കൂടുന്നു.ഓണത്തിനും ഇല്ല, വിഷുവിനും ഇല്ല, ഒന്നിനും വരാൻ അവരുടെ പ്രാരാബ്ധങ്ങൾ കാരണം സാധിക്കില്ല. വന്നാൽ തന്നെ അവർ ഒന്നും പുറത്ത് കാണുകയുമില്ല. എല്ലാം കമ്പ്യുട്ടറിൽ, കളികളും കൂടി അതിൽക്കൂടെ ആണ്.
പണ്ടൊക്കെ ഓണത്തിന് എല്ലാവർക്കും ഓണപ്പുടവയും കൊടുക്കും. ഇതൊക്കെ പറഞ്ഞു പഴയ കാലം അയവിറക്കി അങ്ങിനെ ഇവർ സമയം പോയത് അറിഞ്ഞില്ല.
കേശുന്റെ ഭാര്യ ഭാമ പറഞ്ഞു, സമയം പന്ത്രണ്ടു ആവാറായി. ബാക്കി കഥ നാളെ പറയാം.
അങ്ങിനെ നാളെ ബാക്കി പറയാം എന്ന തീരുമാനത്തിൽ അവർ പിരിഞ്ഞു.
പിറ്റേന്നു ഒരു പത്ത് മണി കഴിഞ്ഞപ്പോൾ കേശു കൃഷ്ണു വിനെ വിളിച്ചു. കേശുവിൻറെ മുഖം വളരെ വിഷമത്തിൽ ആയിരുന്നു. കേശൂന്റെ മുഖം കണ്ടപ്പോൾ കൃഷ്ണു വിനു ആകെ പരിഭ്രമം ആയി.
"എന്താ ഡോ, എന്തു പറ്റി?" എന്ന് ചോദിച്ചും കൊണ്ടു മുറ്റത്തേക്കു ഇറങ്ങി ചെന്നു.
കൃഷ്ണു, നമ്മുടെ മക്കൾ ഒക്കെ വലിയ തിരക്കിൽ ആണ്. അവരൊക്കെ നല്ല നിലയിൽ ആണല്ലോ? ഉണ്ണിക്ക് ഒരു പ്രൊമോഷൻ കിട്ടി. അപ്പോൾ ഉടനെ വരാൻ സാധിക്കില്ല. ഒരു മാസം കഴിഞ്ഞു വരാം എന്നു ഇപ്പോൾ ഫോൺ വന്നു. ഭാമ ആകെ വിഷമത്തിൽ ആണ്.
കൃഷ്ണു :- താൻ വിഷമിക്കേണ്ട. നമുക്ക് സാക്ഷാൽ ഉണ്ണികൃഷ്ണൻ ഉണ്ടല്ലോ വരാൻ. വാമനൻ വരും. നമ്മൾക്ക് മഹാബലിയെയും, വാമനനേയും സ്വീകരിക്കാം. അതിൽ കൂടുതൽ എന്താ സന്തോഷം നമുക്ക് വേണ്ടത്? ഭാമയോട് വിഷമിക്കാതിരിക്കാൻ പറയു. ഞങ്ങൾ വരാം അങ്ങോട്ട്.
ഇതും പറഞ്ഞു കൃഷ്ണു തിരിച്ചു വീട്ടിൽ വന്നു ഭാര്യയോട് പറഞ്ഞു.
"ദേവീ, കേശുനും, ഭാമക്കും ഉള്ള ദുഃഖം നമ്മൾക്ക് ദൈവം തന്നില്ല."
ദേവി :- "എന്താ പറ്റിയത് അവർക്ക്?"
ദേവിയും പരിഭ്രമിച്ചു.
കൃഷ്ണ മേനോൻ :- ഉണ്ണിയും കുട്ടികളും വരുന്നില്ല എന്നു ഫോൺ വന്നു. അവർ ആകെ സങ്കടത്തിൽ ആണ്. മക്കൾ ഇല്ല എന്ന ദുഃഖമല്ലേ നമ്മൾക്കുള്ളു. കേശുനും, ഭാമക്കും മക്കളേയും, കൊച്ചു മക്കളെയും പ്രതീക്ഷിച്ചു ഇരുന്നിട്ട് വരുന്നില്ല എന്നറിഞ്ഞപ്പോൾ എത്രമാത്രം ദുഃഖം ആണ് ഉണ്ടായിരിക്കുന്നത്.
നമ്മൾക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ലലോ. സാക്ഷാൽ ഉണ്ണികൃഷ്ണനെ അല്ലാതെ...! എന്നും കൂടെ, നമ്മളെ സന്തോഷിപ്പിക്കാനും, സമാധാനിപ്പിക്കാനും ശ്രീ കൃഷ്ണൻ മാത്രമേ ഉണ്ടാവൂ. ഗുരുവായൂർ കണ്ണന് മാത്രമേ അതിനു കഴിയു...!
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേറെ വേണമോ മക്കളായ്.....
🙏🙏🙏
രചന: ഇന്ദിര വാരിയർ
