top of page

'Tharaattu' by Ravi VARIYATH

താരാട്ട് (ചെറുകഥ) By രവി വാരിയത്ത്.

......................................

ഇന്ന് ഉത്രാടം നാളെ തിരുവോണം.

ഇത്തവണ എനിക്ക് ഓണമില്ല. ഇത്തവണയെന്നല്ല എനിക്കിനി ഓണമേയില്ല.

അമ്മയില്ലാത്ത ഓണം എന്തോണം. ഉടഞ്ഞുപോയ മനസ്സുമായി

പൂമുഖ തിണ്ണയിലെ തൂണിൽ ചാരി ഞാൻ മുറ്റത്തേക്ക് നോക്കിയിരുന്നു.

ഇന്നലെ രാത്രി പെയ്തു പോയ മഴ കുളിപ്പിച്ചു കിടത്തിയ മുറ്റത്തേക്ക്.

മഴയിലും കാറ്റിലും കൊഴിഞ്ഞു വീണ

നന്ത്യാർവട്ട പൂക്കൾ അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ട്. അവയിൽ ഉറമ്പരിക്കുന്നുണ്ട്.

അതു നോക്കി ചെണ്ടുമല്ലി പൂക്കൾ നെടുവീർപ്പിടുന്നു.

കാശി തുമ്പയും തെച്ചി പൂക്കളും കണ്ണു തുടക്കുന്നു.

നാളെ ഞങ്ങളും ഇത് പോലെ ഉറമ്പരിക്കേണ്ടവരാണെന്ന് ചിലപ്പോൾ അവർക്ക് തോന്നിയിട്ടുണ്ടാവാം. ദൂരത്തെവിടേയൊ മഴ പെയ്യുന്നുണ്ട്.

ഒരീറൻ കാറ്റു വന്ന് എന്നെ മുട്ടിയുരുമ്മി പോയി.

കാറ്റ് എൻ്റെ കാതിലപ്പോൾ ചോദിച്ച പോലെ എനിക്കു തോന്നി.

ഇത്തവണ ഓണമൊന്നും ഇല്ലല്ലൊ അല്ലെ എന്ന്.

ഞാനൊന്ന് മെല്ലെ മൂളി .

ഇല്ല എന്നർത്ഥത്തിൽ.

മാവിൻ കൊമ്പുകളിലിരുന്ന് അണ്ണാറക്കണ്ണൻമാർ താഴേക്കു നോക്കി ചിലക്കുന്നുണ്ട്. അതിലൊരു കരച്ചിലിൻ്റെ സ്വരമുണ്ടായിരുന്നു.

അവരുടെ ഓണസദ്യയായ

ഉണങ്ങിയ അരിമാവിൻ തരികൾ കാണാത്തതിൻ്റെ സങ്കടമാണോ

അതോ എന്നെ അവർ സാന്ത്വനപ്പെടുത്തുകയാണൊ ...അറിയില്ല.

മുറ്റത്തെ ശൂന്യതയിലേക്കു തന്നെ ഞാൻ നോക്കിയിരുന്നു.

അമ്മയുണ്ടായിരുന്നു എങ്കിൽ ഈ മുറ്റം ഇപ്പോളിങ്ങിനെ കിടക്കില്ലായിരുന്നു.

ഇവിടെ ചാണകം മിഴുകി, അരിമാവണിഞ്ഞ്

പൂക്കളവും അതിനു നടുവിൽ ഒരു പീഠത്തിൽ പച്ചീർക്കലയിൽ ചെമ്പരത്തി പൂക്കളും കോളാമ്പി പൂക്കളും കുത്തി നിർത്തിയ

മാതേവരേയും കുടിയിരുത്തി കഴിഞ്ഞിരിക്കും അമ്മ. കുട്ടികളേക്കാൾ അമ്മക്കായിരുന്നു അതിനൊക്കെ താൽപ്പര്യം.

മാതേവരുണ്ടാക്കാൻ നല്ല ചുവന്ന മണ്ണ് പാടത്തു നിന്നും അത്തം ദിവസം തന്നെ കൊണ്ടുവരാൻ അമ്മ പണിക്കാരനെ ഏർപ്പാടാക്കിയിട്ടുണ്ടാവും. നല്ല ശുദ്ധമായ വെള്ളത്തിൽ അത് കുഴച്ചുരുട്ടി അമ്മ തന്നെ മാതേവരെ ഉണ്ടാക്കുകയും ചെയ്യും.

നാട്ടാചരങ്ങളും, നാട്ടുത്സവങ്ങളും,

ഓണം വിഷു തിരുവാതിരയുമൊക്കെ അതിൻ്റെ ചരിത്രവും ചാരുതയും നഷ്ടപ്പെടാതെ കൊണ്ടാടുവാൻ അമ്മക്ക് വലിയ ഇഷ്ടമായിരുന്നു. അതൊരു മോഹമായിരുന്നു.

അതിനൊക്കെ മക്കളും പേരക്കുട്ടികളും ഒപ്പം ഉണ്ടാവണമെന്ന്

നിർബന്ധവുമുണ്ടായിരുന്നു.

ആചാരാനുഷ്ടാനങ്ങൾ അമ്മക്കു ശേഷം നശിച്ചു പോകരുതെന്ന് അമ്മ ഇടക്കിടെ പറയും.

സന്ധ്യക്ക് വിളക്ക് കൊളുത്തുന്നതും, സന്ധ്യാ നാമങ്ങൾ ചൊല്ലുന്നതും, ചൊല്ലിക്കുന്നതും അമ്മ മുടക്കാറില്ല.

പൈതൃകങ്ങളും സംസ്കാരങ്ങളും കാത്തു സൂക്ഷിക്കേണ്ടതും, അതൊക്കെ പുതിയ തലമുറക്ക് കൈമാറേണ്ടതും തൻ്റെ ഉത്തരവാദിത്വവും ചുമതലയുമാണന്ന് അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു.

ധനുമാസത്തിലെ തിരുവാതിരക്ക് മരം കോച്ചുന്ന തണുപ്പിലും നേരം വെളുക്കും മുൻപ് അമ്പലക്കുള ത്തിൽ പോയി തുടിച്ചു കുളിക്കാൻ അമ്മയായിരുന്നു എല്ലാവരുടേയും മുന്നിൽ റാന്തൽ വിളക്കും പിടിച്ച് നടന്നിരുന്നത്.

വടുക്കിണിയിലെ നിലത്ത് കത്തിച്ചു വെച്ച നിലവിളക്കിൻ്റെ ചുറ്റും നിന്ന് കൈകൊട്ടി കളിക്കാനും അമ്മ തന്നെ ആയിരുന്നു മുന്നിൽ.

അതു പോലെ വിഷുവിന് കണ്ണു പൊത്തി പിടിച്ച് എല്ലാവരേയും കൊണ്ടുപോയി കണികാണിക്കാനും

ദശപുഷ്പം ചൂടി ആതിരയെ വരവേൽക്കാനും അമ്മക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു.

ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഒരു തരി പോലും തെറ്റിക്കുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ല.

പ്രായം കൂടുന്നത് മനസ്സിനല്ലന്നും അത് ശരീരത്തിനാണെന്നും പറയുന്ന അമ്മ തന്നെ ആയിരുന്നു എൻ്റെ റോൾ മോഡൽ

ഉള്ളൂരിനേയും, ആശാനേയും, വള്ളത്തോളിനേയുമൊക്കെ ഞാനറിഞ്ഞത് അമ്മയിലൂടെ ആയിരുന്നു.

അമ്മ പാടിയുറക്കിയിരുന്ന താരാട്ടുകളിൽ ഒരു മധുര സംഗീതത്തിൻ്റെ താളമുണ്ടായിരുന്നു. എല്ലാം മറന്നുറങ്ങാനുള്ള ഒരു മന്ത്രം പോലെ ആയിരുന്നു അത്. മതാന്ധതയെക്കുറിച്ചും മതസൗഹർദത്തെക്കുറിച്ചും എനിക്ക് പറഞ്ഞു തന്നതും അമ്മ തന്നെ ആയിരുന്നു.

എപ്പോഴും ഏത് പ്രതിസന്ധിയിലും ഒരു ചിരി അമ്മ മുഖത്ത് സൂക്ഷിച്ചു വെച്ചിരുന്നു.

ആ അമ്മയെയാണ് കഴിഞ്ഞ മാസം എനിക്ക് നഷ്ട്ടമായത്.

അത് വെറുമൊരു നഷ്ടമായിരുന്നില്ല ശിഷ്ട ജീവിതം അനാഥമായെന്ന തോന്നലിൻ്റെ മുള വിരിയൽ കൂടി ആയിരുന്നു അത്.

വൈകിയെത്തുന്ന രാവുകളിൽ ഉറക്കമൊഴിച്ച് കാത്തിരിക്കാൻ ഇനിയാര്...

അടുത്തിരുന്ന ഭക്ഷണം വിളമ്പി തരാൻ ഇനിയാര്...

തെറ്റും ശരിയും ചൂണ്ടി കാണിക്കാനും, ഒരു ജലദോഷം വന്നാൽ നെറുകയിൽ

രാസ്നിദി പൊടി തിരുമ്മിത്തരാനും ഇനിയാര്.

ഒരു പാട് ചോദ്യങ്ങൾ എൻ്റെ കാതിലൂടെ ജാഥ നടത്തുമ്പോൾ ഉത്തരമറിയാതെ മൗനത്തിൻ്റെ വാൽമീകത്തിനുള്ളിൽ ഞാൻ നിസ്സഹായനായിരുന്നു

കഴിഞ്ഞ മാസമാണ് അമ്മ കിടപ്പിലായത്.

കസേരയിലിരുന്ന് ടിവിയിലെ വാർത്തകൾ കാണുന്നതിനിടക്ക് പെട്ടന്നൊന്ന് എഴുന്നേറ്റു .

അത്രയേ ഉള്ളൂ.

അത് ഉളുക്കായി വെലക്കമായി അമ്മ കിടപ്പിലായി. മരണദേവന് കൂടെ

കൊണ്ടു പോകാനൊരു കാരണമായി .

പിന്നെ അലോപ്പതി ഗുളികകൾ കഴിച്ചും സൂചി കുത്തിയും, ആയുർവേദ കുഴമ്പുകൾ പുരട്ടിയും കിഴിവെച്ചും ചികിത്സകൾ തുടങ്ങി. എന്നാലും

പറയത്തക്ക കുറവൊന്നുമില്ലാത്ത ആ ദിവസങ്ങളിലും ഞങ്ങൾക്കൊ അമ്മക്കൊ പേടിയൊന്നും തോന്നിയില്ല. പരിഭ്രമവും തോന്നിയില്ല. ഇതൊക്കെ സാധാരണമല്ലെ പതുക്കെയെല്ലാം ശരിയാവും എന്നേ കരുതിയുള്ളൂ.

എഴുന്നേൽക്കാൻ ആവില്ലങ്കിലും അമ്മ കിടക്കയിൽ കിടന്ന് മുന്നിലെ ചുമരിൽ തൂക്കിയ ഗുരുവായൂരപ്പനെ തൊഴുകുകയും, പുരാണ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയും പത്രങ്ങൾ ഒരക്ഷക്ഷരം പോലും വിടാതെ വായിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞതോടെ അമ്മയുടെ പ്രകൃതം മാറി.

അമ്മക്ക് ഉറക്കം കുറഞ്ഞു വേദന കൂടി. വായനയും സംസാരവും നിന്നു. പകരം ഒരു ചെറിയ ഞരക്കം മാത്രമായി. അത് നാമജപമാണോ അതോ വേദന കൊണ്ടാണൊ എന്ന് ഞങ്ങൾക്കറിയാതായി.

അപ്പോഴും മടങ്ങി വരാനാവാത്തൊരു യാത്രയുടെ തുടക്കമാണതെന്നറിയാതെ അമ്മക്ക് ഓണത്തിനുടുക്കാൻ ഞങ്ങൾ കസവുമുണ്ടും ബ്ലൌസും വാങ്ങി വെച്ചു.

പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ പൂജകളും, മന്ത്രങ്ങളും

നിഷ്ഫലമായി.

മരുന്നുകളെല്ലാം പണിമുടക്കി. അമ്മയുടെ ആരോഗ്യം നാൾക്കുന്നാൾ ക്ഷയിച്ചു തുടങ്ങി.

അപ്പോൾ ഒരു കാര്യം ഞങ്ങൾക്കുറപ്പായി.

മരണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു. എപ്പോഴാണ് അത് പടി കടന്ന് അകത്തേക്ക് വരിക എന്നറിയില്ലന്നു മാത്രം.

അന്നൊരു ബുധനാഴ്ച്ച. പതിവിനേക്കാൾ കൂടുതലായി അമ്മ ക്ഷീണിതയായിരുന്നു.

ഞാൻ അമ്മയുടെ കയ്യിൽ തലോടി കട്ടിലിനെ ചേർത്തിട്ടിരുന്ന ഇരിപ്പിടത്തിൽ ചെന്നിരുന്നു .

കരച്ചിൽ ഉള്ളിലൊതുക്കി ചുറ്റും മറ്റുള്ളവർ നിന്നു. അവരുടെ ശബ്ദം കുറഞ്ഞ തേങ്ങലുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അതെന്നേയും അസ്വസ്ഥമാക്കി കൊണ്ടിരുന്നു.

രാവിലെ അമ്മയുടെ നെറ്റിയിൽ നീട്ടി വരച്ചു കൊടുത്ത ചന്ദനക്കുറി നിറം മങ്ങി മാഞ്ഞു തുടങ്ങിയിരിക്കുന്നു.

മാടിയൊതുക്കി നെറുകയിൽ കെട്ടി കൊടുത്ത മുടിയും അഴിഞ്ഞിരിക്കുന്നു.

അമ്മയുടെ ശ്വാസത്തിൻ്റെ ഇടവേളകൾ കൂടി .

അയാൾ പടി കടന്ന് പൂമുഖത്തെത്തിയിരിക്കുന്നു. ഇനിയധികം താമസമില്ല. അമ്മ മഹാനിദ്രയിൽ ഒഴുകി ഒഴുകി പോകും. അജ്ഞാതമായ മറ്റെതോ ഒരു തീരത്തിലേക്ക്.

അമ്മയുടെ മേലാകെ അസാധാരണമായൊരു തണുപ്പ് കൂടു കൂട്ടിയിരിക്കുന്നത് ഞാനറിഞ്ഞു

ഞാൻ സ്റ്റൂളിൽ നിന്നും എഴുന്നേറ്റു.

തുളസിയില കൊണ്ട് അമ്മയുടെ ചുണ്ട് നനച്ച് എല്ലാവരും തൊഴുതോളൂ.

ഊർദ്ധൻ്റെ കളി തുടങ്ങിയിരിക്കുന്നു.

ഞാൻ പറഞ്ഞു.

ജീവിതത്തിൻ്റേയും മരണത്തിൻ്റേയും ഇടയിലുള്ള ചില നിമിഷങ്ങൾ. അടിവയറ്റിൽ നിന്നും ഇടവിട്ട് ഇടവിട്ട് മൂന്നു ശ്വാസങ്ങൾ പിന്നെ ഞെട്ടറ്റു വീണ പൂവിനെ പോലെ അമ്മ നിശ്ചലയായി.

ചുമരിൽ ചില്ലിട്ടു തൂക്കിയിരുന്ന ഗുരുവായൂരപ്പന് രാവിലെ ചാർത്തിയ തെച്ചിമാലയും കെട്ടഴിഞ്ഞു നിലത്ത് വീണു.

കൂട് പൊളിച്ച് പറന്നു പോകുന്ന കിളിയുടെ ചിറകടി ശബ്ദം കേൾക്കുന്നുണ്ടൊ - ഇല്ല.

അതു പോലും കേട്ടില്ല.

അത്ര ശാന്തമായിരുന്നു ആ മരണം.

അപ്പോഴും പതിവുപോലെ ഒരു മന്ദസ്മിതം ആ മുഖത്ത് ബാക്കി വെച്ചിരുന്നു അമ്മ.

ഞാനാ കാലുകളിൽ തൊട്ട് തൊഴുത് അറയിൽ നിന്നും പുറത്തേക്കിറങ്ങി.

അകത്തെ കുട്ടക്കരച്ചിലിൻ്റ ശബ്ദം എനിക്ക് പിന്നിൽ മുഴങ്ങി.

അൽപ്പം മുൻപ് വരെ എണ്ണയും കുഴമ്പും ചന്ദനത്തിരികളും കലർന്ന വാസനയിലിപ്പോൾ മരണത്തിൻ്റെ രൂക്ഷ ഗന്ധം കൂടി കലർന്നതായി എനിക്ക് തോന്നി.

പൊക്കിൾ കൊടി ബന്ധം അറ്റുപോയ ഞാൻ കണ്ണുകൾ തുടച്ച് മുറ്റത്തേക്കിറങ്ങി.

പടിവാതിൽ തുറന്നു തന്നെ കിടന്നിരുന്നു.

അമ്മയെ കൊണ്ടു പോകുന്ന ധൃതിയിൽ അതടക്കാൻ അയാൾ മറന്നു പോയതാണൊ അതോ ഞാൻ ഇനിയും വരും എന്നൊരു മുന്നറിയിപ്പാണൊ അതന്നെറിയില്ല.


ദൂരത്ത് പെയ്തിരുന്ന മഴ ഇപ്പോൾ ചാരത്തെത്തിയിരിക്കുന്നു. തിണ്ണയിലേക്കു് അതിൻ്റെ ചാറലടിച്ചു തുടങ്ങി.

ഞാൻ പതുക്കെ എഴുന്നേറ്റ് അകത്തേക്ക് നടന്നു.അടച്ചിട്ടിരുന്ന അമ്മയുടെ

അറവാതിൽ തുറന്ന് ഞാനാ കട്ടിലിൽ ചാരിയിരുന്നു. തുറന്നിട്ട ജനൽ പാളികളിലൂടെ കുളിരുള്ളൊരു കാറ്റു വന്നു. കാറ്റിൽ എനിക്കേറെ പ്രിയപ്പെട്ടൊരു

സുഗന്ധമുണ്ടായിരുന്നു.

അതൊരു തൂവ്വൽ സ്പർശം പോലെ എന്നെ തലോടികൊണ്ടിരുന്നു അപ്പോൾ ആരോ പാടുന്നൊരു താരാട്ട് ഞാൻ കേട്ട്.

അതിൻ്റെ സ്നേഹാർദ്രതയിൽ എൻ്റെ കണ്ണുകൾ താനേ അടഞ്ഞു. ഞാനറിയാതെ എൻ്റെ കണ്ണുനീർത്തുള്ളികൾ കവിളിൽ തലോടി താഴത്തെവിടേയൊ വീണു.

എൻ്റെ മനസ്സുപോലെ അതും താഴെ വീണുടഞ്ഞു........

🙏

രവിവാരിയത്ത്.

👌👏: warriers.org482 views0 comments

Comentarios


bottom of page