വിശ്വസിച്ചാലും ഇല്ലെങ്കിലും Short story by Ravi Variyath

വിശ്വസിച്ചാലും ഇല്ലെങ്കിലും

(ചെറുകഥ)

രവി വാരിയത്ത്.

👌👍: Warriers.org


വല്യേട്ടാ....എനിക്ക് നാട്ടിലുള്ള വീടും തൊടിയും വിറ്റ് ഇവിടെ ബാംഗ്ലൂര് സെറ്റലാവണന്ന്ണ്ട്.

എന്താ വല്യേട്ടൻ്റെ അഭിപ്രായം. വെറുതെ അതവിടെ കിടന്നിട്ടെന്താ കാര്യം.ആർക്കെങ്കിലും വാടകക്ക് കൊടുത്താ പിന്നെ അവരത് വൃത്തികേടാക്കീട്ടെ തിരിച്ചു തരു.അല്ലെങ്കിലൊ ഒരു യുദ്ധം തന്നെ വേണ്ടി വരും അത് തിരിച്ചു കിട്ടാൻ. ഇപ്പൊത്തന്നെ കണ്ടില്ലെ ആ വാടകക്കാരെ ഒഴിപ്പിക്കാൻപ്പെട്ടപാട് .

കഴിഞ്ഞാഴ്ച്ച ഇക്കാര്യം പെങ്ങൾ ഫോണിലൂടെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. അതു വേണോ ലീലേ.. നാട്ടിലൊരു വീട് അതൊക്കെ

ഒരസറ്റല്ലെ, ഭാഗ്യല്ലെ...,

എന്നെങ്കിലും നിനക്ക് തിരിച്ചുവരണന്ന് തോന്നീച്ചാൽ........

ഏയ് അതൊന്നുണ്ടാവില്ല വല്യേട്ടാ. ഇവിടെ നല്ലൊരു ബംഗ്ലാവ് നോക്കി വെച്ചിട്ടുണ്ട് ബിന്ദൂൻ്റെ ഭർത്താവ്. അതിന് അഞ്ചെട്ട് ലക്ഷം കുറവുണ്ട്. എന്നാപ്പിന്നെ നാട്ടിലെ വീടും തൊടിയും വിറ്റ് കിട്ടണ കാശും കൂട്ടി ചേർത്ത് അതങ്ങട് മേടിക്കാന്നാ അവള് പറയണത്.

വല്യേട്ടൻ തന്നെ വേണം എല്ലാം ചെയ്തു തരാൻ .

തരക്കേടില്ലാത്തൊരു വിലയാണെങ്കിൽ വല്യേട്ടൻ അഡ്വാൻസ് മേടിച്ചോളൂ.

എന്നാ എനിക്ക് സ്ഥലം റെജിസ്റ്റർ ആക്കുന്ന ദിവസം വന്നാൽ മതീലൊ.

ഉം ..... ഞാൻ മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളിയതല്ലാതെ സമ്മതവും വിസമ്മതവും പറഞ്ഞില്ല.

എട്ട് പത്ത് വർഷം മുൻപ് തറവാട് ഭാഗം വെച്ചപ്പോൾ അവൾക്ക് കിട്ടിയതാണ്

ആ വീടും പറമ്പും.

ഭാഗം വെക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ അച്ഛൻ പറഞ്ഞിരുന്നു. ഈ സ്ഥലവും ഈ പുരയിടവും ലീലക്കാണ്. നിങ്ങളുടെ അമ്മ മരിക്കുന്നതിന് മുൻപു് എന്നോട് പറഞ്ഞിരുന്നു .

നമുക്ക് ഒരു മകളല്ലേള്ളൂ ഈ വിടും പറമ്പും അവൾക്ക് കൊടുക്കണം. മറ്റൊക്കെ ഭാഗിച്ച് ആൺമക്കൾക്കും കൊടുക്കാം. തറവാട് ഇളയപെൺകുട്ടിക്ക് കൊടുക്കുക എന്നത് നാട്ടുനടപ്പും ആണല്ലൊ എന്ന്.

അച്ചൻ്റെ ആ തീരുമാനത്തിന് ആരും എതിര് നിന്നില്ല. അല്ലെങ്കിലും അച്ഛൻ്റെ നാലാൺ മക്കളുടെ കൊച്ചനിയത്തി ആയിരുന്നുവല്ലൊ അവൾ. പണ്ടേ അവളുടെ സുരക്ഷിതത്വവും സൗകര്യവുമായിരുന്നു എല്ലാവർക്കും പ്രധാനം.

തറവാട് അന്യാധീനപെട്ട് പോകരുതെന്നായിരുന്നു അച്ഛനമ്മമാരുടെ മോഹവും.,

അങ്ങിനെ ഭാഗപ്രകാരം അവൾക്ക് കിട്ടിയ പുരയിടമാണ് വിറ്റ് കാശാക്കാൻ എന്നെ ഏൽപ്പിച്ചിരിക്കുന്നത്.

എന്നാ ശരി അങ്ങിനെയാവട്ടെ എന്ന് ഞാനും കരുതി.

മനസ്സിൽ വിഷമമുണ്ടായിരുന്നെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ വീടും തൊടിയും വിൽക്കാനുള്ള ശ്രമം തുടങ്ങി.

എന്തായാലും വിൽക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഞാൻ തറവാട്ടിലേക്കൊന്ന് പോകാൻ തന്നെ ഉറച്ചു.

വലിയ ദൂരമൊന്നും ഇല്ല.

നാലോ അഞ്ചൊ കിലോമീറ്ററെ ഉള്ളു അവിടേക്ക്. പോകുന്ന വഴിക്ക് അനിയന്മാരെ കണ്ട് വിവരം പറയുകയും ചെയ്യാം.

അങ്ങിനെ ഞാനവിടേക്ക് യാത്രയായി.

പൂട്ടിയിട്ടിരുന്ന പടി വാതിൽ തുറന്ന് ഞാൻ വിട്ടിലേക്കു കയറി. ഒന്നു രണ്ടു മാസമായി അടച്ചിട്ടിരുന്നതുകൊണ്ട് മുറ്റത്തൊക്കെ ചപ്പിലകളും തെങ്ങിൻ പട്ടകളും വീണു കിടന്നിരുന്നു.

പുളിയിലകളും പൂക്കളും പരന്നു കിടന്നിരുന്നു.

ഞാൻ കയ്യിലുണ്ടായിരുന്ന കുടയുടെ കാലുകൊണ്ട് അതൊക്കെ തട്ടി നീക്കി ഉമ്മറത്തേക്കു കയറുമ്പോൾ കാൽ ചുവട്ടിൽ കരിയിലകൾ പൊടിയുന്ന കരച്ചിൽ കേട്ടു .

ചുമരിലൊക്കെ പെൻസിൽ കൊണ്ടും കളർ ചോക്കു കൊണ്ടും ചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നത് ഞാൻ കണ്ടു.

ഒഴിഞ്ഞു പോയ വാടകക്കാരുടെ കുട്ടികളുടെ കലാവിരുതുകളായിരുന്നു അതൊക്കെ .

ഉമ്മറത്തിണ്ണയിൽ പറ്റിപ്പിടിച്ചിരുന്ന പൊടിയും ചെളിയും കുടകൊണ്ട് തുടച്ചു നീക്കി ഞാൻ അവിടെയിരുന്നു.

വീട് വിൽക്കാൻ തീരുമാനിച്ചുവെങ്കിലും വാങ്ങാനാരും വരരുതേ എന്നായിരുന്നു അപ്പോൾ എൻ്റെ മനസ്സിലുണ്ടായിരുന്നത്.

ഇരുപതഞ്ച് സെൻറ്റ് സ്ഥലവും ഈ വീടും വിറ്റാൽത്തന്നെ അവൾക്ക് ആവശ്യമുള്ളത്ര കാശ് കിട്ടുമൊ എന്ന് സംശയമാണ്. റോഡുവക്കത്തൊ, വാഹനങ്ങൾ വരാനുള്ള സൗകര്യമുണ്ടെങ്കിലൊ ഒരു വിധം തരക്കേടില്ലാത്ത വില കിട്ടുമായിരുന്നു. ആൾക്കാർക്കിപ്പോൾ ഒരടി നടക്കാനാവാത്ത കാലമാണല്ലൊ. അതിനുള്ള സൗകര്യമൊന്നും ഇല്ലാത്ത പാടവക്കത്താണല്ലൊ ഈ വീട്. അപ്പൊ അവര് പറയുന്നതാവും വില.

ഇനി അഥവാ ആരെങ്കിലും വാങ്ങിയാൽത്തന്നെ അവരു് ഈ വീട് പൊളിക്കും പിന്നെ അവരുടെ സൗകര്യത്തിന് വേറെയുണ്ടാക്കും. പഴമയുടെ തച്ചുശാസ്ത്രത്തേക്കാൾ പുതുമയുടെ സുഖ സൗകര്യങ്ങൾക്കാണല്ലൊ ഇപ്പോൾ മാർക്കറ്റ്. ജനൽ വാതിലുകൾ കൊട്ടിയടച്ച് സ്പ്ലിറ്റ് AC യിലിരിക്കാനാണല്ലൊ എല്ലാർക്കും താൽപ്പര്യം.

ഇത് പൊളിച്ചു കളയുക എനിക്കത് ആലോചിക്കാൻ കൂടി വയ്യ.

പത്തറുപത് വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഉണ്ടാക്കിയതാണ് ഈ വിട്. അന്ന് ഇതിനായി അച്ഛനൊഴുക്കിയ വിശർപ്പിൻ്റെ ഗന്ധം ഇന്നും ഇവിടെത്തന്നെയുണ്ടാവും. ഇന്ന് പലർക്കും ഇത് പഴഞ്ചനായി തോന്നുമെങ്കിലും സൗകര്യങ്ങൾ കുറവായി തോന്നുമെങ്കിലും അന്ന് നാട്ടിലെ ഏറ്റവും നല്ല വീടായിരുന്നു ഇത് തേക്കല്ലാതെ മറ്റൊരു മര കഷ്ണം പോലും ഈ വീടിന് ഉപയോഗിച്ചിട്ടില്ലാന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .

താഴെ നാലു മുറി ഇടനാഴി താഴ്വാരം തളം മച്ച് പത്തായം കിണറോടുകൂടിയ അടുക്കള. മുകളിൽ വേറെ രണ്ടു മുറിയും വരാന്തയും.

വരാന്തയിൽ നിന്നു നോക്കിയാൽ വിശാലമായ പാടവും പാടത്തിന് നടുക്കള്ള അമ്പലവും കാണാം. സന്ധ്യ കാണാം സന്ധ്യാ രാഗങ്ങൾ കേൾക്കാം.പാടത്തിൻ്റെ ഗന്ധമറിയാം നെൽക്കതിരുകളുടെ സുഗന്ധമറിയാം മേയുന്ന പശുക്കളെക്കാണാം പോത്തുകളെ കാണാം അവയുടെ പുറത്തിരുന്ന് സവാരി ചെയ്യുന്ന വെള്ള കൊക്കുകളെ കാണാം.

ഇതാണ് സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴി എന്നു പോലും തോന്നാം.

അതാണ് വിറ്റ് കാശാക്കേണ്ടത്. ആ കാശുമായിട്ടാണ് അവൾക്ക് നഗരത്തിലേക്ക്

ചേക്കേറേണ്ടത്.

കഷ്ടം തോന്നി എനിക്ക്. തനി തങ്കം വിറ്റ് മുക്കു പണ്ടം അണിയാനാണ് അവളുടെ ഇഷ്ടം.

അല്ലെങ്കിൽ അവളുടെ യോഗം .

ഈ വീട് വിൽക്കാതെത്തന്നെ അഞ്ചൊ എട്ടോ വേണമെങ്കിൽ അവൾക്ക് കൊടുക്കാം.തരില്ലാന്നൊ കൊടുക്കില്ലാന്നൊ ഞങ്ങളാരും പറയില്ല. അത്ര സ്നേഹിച്ചും താലോലിച്ചും വളർത്തിയതാണവളെ. പക്ഷെ ഭാവിയിൽ മകളും മരുമകനും കൂടി ഈ വീട് വിൽക്കാൻ വീണ്ടും അവളെ നിർബന്ധിച്ചാലൊ.

പാവം അവൾ വഴിയാധാരമാകും.

ബന്ധങ്ങൾക്ക് പഴയ കെട്ടുറപ്പില്ലാത്ത കാലമാണ് ഇത്.

മനസ്സ്അസ്വസ്തമായി.

വല്ലാത്തൊരു പിരിമുറക്കവും.

ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റ് ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കടന്നു

ഞങ്ങൾ ഒളിച്ചുകളിച്ചിരുന്ന താഴ്വാരവും അറകളും. എപ്പോഴും നാരായണ നാമം കേട്ടുകൊണ്ടിരുന്ന ഇടനാഴി. മുത്തശ്ശിയുടെ എണ്ണകളുടേയും, കുഴമ്പുകടേയും വാസന മാറാത്ത വടക്കെ അറ.

കൈത പൂവിൻ്റെ വാസനയുള്ള അമ്മയുടെ തെക്കെ അറ.

ഇതൊക്കെയാണ് ഞാൻ വിൽക്കേണ്ടത്. ഏത് ജന്മത്തിൽ ചെയ്ത പാപമാണ് ഈശ്വരാ എന്നിലേക്ക് ഈ

നിയോഗമെത്താൻ കാരണം.

മനസ്സ് വല്ലാതെ പിടഞ്ഞു.

ഞാൻ പതുക്കെ മച്ചിൻ്റെ വാതിൽ തുറന്നു. അതിലിപ്പോഴും പണ്ടത്തെ കരിങ്കൽ വിഗ്രഹവും ഒരു കുട്ടി വാളും പിന്നെ

ഒരൊറ്റചിലമ്പും ഉണ്ടായിരുന്നു.

രണ്ടു നേരവും വിളക്കു കൊളുത്തി ശുദ്ധിയോടെ ഞങ്ങൾ തൊഴുതിരുന്ന സ്ഥലം .അതിന് പിന്നിൽ പത്തായം. പുന്നെല്ലിൻ്റേയും പഴുക്കാൻ

കെട്ടി തൂക്കിയ നേന്ത്രക്കായയുടേയും വാസനയുണ്ടായിരുന്ന പത്തായം.

ഒരു പാട് ഓർമ്മകൾ നിറയിച്ച കണ്ണുകളുമായി ഞാൻ മച്ചിൻ്റെ വാതിൽ അടക്കാനൊരുങ്ങി.

പക്ഷെ എന്തുകൊണ്ടൊശുദ്ധിയോടെ അടയ്ക്കാനായില്ല.

കാലപ്പഴക്കം കൊണ്ട് അതിൻ്റെ വിജാഗിരികൾ

തുരുബു പിടിച്ചതാവം എന്ന് കരുതി ഞാനാ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു നടന്നു. അപ്പോൾ പിന്നിൽ നിന്നും ആരോ പറയുന്ന പോലെ എനിക്ക് തോന്നി. തോന്നിയതല്ല ഞാൻ കേട്ടു.

വിൽക്കരുത് ട്ടൊ

ഞങ്ങളെ വിൽക്കരുത്

എന്ന്.

ഒരൽപ്പം വിറക്കുന്ന കാലുകളോടെ ഞാൻ പുറത്തേക്കിറങ്ങി.

ഉമ്മറവാതിൽ തുറന്നു തന്നെ ഇട്ട് ഞാൻ മുറ്റത്തേക്കിറങ്ങി ഫോണിൽ അവളെ വിളിച്ചു അനിയത്തിയെ.

ആ എന്താ വല്യേട്ടാ അവൾ ചോദിച്ചു.

ഞാൻ പറഞ്ഞു.

ആ .... പിന്നേയ് വീട് വാങ്ങാൻ ആളായി

എത്രക്കാ കൊടുക്കേണ്ടത്.

ഉവ്വോ

ആളെ കിട്ട്യോ ...ഞങ്ങൾ അതു തന്നെ പറഞ്ഞിരിക്കായിരുന്നു ട്ടൊ .

വിലയൊക്കെ വല്യേട്ടൻ നിശ്ചയിച്ചാൽ മതി. എനിക്ക് സമ്മതാ.

അതല്ല

നിനക്ക് എത്ര വേണം അത് കേൾക്കട്ടെ.

പത്തുലക്ഷം കിട്ട്വോ വല്യേട്ടാ

എന്നാ നന്നായി.

ശരി പത്തുലക്ഷം

പോരെ സമ്മതല്ലെ.

ഞാൻ ചോദിച്ചു.

മതി സമ്മതാ വല്യേട്ടാ. എന്നാൽ

നിയെന്നാച്ചാൽ വന്നോ. നമുക്കത് രജിസ്റ്റർ ചെയ്യാം.

ഒരു ചെറിയ ഇടർച്ചയോടെ അവൾ തുടർന്നു

അത് വിൽക്കാന്നൊക്കെ പറയുമ്പോൾ എനിക്ക് സങ്കടണ്ട്ട്ടൊ വല്യേട്ടാ

എന്നാലും എന്താ ചെയ്യാ....

നിവർത്തില്യാത്തോണ്ടാ.

വല്യേട്ടനൊന്നും തോന്നരുതെ...

ഏയ് ഇല്യ വല്യേട്ടന് എല്ലാം അറിയാം .തൽക്കാലം നിൻ്റെ ആവശ്യം നടക്കട്ടെ.

ശരിട്ടൊ വല്യേട്ടാ വലിയ ഉപകാരായി.ഞാനീ ആഴ്ച്ച തന്നെ വരാം .

ഉം ഞാൻ ഒന്ന് മൂളി ഫോൺ പോക്കറ്റിലിട്ടു.

തുറന്നിട്ട ഉമ്മറവാതിൽ കടന്ന് ഇടനാഴിയിലൂടെ ഭഗവതിയെ കുടിവെച്ച മച്ചിൻ്റെ മുന്നിൽ നിന്ന് തൊഴുതു കൊണ്ട് പറഞ്ഞു.

ഇല്ല ഞാനിത് മറ്റാർക്കും വിൽക്കില്ല.സത്യം

ഞാൻ വീണ്ടും മച്ചിൻ്റെ വാതിൽ അടക്കാൻ തുടങ്ങി.

അത് നിഷ്പ്രയാസം അടഞ്ഞു.

ഞാൻ തിരിഞ്ഞു നടക്കുമ്പോൾ ഒരു ഒറ്റ ചിലമ്പിൻ്റെ കിലുക്കം കേട്ട പോലെ എനിക്കു തോന്നി.

മനസ്സിൽ ഭഗവതിയേയും അച്ഛനമ്മമാരേയും പ്രാർത്ഥിച്ച് ഞാൻ ഉമ്മറ വാതിൽ അടച്ചു പൂട്ടി പുറത്തേക്കിറങ്ങി.

ശാന്തമായ മനസ്സോടെ

നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ.....


രവി വാരിയത്ത്.46 views0 comments