വൈകി വന്ന കൊന്നപ്പൂവ്
~മുക്ത വാര്യർ
ഒൻപതാം നിലയിലുള്ള വീട്ടിലെ മട്ടുപ്പാവിൽ പണ്ടൊക്കെ നിറയെ പൂക്കളുള്ള ചെടികൾ ഞാൻ വളർത്തിയിരുന്നു. പല വർണ്ണങ്ങളിലുള്ള പൂവുകളുടെ ചിരിക്കുന്ന മുഖങ്ങൾ എൻ്റെ ദിനങ്ങൾ പ്രസാദാത്മകമാക്കിയിരുന്നു.
ശൈത്യകാലത്ത് രാജധാനിയിൽ അതിമനോഹരമായ പൂക്കൾ വിരിയും. മഞ്ഞു പുതപ്പിനുള്ളിൽ നിന്നും നവോഢയെപ്പോലെ അവ എന്നെ ഒളികണ്ണിട്ടു നോക്കും.
അക്കാലത്താണ് അമ്മിണിക്ക് അവളുടെ പ്രിയപ്പെട്ട അച്ഛാജി ഒരു ഡിഎസ്എൽആർ ക്യാമറ വാങ്ങിക്കൊടുക്കുന്നത്. അവൾ അതുകൊണ്ട് ഞങ്ങളുടെ ചെറുതെങ്കിലും സുന്ദരമായ പൂന്തോട്ടത്തിലെ ചിത്രങ്ങൾ ചാരുതയോടെ പകർത്തി. യോജിച്ച അടിക്കുറിപ്പുകളോടെ ആ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്കുവെയ്ക്കുക എന്നത് അക്കാലത്തെ എൻ്റെ ഇഷ്ട നേരമ്പോക്കുകളിൽ ഒന്നായിരുന്നു.
വലിയ ക്ലാസ്സിൽ ആയപ്പോഴേക്കും പഠിക്കുവാൻ ധാരാളം ഉണ്ടായിരുന്നതിനാൽ അവൾക്ക് അതിനു ഒഴിവുസമയം ലഭിക്കാതെയായി. അങ്ങനെയാണ് ഞാനെൻ്റെ മൊബൈൽ ക്യാമറയിൽ ചുറ്റും കാണുന്ന മനോഹാരിതയെല്ലാം പകർത്താൻ തുടങ്ങിയത്. ചില്ലുജാലകത്തിലൂടെ ഞാൻ കാണുന്ന പറവകളും, പൂക്കളും, ഉദയവും, അസ്തമയവുമെല്ലാം അവയിൽ ഉൾപ്പെട്ടിരുന്നു.
പിന്നീട് അതെൻ്റെ വിരസവേളകളിലെ വിനോദവൃത്തിയായി മാറി. പതിയെ പതിയെ വീടിൻ്റെ നാലുചുവരുകൾക്കപ്പുറമുള്ള കാഴ്ചകളും എൻ്റെ ക്യാമറക്കണ്ണുകൾക്ക് ഇരയായി.
മകൾ ആദ്യമായി ഹോസ്റ്റലിൽ പോയപ്പോഴുണ്ടായ കഠിന വിഷമത്തെ ഒരളവു വരെ മറികടക്കാൻ എനിക്ക് സാധ്യമായത് അതിനാലാണ്. ഓരോ സന്ദിഗ്ദ്ധ ഘട്ടങ്ങളിലും ഞാനറിയാതെ ഭഗവാൻ ഇങ്ങനെ ഓരോ നല്ല നിയോഗങ്ങളിൽ എന്നെ വ്യാപൃതയാക്കി, മനസ്സിനെ അപഥസഞ്ചാരത്തിൽ നിന്നും എപ്പോഴും സംരക്ഷിക്കും.
യാത്രകളും മറ്റു തിരക്കുകളുമായി പൂക്കളുള്ള ചെടികളെ പരിപാലിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എനിക്ക് അവസരമില്ലാതെയായി.
ഇപ്പോൾ ഈ ലോക്ഡൗൺ കാലത്ത് സായാഹ്നസവാരി പോലും ഇല്ലാതെയായപ്പോൾ ഭഗവാനെ പൂജിക്കാനായി ഉണ്ണിയേട്ടൻ ശേഖരിച്ചുകൊണ്ടുവരുന്ന പൂവുകൾ നയനങ്ങൾക്കൊപ്പം മനസ്സിനും രഞ്ജകമായി.
വൈകി വന്ന കൊന്നപ്പൂക്കളും അവയിൽ ഒന്നാണ്....
മനസ്സർപ്പിച്ച്, ഉറച്ച വിശ്വാസത്തോടെ, നിസ്വാർത്ഥമായി പ്രാർത്ഥിച്ചാൽ ഭഗവാൻ എപ്പോഴും ഒപ്പമുണ്ടാകും.
പരീക്ഷിക്കുമെങ്കിലും, ലേശം വൈകിയാലും, ഈ കൊന്നപ്പൂക്കൾ പോലെ വേണ്ടുന്നതെല്ലാം അവിടുന്ന് നൽകുകതന്നെ ചെയ്യും.....
യഥാസമയം അവിടുന്ന് നല്കുന്നതെല്ലാം നല്ലതിനുവേണ്ടി തന്നെയാണെന്ന ഉത്തമബോധ്യമുണ്ടെങ്കിൽ പിന്നെ വ്യാകുലതയ്ക്ക് സ്ഥാനമില്ല.....
നൈമിഷികമാമീ ജീവിതത്തിൽ,
നിസ്സാരജ്ജന്മമാം നമ്മളെന്തിന്,
മത്സരവുമഹംഭാവവുമായി,
മിഥ്യാലോകത്ത് വ്യാകുലപ്പെടുന്നു വൃഥാ,
സംഭവാമിയുഗേ യുഗേയെന്നു ചൊല്ലി,
സന്തതസഹചാരിയായവിടുന്നുള്ളപ്പോൾ;
സർവ്വം കൃഷ്ണാർപ്പണമാക്കേണം ദിനചര്യ
സംസാരസാഗരമോക്ഷം നേടീടുവാൻ !
🙏
Yorumlar