ഭൂപടത്തിലിടമില്ലാത്തവർ
(ഒരു ചെറ്യേ കഥ | ഗിരി ബി വാരിയർ)
കണ്ണുകളടച്ച് മണലിൽ മലർന്ന് കിടന്നു. ദിവസങ്ങൾക്ക് ശേഷം ആകാശം കഴുകി വെളുപ്പിച്ച് നീലം മുക്കി ഉണങ്ങാനിട്ടതുപോലെ തെളിഞ്ഞു കിടക്കുന്നു.
ജനിച്ചതുമുതൽ കേട്ടുശീലിച്ച കടലിന്റെ ഇരമ്പൽ കാതുകളിൽ പതിഞ്ഞു. ഇന്നലെ എങ്ങിനെ താണ്ഡവമാടിയ കടലായിരുന്നു, ഇന്ന് ശാന്തമായിരിക്കുന്നു. ഈ കടപ്പുറത്ത് കടലമ്മയുടെ കൈകളിൽ കിടന്ന് കളിച്ചുവളർന്നതാണ്. ഡിഗ്രി കഴിയുന്നതുവരെ വള്ളമിറക്കുമ്പോൾ തുറക്കാരോടൊപ്പം പുറംകടലിൽ മീൻപിടിക്കാൻ പോകുമായിരുന്നു.
ബാങ്കിൽ ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങ് വയനാട്ടിലെ ഒരു മലയോരഗ്രാമത്തിലായിരുന്നു. അന്നുമുതൽ ഓരോ രൂപയും സ്വരൂപിച്ചുവെച്ച് രണ്ടുസെന്റിലെ ഓലക്കുടിൽ പൊളിച്ച് രണ്ടുമുറികളുള്ള ഒരു വീടുകെട്ടിപ്പൊക്കി. കുഞ്ഞുപെങ്ങളുടെ വിവാഹം നല്ല നിലയിൽ തന്നെ നടത്തിക്കൊടുത്തു. ഒന്നാശ്വസിക്കാറായപ്പോഴാണ് ഒരു വിവാഹത്തെപ്പറ്റി ചിന്തിച്ചത്. ഇന്നേക്ക് നാലാം പക്കം വിവാഹമാണ്.
ഒരു തിര വന്ന് കാലിൽ തട്ടിയപ്പോൾ ചിന്തകൾക്ക് ഭംഗം വന്നു. കണ്ണുതുറന്ന് നോക്കി. മൂത്തവർ ചെയ്ത തെറ്റിനു ഇളയവർ മാപ്പിരക്കുന്നതുപൊലെ ചെറിയ തിരകൾ വീണ്ടും വീണ്ടും വന്ന് കാലുകളെ തഴുകിപ്പോയി.
"ഇനി പറഞ്ഞിട്ടെന്തുകാര്യം, ഞാൻ കിടക്കുന്നത് എന്റെ കിടപ്പുമുറി ഉണ്ടായിരുന്നിടത്താണു്. രണ്ടുദിവസം മുൻപ് ഇവിടെയൊരു കട്ടിലുണ്ടായിരുന്നു, വീടുണ്ടായിരുന്നു. എന്റെ മോഹങ്ങളും വിയർപ്പും എല്ലാം ചേർത്ത് രണ്ടുസെന്റ് മണ്ണിൽ കെട്ടിപ്പൊക്കിയ എന്റെ കൊച്ചുവീടു്. എനിക്കത് തിരിച്ചു തരാൻ നിനക്കാവില്ലല്ലോ കടലമ്മേ?"
എഴുന്നേറ്റിരുന്ന് കാലിൽ വന്നുതഴുകിയ തിരയിൽ നിന്നും ഒരു കുമ്പിൾ വെള്ളം കൈയ്യിലെടുത്ത് ചോദിച്ചു.
എന്റെ കണ്ണിൽനിന്നും ഉതിർന്ന കണ്ണുനീർ തിരകളിൽ കലർന്നതിനാലാവാം പൊള്ളിയതുപോലെ നുരയും പതയുമായി ആരോടോ ചോദിക്കാനെന്നപോലെ അവ കടലിന്റെ അഗാധതയിലേക്ക് തിരിച്ചുപോയി.
ഗിരി ബി വാരിയർ
ഗീതാഞ്ജലി തലോർ
(ത്രൈലോക്യമംഗലം വാരിയം)
M 9811618848
19 മെയ് 2021

Comments