top of page

ഒരു കോവിഡ് ഡയറിക്കുറിപ്പ് - ചില പോസിറ്റീവ് ചിന്തകൾ (ഗിരി ബി വാരിയർ)

ഒരു കോവിഡ് ഡയറിക്കുറിപ്പ് - ചില പോസിറ്റീവ് ചിന്തകൾ

(ഗിരി ബി വാരിയർ)

👌👍:warriers.org


ദൈവാനുഗ്രഹത്താൽ ഞങ്ങൾ പതിനെട്ട് ദിവസങ്ങൾക്ക് ശേഷം കോവിഡ് മുക്തരായി.


ഏപ്രിൽ പതിനെട്ടിന് ഉച്ചക്കാണ് നേരിയ ചുമ തുടങ്ങിയത്, ഉടനെ ചൂടുവെള്ളം കുടിച്ചു, ആവിയെടുത്തു. പക്ഷെ രാത്രിയായപ്പോഴേക്കും ചുമ കൂടി, പനിയും തുടങ്ങി. ചുമയുടെ കാഠിന്യം കൂടിയതിനാൽ അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പനി കൂടിയപ്പോൾ രാത്രി പാരസെറ്റമോൾ കഴിച്ചതിനാൽ കാലത്ത് അസുഖങ്ങൾ എല്ലാം മാറിയതുപോലെ തോന്നി, പക്ഷെ ചുമ തുടർന്നു.


ഉച്ചയായപ്പോൾ വീണ്ടും 100 കടന്ന് പനി തുടങ്ങി. അപ്പോൾ സംശയം തുടങ്ങി, ഇത് കോവിഡ് ആവുമോ എന്ന്.


ഇതിനകം മകൻ ഓടിപ്പോയി ഓക്സിമീറ്റർ വാങ്ങിക്കൊണ്ടുവന്നു. ഓക്സിമീറ്റർ വന്നപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്, സാറ്റുറേഷൻ ലെവൽ 92, ചിലപ്പോൾ അതിലും താഴെ. 94 താഴെ പോയാൽ കാര്യം ഗുരുതരം, പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം എന്നാണ് പൊതുവെ കേട്ടിട്ടുള്ളത്


അപ്പോഴാണ് ഒരു വീഡിയോ കിട്ടുന്നത്, ചെസ്ററ് പൊസിഷനിൽ കിടന്നാൽ (പ്രോണിങ് പൊസിഷനിൽ) ഓക്സിജൻ ലെവൽ കൂടുമെന്ന്. ഒട്ടും താമസിക്കാതെ അത് പരീക്ഷിച്ചു. പറഞ്ഞതുപോലെ സാറ്റുറേഷൻ ലെവൽ 97 എത്തി. പിന്നീട് അത് ശീലമാക്കി.


പത്തൊൻപതാം തിയ്യതി വൈകുന്നേരമായപ്പോഴേക്കും വായുടെ രുചിയും, മണവും നഷ്ടപ്പെട്ടു. ചായ കുടിക്കുമ്പോൾ ചൂടുവെള്ളത്തിൽ മധുരം കലക്കിയത് പോലെ മാത്രം.


ഈ സമയം ഡൽഹിയിലെ അവസ്ഥ അത്രയും കാഠിന്യമായിരുന്നു, ഓക്സിജൻ സിലിണ്ടറുകൾ കിട്ടാനില്ല, ഹോസ്പിറ്റലിൽ ഓക്സിജൻ ഇല്ല, ICU / വെന്റിലേറ്റർ ബെഡ് കിട്ടാനില്ല. ആമ്പുലൻസുകളിൽ രോഗികളെയും കൊണ്ട് ഡൽഹി മുഴുവൻ കറങ്ങുന്നു, ഓക്സിജൻ കിട്ടാതെ രോഗികൾ ആമ്പുലൻസിൽ ജീവത്യാഗം ചെയ്യുന്നു. കൂടാതെ മകന്റെ തൊട്ടടുത്ത രണ്ട് കൂട്ടുകാരുടെ മാതാപിതാക്കളും കോവിഡ് പോസിറ്റീവ്. ഒരാളുടെ അച്ഛന് ഓക്സിജൻ ലെവൽ താഴെ പോകുന്നു, മറ്റൊരാളുടെ അമ്മയുടെയും അവസ്ഥ അതുതന്നെ.


തൊട്ടടുത്ത ദിവസം കോവിഡ് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഹോം കളക്ഷൻ നമ്പറുകൾ കിട്ടാനേയില്ല. പിന്നെ നേരെ ആശുപത്രിയിലേക്ക് പോയി. അവിടെ ടെസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നവരുടെ നീണ്ട ക്യൂ.


ഈ ദിവസങ്ങളിൽ എല്ലാം temperature 102 വരെ എത്തി. ചുമയും തുടർന്നു. മുടങ്ങാതെ ഓരോ ആറുമണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ കഴിച്ചുകൊണ്ടിരുന്നു. ഓരോ മണിക്കൂറിലും പത്തുമിനിറ്റ് ആവിയെടുത്തു. ചൂടുവെള്ളം പതുക്കെ കുടിച്ചുകൊണ്ടിരുന്നു. ഒന്നോ രണ്ടോ തവണ ഉപ്പുവെള്ളം കവിൾകൊണ്ടു.


ഏപ്രിൽ ഇരുപത്തിരണ്ടിന് റിപ്പോർട്ട് വന്നു, കോവിഡ് പോസിറ്റീവ് തന്നെ. ഉടനെ ഒരു ചെസ്ററ് വിദഗ്ദൻ ഡോക്ടറെ ഫോണിൽ കോൺസൾട് ചെയ്തു. അദ്ദേഹം എഴുതിത്തന്ന generic മരുന്നുകൾ കഴിക്കാൻ തുടങ്ങി.


ഇതിനിടയിൽ മകനും ഭാര്യയ്ക്കും ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവർക്കും സ്വാദും മണവും നഷ്ടപ്പെട്ടു. അവരും പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് കിട്ടി.


ചുമയുടെ കാഠിന്യം കുറഞ്ഞുവന്നു. പക്ഷെ പനി ദിവസത്തിൽ ഒരിക്കൽ എന്നപോലെ 100 താഴെ വന്നുകൊണ്ടിരുന്നു. ആലോം വിലോം, പ്രാണായാമം തുടങ്ങിയ യോഗ വിദ്യകൾ അറിയുന്നതുപോലെ ചെയ്തു.


ഇതിനകം മണവും സ്വാദും ഭാഗികമായി തിരിച്ചുകിട്ടി.


ഏപ്രിൽ 25 ന് വീണ്ടും ഡോക്ടറുമായി കൺസൾട് ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം CT SCAN ചെയ്തു. അതിൽ ചെസ്റ്റിൽ ഇൻഫെക്ഷൻ ഉണ്ടെന്ന് വ്യക്തമായി.


അന്നുമുതൽ സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ 7 ദിവസത്തേക്ക് തന്നു. ആ മരുന്നുകൾ തുടങ്ങിയതോടെ ചുമയും പനിയും നിന്നു.


അങ്ങിനെ 15 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോവിഡ് ലക്ഷണങ്ങൾ എല്ലാംതന്നെ ഇല്ലാതായി. ഡോക്ടർ പറഞ്ഞതനുസരിച്ച് 17 ദിവസം കഴിഞ്ഞപ്പോൾ ക്വാറന്റൈനെയ്‌നിൽ നിന്നും പുറത്തുവന്നു. പക്ഷെ ക്ഷീണം വല്ലാതെയുണ്ട്. അതിന് ഇനി മൾട്ടി വിറ്റാമിനുകളും പോഷകസമൃദ്ധിയുള്ള ഭക്ഷണവും തന്നെ ആശ്രയം.


ദിവസത്തിൽ മൂന്ന് തവണ ആവിയെടുക്കൽ തുടരുന്നു, ചൂടുവെള്ളം കുടിക്കലും തുടരുന്നു. വാക്‌സിനേഷന്റെ ആദ്യത്തെ ഡോസ് എടുത്തിരുന്നത് ഗുണകരമായി എന്ന് വിശ്വസിക്കുന്നു.


വളരെ അത്യാവശ്യമായ ഒന്നാണ് പരിഭ്രാന്തരാവതിരിക്കുക (panic) എന്നത്. ശ്വാസം മുട്ടുന്നുണ്ടോ എന്ന് ചിന്തതന്നെ ശ്വാസം മുട്ടിക്കും എന്നതാണ് സത്യം.


ഈ ദിവസങ്ങളിൽ ഞാൻ ടിവി ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഒരൊറ്റ വാർത്താചാനലുകൾക്കും പോസിറ്റീവ് വാർത്തകൾ നൽകാൻ അറിയില്ലെന്ന് മനസ്സിലായി. ശ്വാസം കിട്ടാതെ ഹോസ്‌പിറ്റൽ ബെഡ്‌ നോക്കി നടക്കുന്നവരുടെ ചിത്രങ്ങൾ മാത്രം കാണിച്ചുകൊണ്ടിരിക്കുക. മരിച്ചവരുടെ ബന്ധുക്കളുടെ ആർത്തനാദങ്ങൾ. ഈ വാർത്തകൾ കാണുന്ന ഏതൊരാളും കോവിഡ് ഇല്ലെങ്കിൽ കൂടി പരിഭ്രാന്തരാവും. ചില സത്യങ്ങൾ അപ്രിയമാവുമ്പോൾ അത് കേൾക്കാതിരിക്കുന്നതാണ് നല്ലത്. ആദ്യമായി ടിവി ഓൺ ചെയ്തത് മെയ് രണ്ടാം തിയ്യതി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ അന്നാണ്.


യോഗ ജീവിതചര്യയാക്കണം എന്ന് ആഗ്രഹിക്കുന്നു.


ഇരട്ട മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസർ എപ്പോഴും കൂടെ വെയ്ക്കുക. പറ്റുന്നതും തിക്കും തിരക്കുമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക. ദിവസത്തിൽ ഒരിക്കലെങ്കിലും ആവിയെടുക്കാൻ ശ്രമിക്കുക, വാക്‌സിനേഷൻ വൈകാതെ എടുക്കുക. കോവിഡ് ആർക്കും എപ്പോഴും വരാം, കരുതലാണ് വേണ്ടത്, വന്നാൽ അതിനെ നേരിടാനുള്ള മനഃശക്തിയും.


ഗിരി ബി വാരിയർ

ഗീതാഞ്ജലി തലോർ (ത്രൈലോക്യമംഗലം വാരിയം)8 views0 comments

Comments


bottom of page