top of page

എന്നാലും എന്റെ സിരി

എന്നാലും എന്റെ സിരി...

(ചെറ്യേ നർമ്മഭാവന | ഗിരി ബി വാരിയർ)

"ചായ മേശപ്പുറത്ത് അടച്ചുവെച്ചിട്ടുണ്ട്, വേണമെങ്കിൽ എടുത്തുകഴിച്ചോളു". ബെഡ്‌റൂമിൽ നിന്നും രശ്മി പറയുന്നത് ഒരു അശരീരി പോലെ കേട്ടു.


ശ്ശെടാ ഇതെന്തുപറ്റി. പുതിയ ഐഫോൺ വന്നതുമുതൽ രശ്മിയുടെ മുഖം കടന്നൽ കുത്തിയപോലെയാണല്ലോ. ഇന്നലെ അൻപതാം പിറന്നാൾ പ്രമാണിച്ച് രശ്മി തന്നെ സമ്മാനിച്ചതാണ് പുതിയ ഐഫോൺ.


കുളിച്ച് വസ്ത്രം മാറ്റി ചായകുടിച്ച് വായനശാലയിലേക്ക് പോയി. അവിടെ പുതിയതായി വന്ന കളക്ഷനിൽ നിന്നും ഒരു പുസ്തകം എടുത്തു, തിരിച്ചുവരുമ്പോൾ ശ്രീകൃഷ്ണയിൽ കയറി പരിപ്പുവടയും വാങ്ങി. പുസ്തകവും പരിപ്പുവടയും രശ്മിയുടെ വീക്നെസ് ആണെന്നറിയാം.


"ഈ രണ്ടുംകെട്ട സമയത്ത് നിങ്ങൾക്ക് പരിപ്പുവട തിന്നാണ്ടെ, ഓ അവള് പറഞ്ഞുകാണും." ആര് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സംഘർഷാവസ്ഥ ഒഴിവാക്കാൻ ആ ചോദ്യം വേണ്ടെന്നുവെച്ചു.


അപ്പോഴാണ് ഓർത്തത് ഇന്നലെ ജോലി കഴിഞ്ഞുവരുമ്പോൾ അയല്പക്കത്ത് പുതുതായി താമസിക്കാൻ വന്ന സിസിലി ടീച്ചറോട് പടിക്കൽ നിന്ന് സംസാരിച്ചത് രശ്മി കണ്ടുകാണും. അല്ലെങ്കിലും ഞാൻ ഏതെങ്കിലും സ്ത്രീകളോട് സംസാരിക്കുന്നത് കണ്ടാൽ അവൾ നാഗവല്ലിയാവും, ഞാൻ വിഷാദനായകൻ വേണു നാഗവള്ളിയും.


ഇറയത്ത് അമ്മയിരുന്ന് നാമം ചൊല്ലുന്നുണ്ടായിരുന്നു. രശ്മി സാധാരണയായി അമ്മയോട് ഒന്നും മറച്ചുവെക്കാറില്ല. പക്ഷെ ഇന്ന് അമ്മയുടെ മുഖത്തും തെളിച്ചമില്ല.


"അല്ല അമ്മെ, എന്ത് പറ്റി, ആകെ കൂടെ ആകാശം മേഘാവൃതമാണല്ലോ? മരുമോളെ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിക്കുകയെങ്ങാനും ചെയ്‌തോ ? അവളാകെ ചൂടിലാണല്ലോ?" ഒരു തമാശ മൂഡ് ഉണ്ടാക്കാൻ ശ്രമം നടത്തിനോക്കി.


"അവള് മാത്രമല്ല, ഞാനും ചൂടിലാണ്, സത്യം പറയ്, നീ വീണ്ടും ആ സെറിനുമായി ചുറ്റിക്കളി തുടങ്ങി അല്ലെ. വീട്ടില് തങ്കംപോലത്തെ ഒരു ഭാര്യയുള്ളപ്പോ വയസ്സാംകാലത്ത് ഒരു ക്രിസ്ത്യാനിപ്പെണ്ണിന്റെ പിന്നാലെ നടക്കാൻ നാണല്ല്യേ നെനക്ക് ?" അമ്മ അടൂർ ഭവാനിയുടെ റോൾ എടുത്തു.


"സെറിനോ ? ഏത് സെറിൻ ?"


"അയ്യോ അറിയാത്തപോലെ, നമ്മുടെ പണ്ടത്തെ അയല്പക്കം സെറിനെ നിനക്കോർമ്മയില്ല അല്ലെ"


"ഓ. അവളോ, ഞാൻ അവളെ കണ്ടിട്ട് തന്നെ വർഷങ്ങളെത്രയായി"


അമ്മ വിഷയമെടുത്തിട്ടപ്പോൾ അടുക്കളയിൽ നിന്നും രശ്മി ഓടിയെത്തി.


"കണ്ടുവെന്ന് ഞാനും പറഞ്ഞില്ലല്ലോ. ഇന്നലെ രാത്രി മുതൽ ഫോണിൽ അല്ലെ ശൃംഗാരം. ആരും കാണില്ലെന്നാണ് വിചാരം. ഫോൺ സമ്മാനിച്ചത് ഞാൻ എന്നിട്ട് ശൃംഗരിക്കാൻ അവളും. മോൾക്ക് പതിനഞ്ച് വയസ്സായി, എന്റെ ഭഗവതി, ഈ മനുഷ്യനെ കണ്ടിട്ടാണല്ലോ അവളും വളരുന്നത്"

"എടി, നീയ്യാണേ സത്യം, നമ്മുടെ മോളുട്ടിയാണേ സത്യം. ഞാൻ സെറിനെ കണ്ടിട്ടും ഇല്ല ഫോണിൽ സംസാരിച്ചിട്ടും ഇല്ല"


"ഇന്നലെ പുതിയ ഫോൺ വാങ്ങി ബെഡ്റൂമിന് പുറത്തെ ബാൽക്കണിയിൽ ഇരുന്ന് പതിഞ്ഞ ശബ്ദത്തിൽ "സിരി..സിരി.. സിരി കാൾ ബോസ്" എന്നൊക്കെ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. നിങ്ങൾ സെറിനെ സിരിയെന്നാണ് വിളിക്കാറുള്ളത് എന്ന് ഞാൻ അറിയില്ലെന്ന് കരുതിയല്ലേ."


അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്. പുതിയ ഐഫോണിൽ സിരി വോയ്‌സ് അസിസ്റ്റന്റ് ആപ്പ് സെറ്റിങ്ങ് നടത്തിയതാണ് ഇപ്പോൾ പുലിവാലായത്. എന്തായാലും കാര്യങ്ങൾ മനസ്സിലായപ്പോൾ അമ്മയും രശ്മിയും ചെറുതായി ചമ്മിപ്പോയത് പോലെ തോന്നി.


"ഏട്ടാ. ആ സിരി എന്നത് മാറ്റി രാച്ചി എന്നാക്കാൻ പറ്റുമോ" കിടക്കാൻ നേരത്ത് രശ്മി ചോദിച്ചു.


"നാളെ ആപ്പിൾ കമ്പനിക്കാരോട് ചോദിച്ചിട്ട് പറയാം" എന്നു ആശ്വാസം കൊടുത്തപ്പോൾ രശ്മിക്ക് സമാധാനമായപോലെ തോന്നി..


അൻപതാം പിറന്നാളിന് ഓഫീസിലെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് സമ്മാനിച്ച ഗൂഗിൾ ഹോം സ്പീക്കർ ഇനി എങ്ങിനെ ഉപയോഗിക്കും എന്നതായിരുന്നു എന്റെ പ്രശ്നം, ആ കുന്ത്രാണ്ടമാണെങ്കിൽ "ഹലോ അലക്സാ" എന്ന് പറഞ്ഞാലേ എന്തെങ്കിലും അനുസരിക്കുകയുള്ളു. സെറിന്റെ അനുജത്തി അൽഫോൻസയെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നതും അലക്സ് എന്നാണ്.


കുതിരവട്ടം പപ്പുവിനെ മനസ്സിൽ ധ്യാനിച്ച് "പടച്ചോനെ ഇങ്ങള് കാത്തോളീൻ" എന്ന പാവനമന്ത്രം ഉരുവിട്ട് കണ്ണടച്ചുകിടന്നു.


ഗിരി ബി വാരിയർ

👌👏: warriers.org



86 views0 comments

Comments


bottom of page